എന്റെ പരിചിതലോകങ്ങളിൽ മുങ്ങിതപ്പിയാൽ കിട്ടുന്ന ആഴമുള്ള ഹൃദയബന്ധങ്ങൾ പുലർത്തിപ്പോന്ന വ്യത്യസ്തനായ ഒരു സർഗ്ഗധനനാണ് കാർത്തികേയൻ മാഷ്.

1978 മുതൽ ഇദ്ദേഹത്തിന്റെ വ്യക്തിത്വരശ്മികളുടെ വലയം എന്റെ യാത്രാപടവുകളെ അകമ്പടിസേവിച്ചിരുന്നതായി ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കേരളവർമ്മയുടെ ലതാവൃതമായ ചുമർക്കെട്ടുകൾക്കുള്ളിലുണ്ടായിരുന്നതിനേക്കാൾ പുറംവാതിലുകളുടെ വിശാലമായ ആകാശങ്ങൾക്ക് കീഴെവെച്ചായിരുന്നു.

തികഞ്ഞ സൂക്ഷ്മാന്വേഷിയും സുതാര്യഹൃദയനുമായ മാഷുടെ സാംസ്കാരിക സദസ്സുകൾ എനിക്ക് എക്കാലത്തും ഹൃദ്യവും,വിജ്ഞാന വിഭവവുമായിരുന്നതുകൊണ്ട് അനുവദിക്കുന്ന സാഹചര്യങ്ങളിൽ അവസരങ്ങൾ പാഴാക്കാൻ ഞാൻ മുതിരാറില്ല. നിരർഗളമായ വാക്ചാതുരിയുടെ ഔഷധമഹിമ

എന്നിലെ തമസ്സിന്റെ ശോഷണത്തിന് ഏറെ ഗുണകരമായി ഭവിച്ചിട്ടുണ്ടെ ന്നുമാത്രമല്ല,അറിവിന്റെ പുത്തൻ മഴവില്ലുകൾക്ക് ചിറകുകൾ പാകാൻ ഉത്തേജകമായി നിലകൊണ്ടിട്ടുമുണ്ട്.

കലാലയകാലശേഷം പ്രവാസജീവിതതാളങ്ങളിൽ അഭിരമിക്കാൻ വിധിക്കപ്പെട്ട എന്റെ തിരിച്ചുവരവിനുശേഷമുള്ള ജീവിതപരിസരങ്ങളിൽ മാഷുമൊത്തുള്ള നിറമുള്ള സന്ധ്യകൾ കാന്തിപൊഴിച്ചിരുന്ന ഓർമ്മകൾ ഇപ്പോഴും എന്നെ ഉന്മേഷഭരിതനാക്കുന്നു.

തേക്കിൻകാട്ടിലെസ്നേഹസായന്തനങ്ങൾ

തൃശ്ശൂർ തേക്കിൻക്കാട് മൈതാനിയിലെ ചരിത്രപ്രസിദ്ധമായ തെക്കേഗോപുരനടയുടെ ശബളിതമായ ഉയർന്നഭാഗത്ത് ഞങ്ങൾ ‘കേരളവർമ്മക്കാരു’ടെ ഒരു സംഗമസ്ഥാനം ഉണ്ടായിരുന്നു. വെയിലൊഴിഞ്ഞ, മഴയൊഴിഞ്ഞ സന്ധ്യകളായിരുന്നു ഞങ്ങളുടെ ചെറുസംഘം ഒരു അനുഷ്ഠാനം പോലെ അവിടെ സന്ധിക്കാറ്.

കാർത്തികേയൻ മാഷ്,തമ്പിമാഷ്, ടി.പി. സുധാകരൻ മാഷ്,

മുൻ എം. എൽ. എ.പി. ബാലചന്ദ്രൻ,

വിൻസെന്റ് പുത്തൂർ, ഈയുള്ളവൻ എന്നിവരായിരിക്കും പതിവ് സദസ്യർ. കൂട്ടത്തിൽ മറ്റ് പലരും വഴിതെറ്റിത്തെറിച്ചുംഅതിഥി സമാനരായും കുശല ഭാണ്ഡങ്ങളുമായി അവിടെ എത്തിച്ചേരാറുണ്ട്. മിക്കവാറും അന്നത്തെ രാഷ്ട്രീയ അന്യാ യങ്ങളും, സാഹിത്യവിശേഷങ്ങളും, പുസ്തകമഹിമകളും, കോളേജിൽ സംഭവിച്ച

ധർമച്യുതികളുമൊക്കെയായിരിക്കും അജണ്ട. പിന്നെ മേമ്പൊടിയായി മനുഷ്യസഹജമായ മാലേയനർമ്മം ചാർത്തിയ അൽപ്പം പരദൂഷണവും.

മിക്കവാറും ഞാനും മാഷുമായിരിക്കും അവസാനം പിരിയുന്നത്. സംഘശൂന്യത വരുന്ന നിമിഷങ്ങളിൽ മാഷുടെ സ്മരണകളിലെ ചില അതിജീവന ദുർഘടസന്ധികളിലൂടെ അദ്ദേഹം തുഴഞ്ഞ് നീങ്ങാറുണ്ട്. ബാല്യകാലം, പഠനകാലം, കുടുംബപശ്ചാത്തലം, നേരിടേണ്ടിവന്ന അവഹേളനങ്ങൾ, ഉള്ളിൽ തിരതല്ലിനിന്ന കിനാവുകളുടെ ആവേശങ്ങൾ തുടങ്ങി സ്വകാര്യമായ പലതും.

സ്വാനുഭവങ്ങളുടെ തീച്ചൂളചുമന്ന്

മാഷിന്റെ ആന്തരിക രാഗതേജസ്സുകളിൽ ശോകത്തിന്റെ ഒരു ഷഹനായ് സ്വരം ഒഴുകുന്നതായി അപ്പോഴൊക്കെ എനിക്ക് തിരിച്ചറിയാനായിട്ടുണ്ട്.

സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ എരിഞ്ഞുപൊന്തിയ പുകമേഘങ്ങളുടെ പെയ്ത്തിന്റെ നനവായിരിക്കാം അത്.

തേക്കിൻ കാടിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യവൈവിധ്യങ്ങളുടെ വ്യഥകൾ വിശാലമനസ്കതയോടെ തിരിച്ചറിയുകയും അതിൽ വേദനപൂണ്ട തന്റെ ഗതകാല താളങ്ങളെ അന്വേഷിക്കുകയും ചെയ്യുന്ന ഒരു നിശബ്ദബാലനെ ആ സമ്പന്നനിമിഷങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്.

അധ്യാപനം, സാമൂഹ്യ- സാംസ്കാരിക പ്രവർത്തനങ്ങൾ, വൈജ്ഞാനികാന്വേഷണങ്ങൾ, കവിമാനസന്റെ

അസ്വസ്ഥതകളിലെ കല്പനാതൽപ്പങ്ങൾ, സർവോപരി കുടുംബവിളക്കിൽ കരിന്തിരി പുകയാതിരിക്കാൻ സർവ്വാത്മനാ ധ്യാനസമാനതയിൽ ചരിക്കുന്ന കുടുംബനാഥൻ എന്നിവയിലൊക്കെ ഹൃദയസുതാര്യത കാത്തുസൂക്ഷിച്ച ഒരു ഗഹനപണ്ഡിതസമാനനായിരുന്നു കാർത്തികേയൻ മാഷ്. അദ്ദേഹത്തിന്റെ പുസ്തകോദ്യാനങ്ങളിലൂടെ ഒന്ന് കയറിയിറങ്ങിയാൽ ഇത് ബോധ്യമാകുന്നതാണ്.

ചരിത്രരചനയിൽ രചയിതാക്കൾ വികലമായി രേഖപ്പെടുത്തിയ പല കുറിപ്പുകളുടേയും വേരുകൾ തിരഞ്ഞ് ശുചീകരിച്ച് ജനസമക്ഷം സമർപ്പിച്ച അപൂർവ്വം എഴുത്തുകാരൻ കൂടിയാണ് മലയാളത്തിന്റെ ഷൊർണൂർ കാർത്തികേയൻ മാഷ് എന്ന് എത്രപേർ മനസ്സിലാക്കിയിട്ടുണ്ടെന്ന് റിസർച്ച് ചെയ്ത് കണ്ടുപിടിക്കേണ്ടതാണ്.

ശ്രീനാരായണ ചിന്തകളുടെ സാമൂഹ്യവും ആത്മീയവുമായ ലോകപ്രസക്തിയെ മനനം ചെയ്യാനുള്ള വാതായനങ്ങൾ എനിക്ക് തുറക്കപ്പെട്ടതും മാഷിന്റെ ഈ തേക്കിൻകാട് പാഠങ്ങളുടെ ജ്ഞാനദാനങ്ങളിലൂടെ തന്നെയാണ്.

രോഗപീഡകളെ അവഗണിച്ച തൂലിക

“ആകസ്മികതളുടെ പരമ്പരയാണ് എന്റെ ജീവിതം” എന്ന് ആവർത്തിക്കാറുള്ള മാഷിനോട് എനിക്ക് എതിരഭിപ്രായമുണ്ട്. കാരണം, വ്യക്തമായ ലക്ഷ്യബോധവും, ശ്രേഷ്ഠമായ കഠിനാധ്വാനവും,വിശ്രമമില്ലാത്ത ധാർമികതയിലൂന്നിയ മനന പ്രക്രിയകളുമാണ് കാർത്തികേയൻ മാഷുടെ സൗന്ദര്യ ധാമങ്ങൾക്ക് ഹേതുവായി തീർന്നത് എന്ന് ഞാൻ കരുതുന്നു.

ജീവിതത്തിൽ ഒരിക്കൽ പോലും ലഹരി രുചികൾ അനുഭവിച്ചറിയാൻ മുതിർന്നിട്ടില്ലാത്ത ഈ സത്യാന്വേഷിയെ തേടിവന്നതോ ലഹരിപ്രിയരിൽ

അതിഥിയായെത്താറുള്ള അസുഖവും. ഉത്തരങ്ങൾ വെളിപ്പെടുത്താതെ സചേതനമായൊഴുകുന്ന കാലത്തിന്റെ തോന്നിവാസങ്ങളെ പഴിക്കുകയല്ലാതെ നാമെന്ത് ചെയ്യും.

മാഷിന്റെ ജ്ഞാനപ്രസാദം തേടിയെത്തുന്ന ശിഷ്യഗണങ്ങളുടെ സ്നേഹാമൃതവും രുചിച്ച് രോഗപീഡയുടെ ആസ്വസ്ഥതയിൽ നിന്ന് മനസ്സിനെ ഒഴിവാക്കി പൂർവാധികം ഊർജ്ജസ്വലതയോടെ പുസ്തകരചനകളിൽ മുഴുകി തന്റെ രചനാലക്ഷ്യമായ നൂറ് പുസ്തകങ്ങൾ തികയ്ക്കാനുള്ള തിടുക്കവുമായി തൂലിക മീട്ടുന്നതിനിടയിലാണ് ഈ വിയോഗം.

സാഹിത്യത്തിന്റെ ഗഗനവീഥികളിൽ

ഷൊർണുർ കാർത്തികേയൻ മാഷുടെ അക്ഷരനക്ഷത്രങ്ങൾ എന്നെന്നേക്കുമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും എന്ന കാര്യത്തിൽ രണ്ടുപക്ഷങ്ങൾ ഉണ്ടാകില്ലെന്ന് വിശ്വസിക്കാനാണ് ഈ വിദ്യാർഥിക്ക് ഇഷ്ടം.

ജയരാജ്‌ പുതുമഠം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *