രചന : ആർച്ച ആശ ✍️
രാത്രിയോരോന്നും
വേദനകൾക്ക്
വിളനിലമാകുന്നുണ്ട്.
നിദ്രയകന്നൊരു
നേരത്തിന്
കൂട്ടായി
കെട്ടുപൊട്ടിയ
ഓർമ്മകൾപോലെ
കാറ്റിൻ കൈകൾ തട്ടി
പൊട്ടിവീണ
മഴത്തുള്ളികൾ മാത്രം.
ഇരുളിലാകെ
പിടയുന്നുണ്ട്
പൊള്ളലേറ്റൊരു
ഹൃദയം.
വഴിയാകെ
മൗനമാണെങ്കിലും
അന്നൊരിക്കൽ
പറഞ്ഞുപോയ
മൊഴികളൊക്കെ
തലമേലെ
നിഴൽ വിരിക്കവേ
പുലരിയൊന്നിൻ
കനിവ് തേടി
ഇന്നും തപസ്സിലാണ്
കനവകന്ന്
കാർമുകിൽ മേഞ്ഞ
ആകാശം പോലെ
ഒരു മനസ്സ്.
കാട് കേറിയ
ചിന്തകൾക്കിടയിൽ
ഇടയ്ക്കെപ്പോഴോ
കാതോർക്കുന്നുണ്ട്
പ്രിയമുള്ളൊരാളിൻ
പദനിസ്വനം.
