രചന : സുജിമോൾ മാരാരി ✍️
തനിച്ചായി പോകുന്നോർ
കുടുംബത്തിന്റെ വിളക്കിന്
എണ്ണയായി തീർന്ന ചില മനുഷ്യരുണ്ട്
സ്വന്തം വെളിച്ചം
എപ്പോഴോ കെട്ടുപോയതറിയാതെ
മറ്റുള്ളവരുടെ രാത്രികളെ
പ്രകാശിപ്പിച്ചവർ.
അവരുടെ സ്വപ്നങ്ങൾക്ക്
അടുക്കളയുടെ പുകയുണ്ടായിരുന്നു,
അവരുടെ ആഗ്രഹങ്ങൾക്ക്
കുട്ടികളുടെ ചിരിയുടെ പേരായിരുന്നു,
അവരുടെ യാത്രകൾ
കുടുംബത്തിന്റെ ആവശ്യങ്ങളിലേക്കുള്ള
ചെറിയ നടപ്പാതകൾ മാത്രമായിരുന്നു.
സ്വന്തമായി എന്തെങ്കിലും വേണമെന്ന്
അവർ ഒരിക്കലും വാശിപിടിച്ചില്ല;
ഒരു നല്ല വസ്ത്രം,
ഒരു ദൂരയാത്ര,
ഒരു നിമിഷം തങ്ങൾക്കായി,
എല്ലാം
“പിന്നെയാകാം എന്ന് പറഞ്ഞ്
ജീവിതത്തിന്റെ അലമാരയിൽ
മടക്കി വെച്ചു..
അങ്ങനെ
“പിന്നെ എന്നൊരു വാക്കിനുവേണ്ടി
ഒരു ജീവിതം മുഴുവൻ കാത്തുനിന്നവർ…
ഒടുവിൽ
കുട്ടികൾ വളർന്നു,
വീടുകൾ വലുതായി,
മുറികൾക്ക് പുതിയ ആളുകളായി,
പക്ഷേ
അവർക്കായി മാറ്റിവെച്ചിരുന്ന
ഒരു കസേര മാത്രം
കാലിയായി.
ഒരിക്കൽ
അവരുടെ കൈപിടിച്ച് നടന്നവർ
ഇന്ന് സ്വന്തം വഴികളിലാണ്.
അവർക്ക് വേണ്ടി
ഉറങ്ങാതെ കാത്തിരുന്ന രാത്രികൾക്ക്
ഇന്ന് കൂട്ടായി
ഒരു മതിൽ മാത്രം.
ഫോണിന്റെ മറുവശത്ത്
“സമയം കിട്ടുമ്പോൾ വിളിക്കാം
എന്നൊരു വാഗ്ദാനം;
വാതിലിന്റെ മറുവശത്ത്
“ഇന്ന് വരാൻ പറ്റില്ല”
എന്നൊരു നിശ്ശബ്ദത.
അപ്പോഴാണ് അവർ തിരിച്ചറിയുന്നത്
കുടുംബത്തിനുവേണ്ടി
ജീവിതം മാറ്റിവെച്ചപ്പോൾ
തങ്ങളെത്തന്നെ
എവിടെയോ വഴിയിൽ
വിട്ട് വന്നുവെന്ന്.
എങ്കിലും
അവരെ ദയയോടെ നോക്കേണ്ട.
അവർ
ആരുടേയും ഭാരമല്ല;
ഒരിക്കൽ
ഒരു വീടിന്റെ മുഴുവൻ തണലായിരുന്നവർ.
അവരുടെ ചുളിവുകളിൽ
ഒരു കുടുംബത്തിന്റെ ചരിത്രമുണ്ട്,
കൈകളിലെ പരുക്കുകളിൽ
ഒരുപാട് സ്വപ്നങ്ങളുടെ വിലയുണ്ട്,
മൗനത്തിൽ
പറയാതെ പോയ ആയിരം കഥകളുണ്ട്.
അതുകൊണ്ട്
തനിച്ചായിപ്പോയ മനുഷ്യനോട്
“നിനക്ക് ആരുമില്ലല്ലോ”
എന്ന് പറയരുത്.
അവർ
ഒരുപാട് പേർക്ക്
“എല്ലാമായിരുന്നു” എന്നതിന്റെ
അവസാന സാക്ഷിയാണ്.
അവരോട് പറയുക
“ഇനി കുറച്ചെങ്കിലും
നിനക്കായി ജീവിക്കൂ…
നീ മറ്റുള്ളവർക്കായി
മുഴുവൻ ജീവിതവും
കടം കൊടുത്തുകഴിഞ്ഞു.
കാരണം
ജീവിതം മുഴുവൻ
മറ്റുള്ളവർക്കായി കത്തിയ
ഒരു മെഴുകുതിരിക്ക് പോലും
ഒരിക്കൽ
സ്വന്തം ഇരുട്ടിൽ
സ്വന്തം വെളിച്ചം
അവകാശപ്പെട്ടതായിരുന്നു.
