രാത്രിതൻ മാറിൽ മയങ്ങുന്ന നേരം
കാതിലായി പെയ്യുന്ന നിഷ്ഠൂര ശബ്ദം
നിശ്ശബ്ദതതൻ കവിളുകളിൽ തട്ടി
ഉറക്കത്തെ നിഷ്കരുണം കൊത്തിപ്പറിക്കും.
​എവിടെയോ ഇരുട്ടിൽ ഒളിച്ചിരുന്നുകൊണ്ട്,
പാട്ടെന്ന പേരിൽ പടർത്തുന്ന ശല്യം
മറ്റുള്ളോർ തൻ സുഖസൗഖ്യങ്ങളെല്ലാം
ചുട്ടു കരിച്ചതിൽ ആനന്ദമേൽപ്പിക്കും.
​ചില മനുഷ്യരുമുണ്ട് ഈ മണ്ണിൽ
ചീവീടിൻ സ്വഭാവം തലയിലേറ്റിയോർ
മറ്റുള്ളോർ ചിരിക്കുന്നത് കാണുമ്പോൾ
ഉള്ളിൽ കനലെരിഞ്ഞു നീറുന്ന കൂട്ടർ.
​സ്നേഹത്തിൻ പുഞ്ചിരി മുഖത്തു അണിഞ്ഞും
വാക്കിൽ വിഷത്തിൻ തുള്ളികൾ വീഴ്ത്തിയും
സന്തോഷങ്ങളെ വെട്ടിമുറിച്ചു മാറ്റി
വികൃതമാം തൃപ്തിയിൽ ആറാടുമവർ.
​ഇരുളിൻ ആഴത്തിൽ മറഞ്ഞിരുന്ന്
ഇരുട്ടുതിന്ന് മനം നിറഞ്ഞവരിവർ
ചീവീടിൻ നിർത്താത്ത കരച്ചിൽ പോലെ
എന്നിലെ സ്വസ്ഥത നശിപ്പിച്ച് രസിച്ചിടുന്നു.

കുര്യൻ വൈദ്യൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *