ആറ് പതീറ്റാണ്ടായി നമ്മുടെ ജീവിത വഴിത്താരയിൽ നിത്യസാന്നിധ്യമായി ഗാനവസന്തം പൊഴിച്ച കാലതേജസ് മറഞ്ഞുപോയിരിക്കുന്നു. തലമുറകളെ പാടിയുറക്കിയ മധുരഗാനങ്ങളുടെ വിസ്മയ ഗായികയാണ് മാഞ്ഞുപോയിരിക്കുന്നത്.
ഏതുഭാഷയിൽ പാടിയാലും അവരുടേതെന്ന് ധ്വനിപ്പിക്കുന്ന സൂക്ഷ്മനിരീക്ഷണവിദ്യ സ്വായത്തമാക്കിയ വാനമ്പാടിയായിരുന്നു
ഈ മഹാ പ്രതിഭ.ആദ്യചിത്രമായ ‘വിധിയിൻ വിളയാട്ടിൽ’ എന്ന തമിഴ് ചിത്രത്തിൽ തുടങ്ങിയ ആലാപനത്തിന്റെ അലകൾ.

20 ലേറെ ഭാഷകളിലൂടെ യാത്രതുടർന്ന് 48,000ത്തിലധികം ഗാനങ്ങൾ സമ്മാനിച്ചുകൊണ്ടാണ്
സംഗീതചക്രവർത്തിനിയായിരുന്ന ഈ അമ്മ നമ്മെ പിരിഞ്ഞുപോയിരിക്കുന്നത്.
മനുഷ്യഭാവങ്ങളെ മാന്ത്രിക വികാരത്തോടെ പാടി ഫലിപ്പിച്ച ഈ ഗായിക ക്ലാസിക്കൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെന്നത് അത്ഭുതത്തോടെയല്ലാതെ സംഗീതലോകത്തിന് കാണാനാകില്ല.
14 തവണ കേരള സംസ്ഥാന പുരസ്‌കാരം. 4 തവണ ദേശീയപുരസ്‌കാരം. 7 തവണ തമിഴ്നാട് സംസ്ഥാന അവാർഡ് എന്നിവ നേടിയിട്ടുള്ള വ്യക്തികൂടിയാണ് ഈ ഗായിക.
ഏത് ഗാനമേളകളിൽ ശ്രോതാവായി പോയാലും, ഏത് മത്സരസദസ്സുകളിൽ കാതോർത്ത് നിന്നാലും,

ഏത് സുഹൃദ്ക്കൂട്ടങ്ങളുമായി സല്ലാപത്തിൽ ഏർപ്പെട്ടാലും അവിടെയെല്ലാം ജാനകിയമ്മയുടെ ശബ്ദനിഴലിന്റെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നത് നിത്യ കാഴ്ചകളായിരുന്നു.
ഹൃദയാഴങ്ങളിൽ ശ്രുതുചേർത്ത
അനശ്വര ഗീതങ്ങൾ
‘ഭാർഗ്ഗവി നിലയത്തിലെ’ “പൊട്ടിതകർന്ന കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല് കെട്ടി ഞാൻ…” ‘മദനോത്സവ’ത്തിലെ “സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ…”
“ഉണരൂ വേഗം നീ സുമറാണീ…”, “നാഥാ നീവരും കാലൊച്ച കേൾക്കുവാൻ…”
“ഇളം മഞ്ഞിൻ കുളിരുമായൊരു”,
“മിഴിയോരം നനഞ്ഞൊഴുകും…” എണ്ണിയാലൊടുങ്ങാത്ത ഗാനതരംഗങ്ങൾ മിന്നിമറയുന്നു ഓർമ്മകളിൽ.

2013 ൽ പത്മഭൂഷൻ ലഭിച്ചെങ്കിലും ചില കാരണങ്ങളാൽ ആ ബഹുമതി നിരസിക്കുകയായിരുന്നു ബഹുമതികൾക്കപ്പുറം വളർന്നിരുന്ന ആ കോകിലം.
ഇന്ന് ചില മലയാളി ഗായികമാരുടെ മലയാളം പാട്ട് കേൾക്കുമ്പോൾ പാടുന്നത് മലയാളിയാണോ അതോ മറ്റേതെങ്കിലും ജനുസ്സിൽ പിറന്നവളാണോ എന്ന് സംശയിക്കുന്ന അവസ്ഥ ഉള്ളപ്പോൾ മലയാളിയല്ലാത്ത ജാനകിയമ്മ പാടുമ്പോൾ മലയാളിയല്ലെന്ന് തോന്നാത്ത രീതിയിലായിരുന്നു ആലാപന മേന്മ.
“തൊണ്ടകൊണ്ടായിരുന്നില്ല ഹൃദയം കൊണ്ടായിരുന്നു അവർ പടിയിരുന്നത്”
എന്ന് ഗാനനിരൂപകൻ രവിമേനോൻ പറയുന്നത് പൂർണ്ണമായും ശരിതന്നെ.
കൊച്ചുകുട്ടിയുടെ സ്വരത്തിലായാലും, ശാസ്ത്രീയസംഗീതസ്വരങ്ങളുടെ ഭാവത്തിലായാലും ജാനകിയമ്മയ്ക്ക് വഴങ്ങാത്ത ഒരു സംഗീതശൈലിയും ഉണ്ടായിരുന്നില്ല.
പ്രശസതരായ ഒട്ടുമിക്ക സംഗീത സംവിധായകരുടേയും ഈണങ്ങളിൽ ശബ്ദം ചേർക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഈ ഗായികയുടെ സ്വരലാവണ്യത്തിൽ ഗാനം ചിട്ടപ്പെടുത്തുവൻ കൊതിക്കാത്ത സംഗീതസംവിധായകരും ഇല്ലായിരുന്നു എന്നതും തെന്നിന്ത്യൻ സംഗീതലോകത്ത് ഏവരെയും വിസ്മയിപ്പിച്ച ഒരു അറിവായിരുന്നു.

ഒരുവട്ടം കൂടിയെൻ ഓർമ്മകളിൽ
നൊന്തൊഴുകുന്നു
“ഇരു കണ്ണീർത്തുള്ളികൾ ഒരു സുന്ദരിയുടെ കരിമിഴികളിൽ വെച്ച് കണ്ടുമുട്ടി”
ഇരുട്ടിന്റെ ആത്മാവിലെ ഈ ഗാനം ഭാസ്കരൻ മാഷിന്റെ
രചനാകാന്തികൊണ്ടും ബാബുരാജിന്റെ സംഗീതമന്ത്രികതകൊണ്ടും കാലാതീതമായ ശോഭ ആവോളം പരത്തുന്നുണ്ടെങ്കിലും ജാനകിയമ്മയുടെ ആലാപനസൗകുമാര്യം കൊണ്ടുകൂടിയാണ് അതിന് അനശ്വരത കൈവന്നത് എന്ന് വിശ്വസിക്കാനാണ് എനിക്ക് താൽപ്പര്യം.
ഏത് തലമുറയ്ക്കാണ് മഹനീയമായ ഈ ഗാനാലാപനം മറക്കാനാവുക.

‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രത്തിലെ
“താമര കുമ്പിളല്ലോ മമ ഹൃദയം അതിൽ താതാ നിൻ സംഗീത മധു പകരൂ…”
“കവിളത്ത് കണ്ണീർ കണ്ട് മണിമുത്താണെന്നു കരുതി…” യും,”നിദ്രതൻ നീരാഴി നീന്തി കടന്നപ്പോൾ സ്വപ്നത്തിൻ കളിയോടം കിട്ടി…” യതും ആദ്രമായ ഹൃദയാരാമത്തിലെ അകത്തളങ്ങളിൽ അനശ്വരപുഷ്പങ്ങളായി നറുമണം വീശിക്കൊണ്ടിരിക്കുന്നത് ഇതിഹാസ തുല്യമായ ജീവിതം നയിച്ച ഈ ഗായികയുടെ അവതാരലക്ഷ്യത്തിന്റെ അടയാളങ്ങൾ തന്നെ.

ജയരാജ്‌ പുതുമഠം.

By ivayana