കരിയിലകൾ വീണു കിടക്കുന്ന
ഇടവഴി.. ഇരു വശങ്ങളിലും
ഇടത്തൂർന്നു നിൽക്കുന്ന
മരങ്ങൾ..കണ്ണെത്താദൂരത്തോളം
വിജനമായി കിടക്കുന്നഒരാൾക്ക് മാത്രം
കടന്നുപോവാൻ പറ്റുന്ന ഒറ്റയടിപാത ..
കാറ്റിൽ ആടിയുലയുന്ന മരങ്ങളുടെ
കൊമ്പുകൾ പരസ്പരം കൂട്ടിമുട്ടുമ്പോൾ
ഉണ്ടാവുന്ന ശബ്‌ദത്തിൽ അവൾ
ഞെട്ടിവിറച്ചു..
പിറകിൽ നിന്നാരോ വിളിച്ചതുപോലെ
പെട്ടന്നവൾ തിരിഞ്ഞു നോക്കി..
ആരെയും കണ്ടില്ല.
പേടികൊണ്ട് അവളുടെ തൊണ്ടയിൽ സങ്കടം കനത്തു..
രണ്ടടി നടന്നപ്പോൾ വീണ്ടും
പിറകിൽ നിന്നും ആരോ വിളിച്ചതുപോലെ
നിള തിരിഞ്ഞു നോക്കി..ആരെയും കാണുന്നില്ല.
മുന്നിലേക്ക്‌ തിരിഞ്ഞു നടക്കാൻ പേടി തോന്നി..
അവൾ പിന്നിലേക്ക്
തിരിഞ്ഞു നോക്കി മുന്നിലേക്ക്‌ നടന്നു..
പെട്ടന്ന് മുന്നിൽ
ആരുടെയോ കാൽപെരുമാറ്റം
നിള മുന്നിലേക്ക്‌ നോക്കി ആരെയും കാണുന്നില്ല..
നെറ്റിയിൽ നിന്നും വിയർപ്പ്കഴുത്തിലേക്ക് ചാലിട്ടൊഴുകി
തൊണ്ടവരണ്ടുണങ്ങി..
ഒരടി മുന്നിലേക്ക്‌ വെക്കാനാവാതെ
അവൾ നിന്നു..
ആരോ തന്റെ പിറകിൽ നിന്നുംതോളിലേക്ക് കൈവെച്ചു..
മരവിച്ച കൈത്തലം തോളിൽ അമർന്നപ്പോൾ നിള കണ്ണുകൾരണ്ടും
ഇറുക്കിയടച്ച്..ചെവികൾ പൊത്തി
അലറി വിളിച്ചു പക്ഷെ ശബ്ദം
വരുന്നില്ല..
തോളിലെ തണുത്തു മരവിച്ച കൈത്തലം
അവളിൽ ആഴ്ന്നിറങ്ങുന്നതു
പോലെ മുറുക്കി പിടിച്ചു..
മോളെ.. എവിടെ നിന്നോ
ഒരു വിളി..
ആ ശബ്ദം.. അമ്മ ..നിള അമ്മേയെന്ന് അലറി വിളിച്ചു കൊണ്ട്
തോളിൽ അമർന്ന കൈത്തലം
ശക്തിയോടെ തട്ടിയെറിഞ്ഞു..
അമ്മയുടെ ശബ്ദം കേട്ട ഇടം നോക്കി
സർവ്വശക്തിയുമെടുത്ത് ഓടി..
ചുറ്റും കൂടിനിന്ന ഡോക്ടർമാർസന്തോഷത്തോടെ
പരസ്പരം നോക്കി..
നിളയുടെ ബന്ധുക്കൾ..നേഴ്സ് പുറത്തേക്ക് വന്നു ചോദിച്ചു..
ഐ സി യു വിന്
മുന്നിൽ കൂടിനിൽക്കുന്നവർ
പറഞ്ഞു..
ഞങ്ങൾ നാട്ടുകാരാണ് ആ കുട്ടിക്ക് ആക്‌സിഡന്റ് പറ്റി എന്നറിഞ്ഞപ്പോൾ
വന്നവരാണ്..
ആ കുട്ടിക്ക് ബന്ധുക്കൾ എന്ന് പറയാൻ
ആകെ കൂടി അമ്മ മാത്രമേ ഉളളൂ..
മോൾക്ക്‌ ആക്‌സിഡന്റ് പറ്റി എന്നറിഞ്ഞപ്പോൾ ഇരുന്ന ഇരുപ്പാണ്
ആ അമ്മ.അവിടെ നിന്നും
പിന്നെ എഴുന്നേറ്റിട്ടില്ല..
ഇടക്ക് പ്രാർത്ഥനയും തേങ്ങികരച്ചിലും മാത്രം..
ഇപ്പോൾ രണ്ടു ദിവസമായി ഈ ഇരുപ്പ് ഇരുന്നിട്ട്..
ഞങ്ങൾ മാറി മാറി വിളിച്ചിട്ടും എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല..
അമ്മയോട് പറഞ്ഞോളൂ
മോൾ രക്ഷപെട്ടുവെന്ന്..
ആ കുട്ടി അപകടനില തരണം ചെയ്തു..
ഒട്ടും പ്രേതീക്ഷയില്ലായിരുന്നു..
നേഴ്സ് അതും പറഞ്ഞു തിരിച്ചു പോയി..
നാട്ടുക്കാരിൽ ആരൊക്കെയോ
നിശ്ചലമായി മുഖം പൊത്തിയിരിക്കുന്ന
അമ്മയുടെ അടുത്ത് ചെന്ന് വിളിച്ചു..
വിളികേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ
തോളിൽ പിടിച്ചു ശ്വാസം നിലച്ചു തണുത്ത മരവിച്ച ആ ശരീരം
നിലത്തേക്ക് ഊർന്നു വീണു..
വിജനമായ വഴിത്താരയിൽ ..
അമ്മ നിന്നു..പിറകിൽ നിന്നും
തണുത്തു മരവിച്ചകൈത്തലം തോളിൽ
പിടിമുറുക്കിയപ്പോൾ അമ്മ ഭയന്നില്ല..
മുന്നിലേക്ക്‌ ഓടി പോവുന്ന നിളയെ
നോക്കി അമ്മ പുഞ്ചിരിച്ചു…

By ivayana