1897ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന പ്രശസ്തമായ നോവലിലൂടെയാണ് ഡ്രാക്കുള എന്ന വാമ്പയർ പേടി സ്വപ്നം ആവുന്നത്.
മനുഷ്യരുടെ ചോര കുടിക്കുന്ന ഈ ഭീകരന് ഏറ്റവും പേടി വെളുത്തുള്ളിയാണ് എന്നാണ് കഥ.
ഇതൊരു വെറും കെട്ടുകഥയാണെന്ന് പറയാം. രാത്രികാലങ്ങളിൽ നമ്മുടെ കാതുകളിൽ വന്ന് മൂളുകയും നമ്മുടെ ചോര കുടിക്കുകയും ചെയ്യുന്ന ഡ്രാക്കുളയെക്കാൾ ഭീകര ചോരകുടിയന്മാർ നമുക്കുചുറ്റുമുണ്ട്. നമ്മുടെ കൊതുകുകൾ തന്നെ.
ഈ കൊച്ചു ഡ്രാക്കുളമാർക്കും വെളുത്തുള്ളി അങ്ങേയറ്റം പ്രശ്നമാണ് എന്നാണ് ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിരിക്കുന്ന ഏറ്റവും രസകരമായ കാര്യം.

തലമുറകളായി നമ്മൾ കേട്ടുവരുന്ന ഒരു കാര്യം, വെളുത്തുള്ളിക്ക് പ്രാണികളെയും കൊതുകുകളെയും അകറ്റാനുള്ള അപാരമായ കഴിവുണ്ടെന്ന് ആണ്. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് യേൽ സർവകലാശാലയിലെ ഗവേഷകര്‍ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. സെൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം ശരിക്കും കൗതുകകരമാണ്.
ഡ്രാക്കുളയെ തുരത്താൻ കുരിശും വെളുത്തുള്ളിയും ഉപയോഗിക്കുന്നത് പോലെ ഈ കൊച്ചു ചോരകുടിയന്മാരുടെ വംശം കുറ്റിയറ്റു പോകാനുള്ള ഒരു ഒന്നാംതരം കെണിയാണ് യഥാർത്ഥത്തിൽ വെളുത്തുള്ളി ഒരുക്കുന്നത്.

43 വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി നടത്തിയ വളരെ സൂക്ഷ്മമായ ഒരു പരിശോധനയിലാണ് ഗവേഷകര്‍ ഈ അസാമാന്യ കഴിവ് തിരിച്ചറിയുന്നത്.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ഡയലിൽ ഡൈസൾഫൈഡ് എന്ന സവിശേഷ സംയുക്തം പഴ ഈച്ചകൾ ഉറക്കരോഗം പരത്തുന്ന സെറ്റ്സെ ഈച്ചകൾ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ എന്നിവയുടെ ഇണചേരൽ പ്രക്രിയയെയും മുട്ടയിടലിനെയും പൂർണ്ണമായും സ്തംഭിപ്പിക്കുന്നുവെന്ന് അവർ കണ്ടെത്തി.

വെളുത്തുള്ളിയുടെ രൂക്ഷഗന്ധമാണ് ഈ ചോരകുടിയന്മാരെ അകറ്റുന്നത് എന്നാണ് നമ്മൾ ഇതുവരെ കരുതിയിരുന്നത്. ഇത് പരിശോധിക്കാൻ ഗവേഷകര്‍ വെളുത്തുള്ളി മിശ്രിതത്തിന് മുകളിൽ ഒരു ചെറിയ വല വിരിച്ചു. പ്രാണികൾക്ക് ഗന്ധം അറിയാമെങ്കിലും വെളുത്തുള്ളിയിൽ സ്പർശിക്കാനോ രുചിക്കാനോ കഴിഞ്ഞില്ല. അപ്പോൾ യാതൊരു കുഴപ്പവുമില്ലാതെ അവ ഇണചേരൽ തുടർന്നു. അതായത് ഗന്ധമല്ല മറിച്ച് വെളുത്തുള്ളിയുടെ രുചിയാണ് ഇവയെ തടയുന്നത്. കാലുകൾ കൊണ്ടും വായ്‌ഭാഗം കൊണ്ടും രുചിയറിയാൻ കഴിയുന്ന ഈ പ്രാണികൾ വെളുത്തുള്ളി രുചിക്കുമ്പോൾ അവയുടെ ശരീരത്തിലെ TrpA1 എന്ന പ്രത്യേക സെൻസറി റിസപ്റ്റർ പെട്ടെന്ന് ഉത്തേജിപ്പിക്കപ്പെടുന്നു.

ഇത് കണ്ടെത്താനായി ഈ റിസപ്റ്റർ ഇല്ലാത്ത പ്രാണികളിൽ പരീക്ഷണം നടത്തിയപ്പോൾ വെളുത്തുള്ളി അവരെ ഒട്ടും ബാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ഈ റിസപ്റ്റർ ഉത്തേജിപ്പിക്കപ്പെടുന്നതോടെ പ്രാണികളുടെ ജീനുകളുടെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. പ്രത്യേകിച്ച് പെൺ പ്രാണികളിൽ fit എന്ന് വിളിക്കുന്ന ഒരു ജീനിന്റെ പ്രവർത്തനം ക്രമാതീതമായി വർദ്ധിക്കുന്നു. ശരീരത്തിൽ പ്രോട്ടീൻ എത്തുമ്പോഴാണ് സാധാരണയായി ഈ ജീൻ ഉത്തേജിപ്പിക്കപ്പെടുന്നത്. വയറുനിറഞ്ഞ അവസ്ഥയിലുള്ള അതിശക്തമായ തോന്നൽ ഈ ജീൻ പ്രാണികളിൽ ഉണ്ടാക്കുന്നു.

വയർ വല്ലാതെ നിറഞ്ഞു എന്ന് ശരീരം തെറ്റിദ്ധരിപ്പിക്കുന്ന ഈ അതിഗംഭീര ജൈവിക തന്ത്രത്തിൽ പ്രാണികൾ പൂർണ്ണമായും വീണുപോകുന്നു. വയറുനിറഞ്ഞ മന്ദതയിൽ പിന്നെ ഇണചേരാനോ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനോ ഉള്ള യാതൊരു താല്പര്യവും ഈ യഥാർത്ഥ ചോരകുടിയന്മാർക്ക് ഉണ്ടാകില്ല. അങ്ങനെ അവയുടെ വംശവർദ്ധനവ് അവിടെവെച്ച് പൂർണ്ണമായും അവസാനിക്കുന്നു.
വിഷലിപ്തമായ രാസവസ്തുക്കളുടെ യാതൊരു ആവശ്യവുമില്ലാതെ തന്നെ പ്രാണികളെ വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്ന ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ പുതിയൊരു തലമുറ കീടനിയന്ത്രണ തന്ത്രങ്ങൾക്ക് ഈ സുപ്രധാനമായ കണ്ടെത്തൽ വഴിതുറക്കും.


സുരേഷ്‌കുട്ടി

By ivayana

Leave a Reply

Your email address will not be published. Required fields are marked *