രചന : റഫീഖ് പുളിഞ്ഞി ✍️
ആ വീടിപ്പോൾ
ഒരു വീടല്ല…
വെളിച്ചം വേരറ്റ
വിളക്കിന്റെ
നീണ്ട നെടുവീർപ്പാണ്.
അടുക്കളയിൽ
കലത്തിനടിയിൽ ഒട്ടിപ്പിടിച്ച
ഒരൽപ്പം കഞ്ഞിച്ചോറ്
ഇപ്പോഴും ഉണങ്ങാതെ കിടക്കുന്നു—
വിശപ്പല്ല അതിന്,
വിളമ്പിയ കൈയുടെ ഓർമ്മയാണ്.
ചുമരിൽ തൂങ്ങിയ
ഘടികാരം
സമയം പറയുന്നില്ല;
അമ്മ വീണുപോയ
ആ നിമിഷത്തെ
വീണ്ടും വീണ്ടും
ആണിയടിക്കുകയാണ്.
ഉമ്മറത്തെ ചൂൽ
മണ്ണ് തൂക്കാറില്ല ഇനി;
മുറ്റത്തു വീഴുന്ന
ഓരോ ഇലയും
അത് നെഞ്ചോടു ചേർത്ത്
കരയുകയാണ്.
അലമാരയുടെ
മൂന്നാമത്തെ തട്ടിൽ
മടക്കിവെച്ചൊരു മുണ്ട്—
അതിൽ ഇന്നും
ചന്ദനസോപ്പിന്റെ മണമല്ല,
ഒരു കുടുംബത്തിന്റെ
അവസാന സമാധാനമാണ്.
തുളസിച്ചട്ടിയിലെ
മണ്ണ് വരണ്ടിട്ടില്ല;
അമ്മ നനച്ച വെള്ളം കൊണ്ടല്ല,
അമ്മയെ തിരയുന്ന
സന്ധ്യകളുടെ
കണ്ണീർ കൊണ്ടാണ്.
കിണറ്റിലെ വെള്ളം
മുഖങ്ങൾ കാണിക്കുന്നില്ല;
കുനിഞ്ഞു നോക്കുന്ന
ഓരോ മകനോടും
ഒരു ചോദ്യം മാത്രം ചോദിക്കുന്നു—
നിന്റെ ദാഹം ഞാൻ തീർത്തു…
നിന്റെ അമ്മയുടെ ദാഹം
ആരാണ് തീർത്തത്?”
രാത്രിയാകുമ്പോൾ
വീടാകെ
കതകുകൾ അടയുന്നില്ല…
അമ്മയുടെ പേരെടുത്ത്
ആരെങ്കിലും വിളിക്കുമോ എന്ന്
കാറ്റ്
ഓരോ മുറിയിലും
പതുക്കെ നടന്നു നോക്കുന്നു.
ആ വീടിപ്പോൾ
ശൂന്യമല്ല…
അവിടെ
ഒരു അടുപ്പ്
പുകയില്ലാതെ കത്തുന്നു.
ഒരു കരണ്ടി
ചോറ് വിളമ്പാതെ
വിശക്കുന്നു.
ഒരു തലയിണ
തലവെക്കാൻ ആളില്ലാതെ
ഉറക്കമില്ലാതെ കിടക്കുന്നു.
