രചന : ഗിരിജാവാര്യർ ✍️
വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ മൗനത്തിന്റെ വ്യാഖ്യാനം നിങ്ങളറിയാറുണ്ടോ?
ചിലപ്പോഴൊക്കെ അതറിഞ്ഞുവരുമ്പോഴേക്ക് അവൾ ജീവിതത്തിൽനിന്നുമകന്നുപോകും, തിരിച്ചുപിടിക്കാനാകാത്തവിധം!!👇
ഇടറുന്നമൗനത്തിന്നിഴതേടി പോകുന്നോ –
രിടനെഞ്ചിൻതാളത്തിൽ ചേർന്നുനിൽക്കേ,
അലരിട്ടുനിൽക്കുമൊരായിരമാശതൻ
പുലരിപ്പൂവെട്ടം മനസ്സിനുള്ളിൽ
ഒരുവേള നിന്നുടെയാത്മഹർഷത്തിന്റെ
കരിമിഴിക്കോണിലെയഞ്ജനത്തിൽ
പിടയുന്ന വാക്കിലെ മൗനത്തിനാഴങ്ങൾ
തിരനീക്കിക്കാണാനുറിയാത്തതോ?
കരയുന്നകണ്ണിൽ നീയടവെച്ച ദുഃഖങ്ങൾ
ഇളമഞ്ഞിൻകുളിരായി ത്തീർന്നുവെന്നോ?
അവ നിന്റെ സ്വപ്നത്തിൽ ചിത തീർത്തൊരഗ്നിയിൽ
അറിയാതെ ചാരമായ് പോയതാണോ?
അരുമക്കിടാവിനെ ആലോലമാട്ടുമ്പോ-
ളകമെല്ലാം തൂത്തു തുടച്ചിടുമ്പോൾ,
അയയിൽ വിരിച്ചിട്ട തുണിയി,
ലടുക്കളപ്പണികളിൽ നിൻ മനം മുഴുകിടുമ്പോൾ
ഒരുനാളു ഓർത്തതില്ലോമനേ!നിൻമൗന –
കദനത്തിൻകാരണമാരായുവാൻ
അലരുകൾ വേർപെട്ടുപോകുന്ന നീറ്റലി –
ന്നിടയിലെ മാത്രയിൽ നീയെനിക്കായ്
കരുതിയ സമ്മാനമാണിതോ? വൈവശ്യ-
ച്ചുരുളിൽത്തിരതുള്ളും വേദനയോ?
അരികത്തണയുന്ന മൃത്യു തന്നാവേഗ –
മടരാടി തോൽപ്പിക്കാനെന്ന മട്ടോ?
അറിയില്ലയോമനേ! നിന്റെ യവസ്ഥയിൽ
പൊരിയുന്നു, നീറുന്നിതെന്റെ ജന്മം!
ഒരു മാത്രം മൗനം വെടിഞ്ഞു നീ എന്നോടൊ-
ന്നുരിയാടൂ നിന്നുടെയാശങ്കകൾ
മിഴിയൊന്നു നീട്ടു നീ, എൻ നേർക്കതിന്നായി
സകല പുണ്യങ്ങളും കാഴ്ചവെക്കാം!
നവനവമോഹം കൊരുക്കാം കിനാവിന്റെ-
യടരുകളെല്ലാം പകുത്തേകിടാം
പുതിയൊരു ജീവിതം നൽകാം നിനക്കായി –
ട്ടതുമാത്രമാണെന്റെ സാഫല്യവും!!

