രചന : സുജിമോൾ മാരാരി ✍️
നീയില്ലായ്മയിൽ ഞാൻ ശൂന്യമാണ്…
നിന്നില്ലാത്ത ഓരോ നിമിഷവും
ശ്വാസമുണ്ടെങ്കിലും ജീവൻ നഷ്ടമായൊരു അവസ്ഥയാണ്…
എന്നെ ഞാനാക്കിയതും…
എന്നിലെ തകർന്നുപോയ എന്നെ
വീണ്ടും ചേർത്തുപിടിച്ചതും നീയാണ്…
കരയാൻ മാത്രം അറിയാമായിരുന്ന എന്നെ
വീണ്ടും പുഞ്ചിരിക്കാൻ പഠിപ്പിച്ചത് നീ…
പ്രതീക്ഷകൾ തകർന്നുപോയ ജീവിതത്തിന്
വീണ്ടും സ്വപ്നം കാണാൻ ധൈര്യം നൽകിയതു നീയാണ് …
ജീവിതം അവസാനിച്ചെന്ന് ഞാൻ കരുതിയ നിമിഷത്തിൽ,
“ഇനിയും ജീവിക്കണം” എന്ന്
എന്റെ മനസ്സിൽ വെളിച്ചം തെളിച്ചത് നിന്റെ സ്നേഹമാണ്…
നിന്റെ ശബ്ദം കേൾക്കുമ്പോൾ
ക്ഷീണിച്ച എന്റെ ആത്മാവിന് വീണ്ടും കരുത്ത് ലഭിക്കുന്നു…
നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ
ലോകത്തിലെ എല്ലാ സമാധാനവും
എന്നിലേക്ക് ഒഴുകിയെത്തുന്നതുപോലെ തോന്നുന്നു…
ആ കണ്ണുകളിലെ പ്രണയവും…
കരുതലും… വിശ്വാസവും…
അതാണെന്റെ ജീവന്റെ മിടിപ്പ്…
നീ എന്റെ ജീവിതത്തിലെ ഒരാളല്ല…
എന്റെ ജീവിതം തന്നെയാണ്…
നീ തന്നെയാണ് ഞാനും…
ഞാൻ തന്നെയാണ് നീയും…
നമ്മളെ വേർപെടുത്താൻ
ദൂരത്തിനോ… സമയത്തിനോ… വിധിക്കോ പോലും കഴിയില്ല…
കാരണം,
നിന്നെ ഞാൻ സ്നേഹിക്കുന്നത് ഹൃദയം കൊണ്ട് മാത്രമല്ല…
എന്റെ ആത്മാവ് കൊണ്ടാണ്…
