രചന : സാഹിറ മുഹമ്മദ് റാവത്തർ ✍️
മുറ്റത്തെ തോട്ടത്തിൽ വെട്ടിയും
ചിക്കിയും പാടത്തും പറമ്പിലും ഓടിനടന്നവൾ വേല ചെയ്യൂ
ചിക്കെന്നടുത്തുവന്നൊന്നു ചിരിച്ചു
പട്ടിക്കും പൂച്ചയ്ക്കും പറവകൾക്കും
വീട്ടാളർക്കാകെയും അന്നമൂട്ടും
സ്നേഹപ്രകൃതിയാമെൻ ശൈലപുത്രി!
കുട്ടിക്കുറുമ്പുകൾ കാട്ടിടുന്നു മിണ്ടാതെ
താപസ്വിയെ പോലെ തനിച്ചിരുന്നു
ഓരോരോ സ്വപ്നങ്ങൾ കാണുമ്പോഴോ
കണ്ണിൽ തെളിയുന്നകനവിന്റെ നെയ്ത്തിരി
ലക്ഷ്യത്തിനായവൾ സർവ്വതും ത്യജിക്കുമ്പോൾ
കാണാമകണ്ണിൽ ഇവളല്ലേ ബ്രഹ്മചാരിണി !
വെല്ലുവിളികളിൽ പതറാതെയൊറ്റയ്ക്ക്
സ്ഥൈര്യത തൻ പര്യായമായി മാറിയോൾ
നോക്കിലും വാക്കിലും ധൈര്യം പകരുന്നു
കൂട്ടായി കൂടെയവൾ ചന്ദ്രഘണ്ടയായെന്നും
ഒപ്പമുണ്ടല്ലോ ഭയമേതുമില്ലാതെ
മുന്നാക്കം നിന്നു നയിക്കുവാനെൻ ദേവി!
വീടിൻറെ ആണിക്കല്ലായി വിളങ്ങുന്നോൾ
ആടിയുലയുമ്പോൾ അമരത്ത് കാണാം
ബ്രഹ്മണ്ഡം തൻകരത്തിൽ സുരക്ഷിതം
ആത്മവിശ്വാസത്താൽ പുഞ്ചിരിയോടെ
ഇച്ചെറു പ്രപഞ്ചത്തിൻ സൃഷ്ടാവിനെ പിന്നെ ,
കൂഷ്മാന്ധയെന്നല്ലാതെ എന്തു വിളിക്കാൻ?!
മക്കളെ പരിപാലിച്ചവരോടൊപ്പം വാഴും
ലോകത്ത് മാതാവും മക്കളും മാത്രമായൊരു
സുന്ദരലോകം തീർത്തതിവളല്ലേ സ്കന്ദമാതാ !
ലീലകൾ ഇവ്വണ്ണം വേഷപ്പകർച്ചയിൽ കാണുന്നവളിൽ !
സീമകൾ ലംഘിക്കും തിന്മകൾ കാണുമ്പോൾ
രൗദ്രയായി മാറുന്ന ഭാവമേ, കാളരാത്രി ..
ആരും കരുതാത്ത കാർവർണ്ണമായവൾ
ആരെയും തോല്പിക്കും കരുത്തുമവൾക്കുണ്ട്
ശാന്ത സ്വരൂപിണി ആവാൻ നിമിഷാർത്ഥം
വാത്സല്യത്തികവാർന്ന മഹാഗൗരി നീയേ
പുഞ്ചിരിച്ചാൽ നിലാത്തുണ്ടിറങ്ങുംപോൽ
അകവും പുറവുംപ്രകാശമയം !
സിദ്ധിയും ബുദ്ധിയും ഒന്നിച്ചു കാണുന്നു.
അനുഗ്രഹവർഷിണി ,ആത്മപ്രണയിനി
ആനന്ദരൂപിണി അമ്മയായ് വാത്സല്യമായ്
സിദ്ധിപ്രദായിനി , ബുദ്ധി പ്രദായിനി ഒപ്പമവൾ!
