രചന : ജാബി പാത്തൂർ ✍️ ✍️
കാറ്റിലുലയുന്ന നിലാവും
വിധികളിലെ വിചാരണകളും
സോഷ്യൽ മീഡിയയിലൂടെ
ഒഴുകിയെത്തുന്ന കോലാഹലങ്ങൾ… അതിനിടയിലും അഖിലിനെപ്പോലെയുള്ളവർക്ക്
നൽകുന്ന തത്വചിന്താപരമായ
ഉപദേശങ്ങൾ
“പോവുന്നവർ പോട്ടെ
ഇനി ആഘോഷിക്കൂ” എന്ന
ലാഘവത്തോടെയുള്ള വാക്കുകൾ.
എന്നാൽ ഇതിന്റെയെല്ലാം ആഴം
എത്രമാത്രം ക്രൂരമാണെന്ന് ആരും
ചിന്തിക്കുന്നില്ല എന്നത് ശെരിയല്ലേ..?
നമ്മുടെ ഹൃദയത്തോട് ചേർന്നുനിന്ന്
ജീവിതത്തിന്റെ പാതിവഴിയിൽ കൂട്ടായി
വന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ ശൂന്യത
മാത്രം അവശേഷിപ്പിച്ച് കടന്നുപോകുന്ന ആ
അവസ്ഥ അതത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ
പാകത്തിലുള്ളതല്ല ഒരു മനുഷ്യന്റെയും മനസ്സ്.
ദൂരെയിരുന്ന് കഥ കേൾക്കുന്നവർക്ക്
അതൊരു നേരമ്പോക്കോ ചർച്ചാവിഷയമോ
മാത്രമായിരിക്കാം. പക്ഷേ ആ ശൂന്യതയുടെ
കനൽ നേരിട്ടനുഭവിക്കുന്നവന്റെ നെഞ്ചിലെ
നീറ്റൽ ഇവിടെയൊരു വാക്കിലും അടങ്ങില്ല.
അതാണ് വിവാഹജീവിതം എന്ന ഇഴയടുപ്പം.!
പരസ്പരം അടുത്തറിഞ്ഞ് സ്വപ്നങ്ങളും
നിശ്വാസങ്ങളും പങ്കുവെച്ച് ഒന്നിച്ചു
കഴിഞ്ഞിരുന്ന ഒരാൾ ഒരു രാത്രിയുടെ
യാമങ്ങൾ പുലരും മുമ്പ് ഇനി അവളില്ല എന്ന
ചിന്ത നെഞ്ചിലേക്ക് ഇടിഞ്ഞുകയറുമ്പോൾ
ആ ആഘാതം എങ്ങനെയാണ് ഒരു നിമിഷം
കൊണ്ട് താങ്ങാനാവുക..?
ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും
അറിവില്ലായ്മയുടെ ചോദ്യങ്ങളും
ഒരു മുറിവുപോലെ ശരീരത്തിലൂടെ
ഇഴഞ്ഞുനീങ്ങുമ്പോൾ അതൊക്കെ
എങ്ങനെ ലാഘവത്തോടെ
കേട്ടിരിക്കാൻ സാധിക്കും..?
ഓരോ മനുഷ്യനും സ്വതന്ത്രരാണ്
അവർക്ക് സ്വന്തം വഴികൾ
തിരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ട്.
ശരിയാണ്. ഈ ഒരവസ്ഥയിലേക്ക്
എത്തിപ്പെട്ടാൽ മനസ് വല്ലാതെ തകർന്ന്
പോകും ആ തീച്ചൂളയിലൂടെ
കടന്നുപോകുന്നവന്റെ അവസ്ഥ
അത്രയെളുപ്പം തരണം ചെയ്യാൻ
കഴിയുന്ന ഒന്നാകുകയുമില്ല .
അതിനാൽ ദയവായി അവരെ അവരുടെ
പാട്ടിനു വിടുക. അവരുടെ ജീവിതവിധി
നിർണ്ണയിക്കാൻ മാത്രം നമ്മളാരും
അവിടുത്തെ വിധി കർത്താക്കളല്ലഎന്നത് മനസ്സിലാക്കുക .
നമ്മുടെയൊക്കെ ജീവിതത്തിന്റെ ഇരുണ്ട
കോണുകളിൽ അതിനേക്കാൾ വലിയ
പ്രയാസങ്ങളും കടന്നുപോയിട്ടുണ്ടാകാം.
അപ്പോഴൊക്കെ മറ്റുള്ളവരുടെ കണ്ണിൽ
പൊടിയിട്ട് നടക്കാനേ നമുക്ക്
കഴിഞ്ഞിട്ടുള്ളൂ. എന്നിട്ടും സ്വന്തം കാര്യം
വരുമ്പോൾ മൗനമായിരിക്കുന്ന നാം
മറ്റുള്ളവരുടെ ജീവിതത്തിലെ ഓരോ
ചെറുചലനത്തിലും ആകാംക്ഷയോടെയും
വിധിക്കാനുള്ള ആവേശത്തോടെയും
നോക്കിനിൽക്കുന്നു. ഞാൻ
എങ്ങനെയുമാവട്ടെ ചുറ്റുമുള്ളവർ മാത്രം
എന്റെ അളവുകോലിൽ ഒതുങ്ങണമെന്ന
വിചിത്രമായ മനുഷ്യസ്വഭാവം അതാണ് ആദ്യം മാറേണ്ടത്.
പക്ഷേ, ആ മാറ്റം എവിടെ സംഭവിക്കാൻ..?
മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക്
ഒളിഞ്ഞുനോക്കാനും അവരുടെ വീഴ്ചകളിൽ
ആനന്ദം കണ്ടെത്താനും എത്രയെത്ര
വഴികളാണ് നാം തേടിക്കൊണ്ടിരിക്കുന്നത്..!
അതിലല്ലേ നമ്മുടെ മനസ്സിന് ഒരുതരം
കുളിർമ്മ കിട്ടുന്നത്..!
സ്വന്തം വീട് അടിമുടി കത്തിയമരുമ്പോഴും,
അയൽവക്കത്തവന്റെ വീടിന്റെ ഓട്
പൊളിയുന്നത് നോക്കി ആവേശം കൊള്ളുന്ന
ഈ കാപട്യത്തിന്റെ സംസ്കാരം എന്നുമാറും?
മനുഷ്യന്റെ മനസ്സ് മനുഷ്യനാകുന്ന ആ
സുദിനം എപ്പോഴാണ് പുലരുക…?

