രചന : ബാബുപോൾ തുരുത്തി ✍
കൈവെള്ളയിലൊതുങ്ങാത്ത പ്രപഞ്ചത്തെ
ചില്ലുകൂട്ടിനുള്ളിൽ അടച്ചിടുന്നു നാം.
തിരമാലകൾക്കതിരു നിശ്ചയിക്കുംപോലേ
ചിന്തകൾക്കുചുറ്റും മുള്ളുവേലികൾ.
സ്പർശിക്കുമ്പോൾമാത്രം തെളിയുന്ന
സെൻസറുകൾപോലെയാണ് നമ്മുടെയതിരുകൾ.
കടലിന്റെ രൗദ്രതയെ ടൂറിസംമാപ്പിലെ
വെറും നീലനിറമാക്കിമാറ്റുന്ന കൗശലം!
വിരൽത്തുമ്പിലെ ഒരു സ്പർശനത്തിൽ
ലോകത്തെ നിയന്ത്രിക്കാമെന്ന മോഹം!
ഉള്ളിലെ ആളുന്ന അഗ്നിയെ
ചങ്ങലയ്ക്കിടാനാർക്കു കഴിയും?
നമ്മൾ വരച്ച വരകളിൽത്തട്ടി
സ്വപ്നങ്ങൾ ചിറകറ്റുവീഴുമ്പോൾ,
സ്മാർട്ട്ഫോൺസ്ക്രീനിലെ സ്ക്രോളിംഗി-
ലൊതുങ്ങുന്നില്ല ആഗ്രഹങ്ങളുടെ മഹാപ്രവാഹം.
മറ്റുള്ളവർക്കായിത്തീർക്കുന്ന നിയമങ്ങൾ
നമുക്കുതന്നെ ഇരുമ്പഴികളായിമാറുമ്പോൾ,
അറിയുന്നു, പ്രകൃതിയുടെ വലിയ ചതുരംഗത്തിൽ
വെറും കരുക്കൾമാത്രമാണ് നാമെന്ന്!
എങ്കിലും സ്വയംനഷ്ടപ്പെടാതിരിക്കാൻ
നമ്മൾ നമുക്കുചുറ്റും അദൃശ്യമായ
ചില വൃത്തങ്ങൾ വരച്ചിടുന്നു;
അവിടെയാണ് ജീവിതം അതിന്റെ താളം കണ്ടെത്തുന്നത്.
മനീഷി
