ഇന്നലെ അർദ്ധരാത്രി പോലീസിന്റെ തടങ്കലിൽ നിന്നിറങ്ങുമ്പോൾ നേഹ ബോറയുടെ കൈത്തണ്ടകളിൽ ചതവുകളുടെ നീലപ്പാടുകളുടെ അയ്യരുകളിയായിരുന്നു. എന്നാൽ, ഒട്ടും സമയം കളയാതെ അവൾ തന്റെ സോഷ്യൽ മീഡിയയിൽ ‘ദില്ലിയിലെ മറ്റൊരു തെരുവിനെ ഞാൻ നാളെ ജന്തർ മന്തറാക്കും.’ എന്ന് കുറിച്ചിട്ടു. തൊട്ടുപിന്നാലെ അവളുടെ ഇരുപത്തിയൊമ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ തെളിഞ്ഞു:
‘ഉച്ചയ്ക്ക് രണ്ടരയ്ക്ക്, ആർ.കെ. ആശ്രമം മെട്രോ സ്റ്റേഷനിൽ കാണാം.’

അധികാരികളിൽ ആ വീഡിയോ ഒരു പ്രകമ്പനമുണ്ടാക്കി. നേഹ ബോറ എന്ന ഇരുപത്തിയൊമ്പതുകാരി ഭരണകൂടത്തിന്റെ പോലീസിനെ പരസ്യമായി സമയംകുറിച്ച് വെല്ലുവിളിക്കുകയാണ്. അമിത് ഷായുടെ പോലീസിന് അതൊരു ക്രമസമാധാന പ്രശ്നമായിരുന്നില്ല, മറിച്ച് മുറിവേറ്റ അഹന്തയുടെ ചോദ്യമായിരുന്നു.
നേഹ ബോറ, മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്ത് കടക്കരുത്. അവളെ അവിടെ വെച്ച് അറസ്റ്റ് ചെയ്യണം, ഉത്തരവ് കർശനമായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ ആർ.കെ. ആശ്രമം മാർഗ് മെട്രോ സ്റ്റേഷൻ അക്ഷരാർത്ഥത്തിൽ ഒരു സൈനികത്താവളമായി മാറി. ലാത്തികളും കണ്ണീർവാതകത്തോക്കുകളുമായി കാക്കിപ്പട സ്റ്റേഷന്റെ മുഴുവൻ കവാടങ്ങളും വളഞ്ഞു. കാമറകളുമായി മാധ്യമപ്പട പതുങ്ങിനിന്നു. ജനങ്ങൾ ഭയത്തോടെ ഒതുങ്ങിനടന്നു.
ട്രെയിനുകൾ ഒന്നിനുപുറകെ ഒന്നായി വന്നു പോയി കൊണ്ടിരിക്കുന്നു. അതിൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ മുഖങ്ങളിലും പോലീസിന്റെ കണ്ണുകൾ നേഹ ബോറയെ പരതിക്കൊണ്ടേയിരുന്നു. സമയം രണ്ടരയോടടുത്തു. അന്നേരം പ്ലാറ്റ്‌ഫോമിലെത്തിയ ആ ട്രെയിനിൽ നിന്ന് ഒരു കൂട്ടം ആളുകൾ ഇറങ്ങി. ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് നേഹ ബോറയെപ്പോലെ ടീഷർട്ട് ധരിച്ച് കണ്ണട വെച്ച് മുഖം പാതി സ്കാർഫ് വെച്ച് മറച്ച ഒരു പെൺകുട്ടി നടന്നു വരുന്നു.
“നേഹ ബോറ തന്നെ!”

പോലീസുകാർക്കിടയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു. ആ പെൺകുട്ടി പോലീസിനെ കണ്ടതും ഒന്ന് പതറി, വേഗത്തിൽ മറ്റൊരു വഴിയിലേക്ക് നടന്നു. അവളുടെ പതർച്ച പോലീസിന് ആത്മവിശ്വാസം നൽകി. ഉദ്യോഗസ്ഥർ മുന്നോട്ട് കുതിച്ചു. പെൺകുട്ടി ഫ്ലാറ്റ്ഫോമിലൂടെ ധൃതിയിൽ ഓടാൻ തുടങ്ങി. മാധ്യമപ്പട കാമറകളുമായി പിന്നാലെ പാഞ്ഞു. സ്റ്റേഷൻ കവാടത്തിന് പുറത്തുവെച്ച് നാലഞ്ചു വനിതാ പോലീസുകാർ ചേർന്ന് അവളെ തറയിലേക്ക് തട്ടി വീഴ്ത്തി.
“പിടിച്ചെടാ അവളെ!”
കാക്കിയുടെ ആക്രോശങ്ങൾക്കിടയിൽ അവൾ വലിച്ചിഴക്കപ്പെട്ടു. ക്യാമറകൾ തിക്കിത്തിരക്കി. ഒടുവിൽ പോലീസ് ബസ്സിന്റെ വാതിലിനടുത്തെത്തിയപ്പോൾ, മാധ്യമങ്ങൾക്ക് മുന്നിൽ വിജയം കാട്ടാനെന്നവണ്ണം ഒരു ഉദ്യോഗസ്ഥൻ അവളുടെ മുഖത്തെ സ്കാർഫ് ബലമായി വലിച്ചൂരി. അവിടെ കൂടിനിന്ന പോലീസും ക്യാമറകളും ഒരു നിമിഷം ശിലപോലെ മരവിച്ചുപോയി.
അത് നേഹ ബോറയായിരുന്നില്ല! നേഹയുടെ അതേ വേഷം ധരിച്ചെത്തിയ അവളുടെ സുഹൃത്തായിരുന്നു അത്. അന്നേരം ആ പെൺകുട്ടിയുടെ ചുണ്ടിൽ അധികാരത്തെ നോക്കി പുച്ഛം നിറഞ്ഞ ഒരു ചിരിയുണ്ടായിരുന്നു. ആ ചിരിയിൽ ഭരണകൂടത്തിന്റെ സർവ്വ സന്നാഹങ്ങളേയും വിഡ്ഢികളാക്കിയതിന്റെ അപമാനം വ്യക്തമായിന്നു.

അതേ സമയം
ആർ.കെ. ആശ്രമം മെട്രോ സ്റ്റേഷനിൽ പോലീസിനെയും മീഡിയകളെയും വിഡ്ഢികളാക്കി, നഗരത്തിന്റെ മറ്റൊരു വഴിയേ നേഹ ബോറ ആർ.കെ. ആശ്രമം ഗ്രാമിലെത്തി, അവിടെ പോലീസ് സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകൾ ഓരോന്നായി ചാടിക്കടന്ന്
കൊണാട്ട് പ്ലേസിന്റെ സിരകളിലേക്ക് അവൾ ഇരച്ചുകയറുമ്പോൾ കൃത്യം സമയം രണ്ടര!
“ഇങ്ക്വിലാബ് സിന്ദാബാദ്!”
ആകാശത്തിലേക്ക് ആഞ്ഞുയർന്ന നേഹ ബോറയുടെ ആ ഒറ്റ മുദ്രാവാക്യം കൊണാട്ട് പ്ലേസിന്റെ ആഡംബര സ്തംഭങ്ങളെ പിടിച്ചുകുലുക്കി. ചോരച്ചുവപ്പുള്ള ഒരു ബാനർ നെഞ്ചോട് ചേർത്ത് വായുവിൽ നിവർത്തിപ്പിടിച്ച് അവൾ അവിടെ സമരം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇരുപത്തിമൂന്ന് ദിവസം പച്ചവെള്ളം പോലും കുടിക്കാതെ തെരുവിൽ നിരാഹാരം കിടന്ന അതേ തീക്ഷ്ണത നേഹയുടെ കണ്ണുകളിൽ വീണ്ടും ആളിക്കത്തുന്നുണ്ടായിരുന്നു.
സംഘപരിവാറിന്റെ ആൾക്കൂട്ടാക്രമണങ്ങൾക്കോ, പോലീസിന്റെ ലാത്തിച്ചാർജ്ജുകൾക്കോ തളർത്താനാവാത്ത ധീരയായ പെണ്ണ്!

സ്വന്തം വീട്ടിൽ നിന്നാണ് നേഹ ബോറ ഈ സമരത്തിന്റെ ആദ്യത്തെ പാഠം തുടങ്ങിയത്. കടുത്ത ബി.ജെ.പി അനുഭാവികളായ മാതാപിതാക്കളുടെ കണ്ണീരിനും എതിർപ്പുകൾക്കും മുന്നിൽ മുട്ടുമടക്കാതെ, സ്വന്തം രാഷ്ട്രീയ ബോധ്യങ്ങൾക്കായി വീടിന്റെ പടിയിറങ്ങി തെരുവിലേക്ക് ഇറങ്ങിയവൾ.

ആ കനലാണ് ഇപ്പോൾ കൊണാട്ട് പ്ലേസിന്റെ നടപ്പാതകളിൽ പടർന്നുപിടിക്കുന്നത്.
വിവരം ലഭിച്ച് മിനിറ്റുകൾക്കകം സൈറൺ മുഴക്കി പോലീസ് വണ്ടികൾ കൊണാട്ട് പ്ലേസിലേക്ക് പാഞ്ഞെത്തി. അവർ നേഹ ബോറയെ വളഞ്ഞു. കൈകൾ പിരിച്ചുകെട്ടി വലിച്ചിഴച്ചു. നഖങ്ങൾ അവളുടെ തൊലിയിൽ ആഴ്ന്നിറങ്ങി. ചതവുകളിൽ വീണ്ടും കാക്കിബൂട്ടുകൾ പതിഞ്ഞു.
പക്ഷേ, പോലീസ് വാനിന്റെ ഇരുമ്പഴികൾക്കുള്ളിലേക്ക് തള്ളപ്പെടുമ്പോഴും ജനക്കൂട്ടത്തെ നോക്കി നേഹ ബോറയുടെ കൈകൾ വായുവിൽ മുഷ്ടിചുരുട്ടി ഉയർന്നുതന്നെ നിന്നു. ആ മുഖത്ത് ചോരയുടെ പാടുകൾക്കിടയിലും മായാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു. ഫാഷിസത്തിന്റെ അഹങ്കാരങ്ങൾക്ക് ഒരിക്കലും തോൽപ്പിക്കാനാവാത്ത, സമരനായികയുടെ അണയാത്ത പെൺചിരി!…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *