രചന : കല ആർ ✍
ചെറുമഴയത്ത്
വർണ്ണവിളക്കുകൾ തൂക്കിയിട്ട
തെരുവിലൂടെ തിരക്കിൽ
രണ്ടു പരൽമീനുകളെപ്പോലെ
നമുക്ക് ഊളിയിടണം
എൻ്റെ പ്രണയം നിൻ്റെ വിരലുകളിൽ
കൊരുക്കുമ്പോഴും മനസ്സിൽ
ചിന്നിച്ചിതറിയ രക്തംപുരണ്ട
സ്കൂൾ ബാഗുകളും
കുഞ്ഞിച്ചെരുപ്പുകളുമാവും
എനിക്കറിയാം
കാപ്പികുടിക്കുന്നതിനിടയിൽ
കൺകോണുകളാൽ
നീയെന്നെ നോക്കുന്നത്
വയൽക്കരയിലെ ഒറ്റമരത്തിൽ
തൂങ്ങിയാടുന്ന
രണ്ടുകുഞ്ഞ് പെറ്റിക്കോട്ടുകളാവും
ചത്ത എൻ്റെ കണ്ണിൽ
നീ കണ്ടിട്ടുണ്ടാവുക
ഇലച്ചീന്തിൽനിന്നും
നീ നെറ്റിയിൽ തൊട്ടുതന്നത്
വിഗ്രഹത്തിനുപിന്നിലെ
അമർത്തിയ നിലവിളിയും
തറയിൽ ഒലിച്ചിറങ്ങിയ
രക്തത്തിൻ്റെ തണുപ്പു കലർന്നൊരു
നിർവ്വികാരതയും
ഇതിനാലെല്ലാമാണ്
ഞാൻ നിന്നെ പ്രണയിക്കുന്നത്
അസ്തമനസൂര്യനെ നോക്കി നാം
വെറുതെയിരിക്കുമ്പോൾ
രണ്ടു കാവൽ ഭടൻമാർ വന്നെന്നെ
നിന്നിൽനിന്നടർത്തിമാറ്റും
പ്രണയംകൊരുത്തിരുന്ന
നിൻ്റെ വിരലുകളിൽ മെല്ലെയൊന്നമർത്തി
ഞാൻ യാത്രചോദിക്കും
ചിന്തകളെയവർ കുറ്റപത്രമാക്കും
എൻ്റെ പ്രണയത്തെയവർ
അയോഗ്യമാക്കും
എന്നെ ശിക്ഷിക്കാനുള്ള ചുമതല
നീ സന്തോഷത്തോടെ ഏറ്റെടുക്കും!
