പച്ചനിറങ്ങൾ
അരമണി കെട്ടിയ
പാടവരമ്പിൻ ഓരത്ത്
അരവയറൊന്നു
മുറുക്കി കെട്ടി
കറ്റപെണ്ണതു നിൽക്കുന്നേ,
കൊറ്റിക്കാലിൽ
ഒറ്റയ്ക്കൊരുവൻ
തപസ്സു ചെയ്യും നേരത്ത്
പട്ടിണി മാറ്റാൻ
കൈക്കോട്ടേന്തി
കതിരോൻ ചെക്കൻ
പായുന്നേ,
കലപില കൂട്ടി
ചായക്കടയിൽ
അറുപതു കാലം
തുടിക്കുമ്പോൾ,
ചെറു ചെറു പിള്ളേർ
മാവിൻ കൊമ്പിൻ
ചറപറയാടി രസിക്കുന്നേ,
ഉടുതുണിയാകെ
ഉലച്ചിട്ടൊരുവൾ
നടനടയെന്ന് പായുന്നേ
കുളവക്കത്തെ
കോഴിക്കൂട്ടർ
കൂകാതങ്ങനെ നിൽക്കുന്നേ,
മലയിൽ നൃത്തം
ചെയ്യാനെത്തും
മഴയൊരു താളമടിക്കുമ്പോൾ
കാട്ടാറുകളിൽ
ശ്രുതിയതു മീട്ടി
മരങ്ങളാടി രസിക്കുന്നേ,
പരൽമീനുകൾ
പതഞ്ഞു രസിക്കും
തോട്ടിൻ വക്കിനോരത്ത്
എന്നുടെ തോണി
നിന്നിലതെത്താൻ
ഒഴുക്കിൽ തപ്പുകൾ
കൊട്ടുന്നേ ,
പൂവൻകാലുകൾ
കാമുകിമാരുടെ
കൂടെ നടന്നു ചിരിക്കുന്നേ,
കിലുക്ക
പാദസരവുമിട്ടിട്ടൊരുവൾ
അവനെയതിട്ടു കറക്കുന്നേ,
പാൽപാത്രങ്ങൾ
കൈയ്യിൽ തൂക്കി
കിണറുകളാകെ ചിരിക്കുന്നേ,
കിളിയുടെ കൊഞ്ചൽ
പോലെയൊരുത്തി
പാള കയറതു പൊക്കുന്നേ,
നടവഴികളിലെന്നും
നടക്കാൻ പോകും
ആളുകൾ മിണ്ടിയിരിക്കുന്നേ,
നാണിച്ചൊരുവൾ
തലയും താഴ്ത്തി
അമ്പലമണിയായ് കിലുങ്ങുന്നേ ,
നെല്ലു കൊറിച്ചു
വരുമൊരു കിളിയുടെ
മഞ്ഞക്കാലുകൾ നോക്കീട്ട്
കല്ലു പെറുക്കി
ചവണകൾ നീട്ടി
ഉന്നം നോട്ടം എറിയുന്നേ,
ചക്കയ്ക്കുപ്പും നോക്കി
ചങ്ങാലികളനവധി
നിൽക്കുന്നേ,
പൊടി പാറിച്ച്
നെല്ലിൻ പൊലികൾ
കന്നി പാടത്താടുന്നേ ,
മങ്കുഴി വരമ്പിൽ
അരിവാളുകളേന്തി
അമ്മയിരുന്നു പാടുന്നേ ,
അകലെയിരുന്നു
സൂര്യനൊരാളോ
പകലിൻ തിരികളക്കുന്നേ,
സന്ധ്യാനാമം ചൊല്ലിയൊരുത്തി
ഇടങ്കണ്ണതൊന്നു തുറക്കുന്നേ,
മുത്തശ്ശികൈ വന്നവളുടെ
മുടിയിൽ സീതാരാമം
ചൊല്ലുന്നേ ,
ഭസ്മക്കുറികൾ
നെറ്റി നുഴഞ്ഞ്
മൂക്കിൻ തുമ്പത്താടുമ്പോൾ
നാവിൻത്തലപ്പിൽ
കവിതകൾ കൊട്ടി
അക്ഷരമൊന്നു
കിണുങ്ങുന്നേ ,
തോന്നൂർക്കരയിൽ
ചെല്ലും വഴിയെ
കാണാം നല്ലൊരു
ഗ്രാമത്തെ,
തോന്നിയ പോലെ
നടക്കണ പെണ്ണിൻ
ചേലു നിറഞ്ഞ
ഗ്രാമത്തെ…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *