ക്ഷയിച്ചിടുന്നില്ലെയിന്നിവിടെയീ ധരണിയിൽ
ക്ഷമയെന്നയാ, സുകൃത ഹൃദയസ്മിതം സഖേ,
ക്ഷമാതലം പകരുന്നു കനിവിന്നരുവികൾ;
ക്ഷേത്രാങ്കണംപോലുണർത്തുന്ന കരളുകൾ.
ക്ഷിപ്രം മറഞ്ഞതെന്തലിവിൻ പുലരികൾ
ക്ഷണികമാണോർമ്മകളുണരാത്ത വനികകൾ
ക്ഷാരവർണ്ണങ്ങളായലിവിൻ നഭസ്സുകൾ;
ക്ഷിതിയാകെ യിരുളാക്കിടുന്നു ചില മനസ്സുകൾ.
ക്ഷാമബത്തയ്ക്കായുണരുന്ന ചിന്തകൾ
ക്ഷേമമേകുന്നതുമാകേണ്ടെ, സാദരം
ക്ഷത്രിയർക്കുള്ളതാം കർത്തവ്യബോധവും;
ക്ഷിതിയിതിൽപ്പകരു,കാ, കരുണാർദ്ര ഹൃദയവും.
ക്ഷമയാർന്നുണർന്നു വർത്തിക്ക,നാം സന്തതം
ക്ഷോഭാഗ്നിയാലുരുകുന്നില്ലെ മർത്യകം
ക്ഷിപ്രകോപത്താൽത്തളർത്തരുത് കരളുകൾ
ക്ഷുഭിത ഹൃത്താൽത്തകർത്തീടരുത് കനവുകൾ.
ക്ഷീരംകണക്കേ വെളുത്ത താണെങ്കിലും;
ക്ഷീണംപകരുന്നതില്ലേ ചില മുഖം
ക്ഷേമമാ, കടലാസിൽമാത്രമൊതുക്കാതെ;
ക്ഷണികമീ, ജീവിതമെന്നോർത്തുണരണം.
ക്ഷതമേറ്റഴലാൽത്തളരുന്നു യുവമനം
ക്ഷുദ്രകത്താൽത്തളർത്തുന്നില്ലെ തായ്മനം;
ക്ഷീരപഥംപോൽത്തിളങ്ങില്ലയെങ്കിലും;
ക്ഷോഭാന്ധകാലമായ്ത്താഴരുത് നിന്മനം.
ക്ഷരമില്ലാത്തതാകട്ടെ, നി,ന്നക്ഷരം
ക്ഷേമത്തിനായിത്തുണയ്ക്കട്ടെ, സ്തുത്യകം
ക്ഷാമമെന്തേ കുവാനലിവിൻ പുലരികൾ;
ക്ഷണമുണർന്നുദയമായ് പകരുകാ, നന്മകൾ.

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *