എനിക്ക്
നീയൊരു ജപമാല തരണം
കുറച്ചു മന്ത്രങ്ങളും,
മുറിവുകൾ
ഉണക്കാനുള്ള
മരുന്നെനിക്ക് വേണ്ട.
നീറ്റലുകൾ,വേദനകൾ
മറവികൾ ഇവയെല്ലാം
ഉപേക്ഷിക്കപ്പെട്ടവരുടെ
വേദപുസ്തകത്തിലെ
വായിച്ചുതീരാത്ത
അദ്ധ്യായങ്ങളാണ്.
വിശുദ്ധമായ
വചനങ്ങൾകൊണ്ടെന്നെ നീ
ശുദ്ധികരിക്കരുത്,
കലഹിക്കുമ്പോൾ
ഞാൻ ചെകുത്താനും
നീ മാലാഖയുമാണ്.
വികാരത്തിൻ്റെ
വേലിയേറ്റങ്ങളിൽ
കൂടെക്കൂട്ടിയ
തിരകളുടെ പിടച്ചിലുകൾ
ഊതനിറമുള്ള പകലിൽ
ചായക്കൂട്ടുകളില്ലാതെ
ശൂന്യമാകുന്നു.
എപ്പോഴും നീ തിരയുന്ന
തണൽ എന്റെ
പാപങ്ങളുടെ നിഴലുകളാണ്.
കടൽ നീലിമയിലേക്ക്
വെളിച്ചം ദാനം നൽകിയ
ആകാശത്തെയാണ്
ഞാൻ ഇരുട്ടെന്ന കവിതയിൽ
കൊരുത്തിട്ടിരിയ്ക്കുന്നത്.

സന്തോഷ് മലയാറ്റിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *