രചന : രാജൻ കൈലാസ് ✍
വെറുതേ നടക്കുവാ-
നിറങ്ങീ വൈകുന്നേരം..
ഒപ്പമെൻ മകൾ,കയ്യിൽ-
തൂങ്ങുന്നൂ പേരക്കുട്ടി.
അക്ഷരംപഠിക്കുന്നോ-
രുണ്ണിയാമവൻ കണ്ണിൽ-
ക്കാണുന്ന വാക്കോരോന്നും
കഷ്ടിച്ചു വായിക്കുന്നു…
തൈക്കാട്, വഴി വക്കിൽ
കാൺകയാ’യമ്മത്തൊട്ടിൽ’
വായിച്ചു നിൽക്കേ, ഉണ്ണി-
ക്കെന്തതെന്നറിയണം.!
‘അമ്മത്തൊട്ടിലാണെങ്കിൽ
അമ്മയും കുഞ്ഞും വേണ്ടേ?
ഉണ്ണിപോയ് കിടക്കട്ടേ?
കൂട്ടിനമ്മയും വരൂ…’
വാശിയായ് ,വീണ്ടും കൈയിൽ
വലിക്കേ ചൊല്ലീ ഞാനും
‘അമ്മമാർ കളയുന്ന
കുഞ്ഞിനാണമ്മത്തൊട്ടിൽ! ‘
പെട്ടെന്നു മുഖം വാടി
ചോദിക്കയാണെന്നുണ്ണി…
‘അമ്മമാർ കുഞ്ഞുങ്ങളെ
കളയുന്നതെന്തമ്മേ?’
ഉത്തരം മുട്ടിപ്പോയി,
ഉണ്ണിയോടെന്തേ ചൊല്ലാൻ?
എന്തുതാൻ പറഞ്ഞാലും
ഏശുമോ ഉണ്ണിക്കിപ്പോൾ!!
‘എന്നെയും കളയുവാ-
നമ്മയ്ക്കുതോന്നീലല്ലോ..!
എന്നമ്മ നല്ലോരമ്മ,
കെട്ടിപ്പിടിച്ചോരുമ്മ!!’
മോനെയും കെട്ടിപ്പുണർ-
ന്നമ്മയും കരയുന്നു…
വന്ന വാക്കുകളൊക്കെ
കൺകളിൽ തുളുമ്പുന്നു!
അമ്മത്തൊട്ടിലും കണ്ടു
തിരികേ നടക്കുമ്പോൾ
ഒന്നുമേ മിണ്ടാനില്ലാ-
താവുന്നു പരസ്പരം!

