നോക്കുകുത്തികളെ നോക്കി നിന്നു
ഞാനുമൊരു നോക്കുകുത്തിയാകുമോ
ആ സംശയം വെറുമൊരു നിഴലായി
എപ്പോഴും എന്നോടു കൂടെ സഞ്ചരിച്ചു
പുൽച്ചാടികൾ പാഴ്ച്ചെടികളെ തലോടി
വാഴനനഞ്ഞപ്പോൾ അവ കുളിരണിഞ്ഞു
വെള്ളവും വളവും വാഴകൾക്കായിരുന്നു
സത്യം അറിയാതെ ചെടികൾ തളിർത്തു
കൃഷ്ണമണിയിൽ കണ്ട കറുത്ത നിറം
അത് ഇരുട്ടാണെന്നു മനസ്സിലായതുമില്ല
വെളിച്ചത്തിൻ്റെ നിറമെന്താണ് എന്നത്
കൃത്യമായി ഇതുവരെ അറിഞ്ഞതുമില്ല
സ്വപ്‌നങ്ങൾക്ക് വർണ്ണങ്ങളുണ്ടായിരുന്നു
അവയ്ക്ക് പൂമ്പാറ്റകളെ പോലെ പറക്കാൻ
മനോഹരമായ ചിറകുകൾ ഉണ്ടായിരുന്നു
എന്നിട്ടുമാ സ്വപ്നങ്ങൾ പറന്നുയർന്നില്ല
പൂക്കൾക്ക് നല്ല സുഗന്ധമുണ്ടായിരുന്നു
ഇലകളിലെ ഹരിത ശോഭക്കിടയിലൂടെ
നിലാവിൽ അവർ പുഞ്ചിരിച്ചു നിന്നു
മഞ്ഞുതുള്ളികൾ ചിണുങ്ങി പരിഭവിച്ചു
പാഴ്മരങ്ങൾ അഹംബുദ്ധിയാൽ ഭ്രമിച്ചു
പക്ഷെ ശിശിരങ്ങളേറ്റ് തളർന്നു വീണു
സന്ധ്യകൾ പിന്നേയും ചുവന്ന് തുടുത്തു
പോക്കുവെയിൽ മുങ്ങാംകുഴിയിട്ടകന്നു
തിരകൾ തീരത്ത് തല തല്ലിക്കരഞ്ഞു
കടൽകാക്കൾ കൂടുകൾ തേടി പറന്നു
കണ്ണേറുതട്ടി വീണിട്ടും നോക്കുകുത്തി
കഥയറിയാതെ കാറ്റിലാടി പൊട്ടിച്ചിരിച്ചു

By ivayana

Leave a Reply

Your email address will not be published. Required fields are marked *