രചന : പ്രിയബിജു ശിവകൃപ ✍
“വഴിയിൽ നിന്നും ഒതുങ്ങി നിൽക്കണെ”.
ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്…
പടിയിറങ്ങി വരുന്ന സുന്ദരിപ്പെണ്ണ്…
വെണ്ണ തോൽക്കുമുടലോടെ
ഇളം വെണ്ണിലാവിൻ തളിർ പോലെ
രാഗിണി മനോഹാരിണി
രാത്രി രാത്രി വിടരും
നീ അനുരാഗ പുഷ്പിണി….
ആരോ പാടുന്നു…
ആഹാ എന്തു മനോഹരം…
പാട്ടും മാസ്സ് എൻട്രിയും ഒക്കെ കലക്കി… കയ്യിലേക്ക് റിബൺ മുറിക്കുവാനുള്ള കത്രിക ആരോ നൽകി..
റിബൺ മുറിച്ചതും നീണ്ട കരഘോഷം മുഴങ്ങി…
ഉൽഘാടനം കഴിഞ്ഞു,.. സെല്ഫിയെടുക്കാനും സംസാരിക്കാനും ആരാധകരുടെ തള്ളിക്കയറ്റം…
എല്ലാം ആസ്വദിച്ചു….
സന്തോഷ നിമിഷങ്ങൾ…
“ഡീ,.. നീ ആടിന് കാടി കൊടുത്തോ?
ഇതിനിടയിൽ ആടോ?
ഇനി ഏതെങ്കിലും സിനിമാ ഷൂട്ട് ആണോ…
ആക്ഷൻ, കട്ട്, ഒന്നും കേട്ടില്ലല്ലോ എല്ലാം നോൺസ്റ്റോപ്പ് ഡയലോഗ്സ്…
ചെവി പൊത്തിപ്പോയി… അവസാനത്തെ പൂരപ്പാട്ട് കൂടി ആയപ്പോൾ എല്ലാം പൂർണ്ണമായി…
‘സരസ്വതി അമ്മായിയുടെ ജല്പനങ്ങൾ’ എന്ന സിനിമയിൽ നിന്നുള്ള ഡയലോഗ് ആണെന്ന് മനസ്സിലാക്കാൻ കുറെ സമയം എടുത്തു.. അതിൽ നായിക അർച്ചന എന്ന ഞാൻ…
” ഓ തമ്പുരാട്ടി പകൽ സ്വപ്നത്തിലായിരിക്കും അല്ലെ.. എന്നിട്ട് ഇന്ന് എവിടെയായിരുന്നു ഉൽഘാടനം ജ്യുവലറിയോ ജൗളിക്കടയോ…”
” ഈ കിളവിയെ കൊണ്ടു തോറ്റു… എന്തിനാ ആ പാവം പെണ്ണിനെ കളിയാക്കുന്നെ. നിങ്ങള് നോക്കിക്കോ. നാളെയൊരിക്കൽ തീർച്ചയായും അവളുടെ സ്വപ്നങ്ങളൊക്കെ നടക്കും… “
വക്കാലത്തുമായി പടി കടന്നു മായക്കുഞ്ഞമ്മയെത്തി,..
ആ ഗ്രാമത്തിൽ ഷൂട്ടിങ്ങിനെത്തിയ സിനിമാ സംഘത്തിലെ ഒരാൾ എന്റെ ഫോട്ടോ വാങ്ങിക്കൊണ്ടുപോയ അന്ന് മുതൽ തുടങ്ങിയ സ്വപ്നം കാണലാണ്… തന്റെ മുഖം ഫോട്ടോജനിക്കാണത്രേ.. അത് കേട്ടപ്പോൾ മനസ്സൊരു വർണ്ണത്തുമ്പിയായി… കാരണം എന്നും എന്നെ കൊതിപ്പിക്കുന്ന ലോകമാണ് സിനിമ…
ശോഭന.. ഉർവ്വശി.. മോനിഷ.. പാർവ്വതി…
അവരെയൊക്കെ ആരാധിച്ചു നടക്കുന്ന കാലമായിരുന്നു. അതിനൊപ്പം അർച്ചന എന്ന പേരും കാലം എഴുതിച്ചേർക്കും എന്ന് എന്നോട് എപ്പോഴും പറഞ്ഞത് അടുത്ത കൂട്ടുകാരി ഗീതു ആയിരുന്നു
ഞാൻ അർച്ചന… അച്ഛനും അമ്മയും ഇല്ലാത്ത ഒരു പാവം പെൺകുട്ടി…
കടം കയറി മുറിഞ്ഞപ്പോൾ എന്നെ ഈ ഭൂമിയിൽ ഒറ്റക്കാക്കി ഒരു കുപ്പി വിഷത്തിൽ അഭയം കണ്ടെത്തിയ സുധാകരന്റെയും അമ്പിളിയുടെയും ഏക മകൾ…
” എന്നാലും ഈ കുഞ്ഞിനെ ഒറ്റക്കാക്കി പോകാൻ എങ്ങനെ മനസ്സുവന്നു അവറ്റോൾക്ക്. “
അയല്പക്കത്തെ ജാനകിയമ്മ പതം പറഞ്ഞു കരഞ്ഞു.
” ഇനിയിപ്പോ നിങ്ങളുടെയൊക്കെ തലയിൽ തന്നെ. നീ പെട്ടു സരസ്വതി “
സരസ്വതി അമ്മായിയുടെ ചെവിയിൽ അവരുടെ ഏതോ ഒരു ബന്ധു അടക്കം പറയുന്നത് ഞാൻ കേട്ടു…
കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ അന്ന്,..
തലേദിവസം അച്ഛനും അമ്മയും പതിവില്ലാതെ കുറെ സാധനങ്ങൾ വാങ്ങിവന്നു….
ആപ്പിളും ഓറഞ്ചും മുന്തിരിയും കുറെ മധുര പലഹാരങ്ങളും ഒക്കെയുണ്ടായിരുന്നു അവരുടെ കൈവശം…തന്റെ പ്രിയപ്പെട്ട ഐസ് ക്രീം വലിയൊരു ഫാമിലി പാക്കും.
വിഷം വാങ്ങാൻ പോലും കാശില്ലെന്ന് ഇടയ്ക്കിടെ പറയാറുള്ള ഇവർക്ക് രണ്ടാൾക്കും കാശ് എവിടെനിന്നും കിട്ടിയോ ആവോ…
അതിനു മറുപടി കിട്ടിയത് അച്ഛൻ ഷർട്ട് ഊരി അയയിൽ ഇട്ടപ്പോഴാണ്…
കഴുത്തിൽ ഉണ്ടായിരുന്ന ഒരിക്കലും ഊരരുത് എന്ന് പറഞ്ഞു മുത്തശ്ശി കെട്ടിക്കൊടുത്ത ഏലസ്സ് കാണാനില്ല..
പത്തുവയസ്സുണ്ടായിരുന്നു അന്ന് എനിക്ക്
എനിക്ക് ഏറെ സന്തോഷം ആയി…
കാരണം വലിയൊരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്.. കൊച്ചച്ചന്മാരും മാമന്മാരുമൊക്കെ എന്തു വാങ്ങി വന്നാലും എനിക്ക് കാര്യമായി ഒന്നും കിട്ടാറില്ല…മധുര പലഹാരങ്ങളൊക്കെ കൊതി തീരെ കഴിക്കാൻ കിട്ടിയിരുന്നില്ല…തനിക്കേറെ ഇഷ്ടം ഐസ് ക്രീം ആയിരുന്നു.. ആരു വാങ്ങിയാലും തനിക്ക് തരാറില്ല…
ഐസ് ക്രീം എടുത്തു കൊണ്ടു വന്നു അപ്പുക്കുട്ടനും അമ്മുവിനും മനുവിനും ശാന്തിക്കുമൊക്കെ പങ്കു വച്ചു കഴിച്ചു.. അവരൊക്കെ തന്നില്ലെങ്കിലും സാരമില്ല… അവരും കഴിച്ചോട്ടെ…
അന്ന് രാത്രിയിൽ അച്ഛനും അമ്മയും എന്നോട് കുറെ നേരം അടുത്തിരുന്നു സംസാരിച്ചത് ഇപ്പോഴും ഓർക്കുന്നു.. നന്നായിട്ട് പഠിക്കണം… പഠിച്ചു വലിയ ജോലി നേടണം.. അച്ഛനുമമ്മയും നാളെ ഒരു സ്ഥലത്ത് പോകുവാ. കുറെ നാൾ കഴിയും വരാൻ… എന്നൊക്കെ പറഞ്ഞപ്പോൾ കുട്ടിയായിരുന്ന ഞാൻ ഒരുപാട് കരഞ്ഞു. എതിർത്തു.. പക്ഷെ അവർ ഉറച്ച തീരുമാനത്തിലായിരുന്നു
മുല്ലയ്ക്കലെ കേശവൻ മാമന് ഒരുപാട് പൈസ കൊടുക്കാനുണ്ടെന്ന് എനിക്കറിയാമായിരുന്നു…അയാൾ മിക്കവാറും തറവാട്ടിൽ വന്നു വഴക്കുണ്ടാക്കാറുണ്ടായിരുന്നു. അതിന്റെ പേരിൽ മാമന്മാരൊക്കെ അച്ഛനെ കുറെ വഴക്ക് പറയുന്നത് ഒരുപാട് സങ്കടത്തോടെ കണ്ടു നിന്നിട്ടുണ്ട്.
പിറ്റേന്ന് രാവിലെ പതിവുപോലെ അച്ചു മോളെ എന്ന വിളികേൾക്കാതെ വന്നപ്പോൾ ഉണർന്നു കിടക്കുകയായിരുന്ന ഞാൻ എഴുനേറ്റു.. അടുത്തുകിടന്ന ശാന്തി കാലെടുത്തു എന്റെ പുറത്തു വച്ചാണ് കിടന്നുറങ്ങുന്നത്.. അവളെ ഉണർത്താതെ പതുക്കെ കാലെടുത്തു മാറ്റിവച്ചു എഴുന്നേറ്റു
അമ്മയുടെ മുറിയിലെ കതകിൽ തട്ടിയപ്പോൾ അനക്കമൊന്നും ഇല്ല… വാതിലിൽ തള്ളിയപ്പോൾ അത് തുറന്നു.. ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു..
എന്തോ മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറി…
വായിൽ നിന്നും നുരയും പതയും വന്നു കിടക്കുന്ന അവരെ കണ്ടപ്പോൾ ആദ്യം തോന്നി തന്റെ ഐസ് ക്രീം രണ്ടാളും കഴിച്ചിട്ട് കിടന്നുറങ്ങിയതാവുമെന്ന് പിന്നീട് എന്തോ പന്തികേട് തോന്നി. എന്താണെന്ന് മനസ്സിലായില്ല..
പതുക്കെ പതുക്കെ കാര്യങ്ങൾ വെളിവായി.. രണ്ടാളും വിഷം കഴിച്ചു മരിച്ചു..
ഇനി മുതൽ അച്ഛനുമമ്മയുമില്ലാത്ത കുട്ടിയാ നീ…. അപ്പുവും അമ്മുവും പറഞ്ഞു
പിന്നീട് ആരുടെയൊക്കെ ആട്ടും തുപ്പും ഇടിയും അടിയും ഒക്കെ ഏറ്റുവാങ്ങി.. എല്ലാവരുടെയും അടിമയായി ജോലിചെയ്യുന്നതിനിടയിൽ അമ്മയുടെ അനുജത്തി മായക്കുഞ്ഞമ്മ വന്നു എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവരുടെ മക്കളോടൊപ്പം എന്നെയും സ്കൂളിൽ വിട്ടു പഠിപ്പിച്ചു…
പ്ലസ് ടു നല്ല രീതിയിൽ പാസ്സായി., അപ്പോഴാണ് മായക്കുഞ്ഞമ്മയുടെ ഭർത്താവ് നീണ്ട അനേകം വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് വരുന്നത്..
ആദ്യമാദ്യം വാത്സല്യം വാക്കുകളിൽ മാത്രം ഒതുങ്ങി. പിന്നീടത് തൊടലും തഴുകലും ഒക്കെ ആയപ്പോൾ സഹികെട്ടു പ്രതികരിച്ചു..
കുഞ്ഞമ്മ എന്നെ സരസ്വതി അമ്മായിയുടെ വീട്ടിൽ കൊണ്ടു വന്നു നിർത്തി.. തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല.. അടുക്കള ജോലിയും ആടിനെ മേയ്ക്കലും അങ്ങനെ പോകുന്നു ഈ അർച്ചനയുടെ ജീവിതം..
അമ്മായിക്ക് ഭർത്താവ് ഇല്ല.. രണ്ടു പെണ്മക്കൾ മാത്രമേ ഉള്ളു…
എപ്പോഴും എന്നെ കഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും വഴക്ക് പറയുമെങ്കിലും അവർക്കു എന്നോട് സ്നേഹം ആയിരുന്നു…
” കഴിഞ്ഞില്ലേ ഗൗതം എന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരേട് ആണിത്….”
ഡയറിയിൽ നിന്നും മുഖമുയർത്താതെ ഇരിക്കുന്ന ഗൗതമിനോട് ഞാൻ ചോദിച്ചു..
” എടോ… ഇത് സിനിമ ആക്കിയാൽ നന്നായിരിക്കും.. അത്രയ്ക്കുണ്ടല്ലോ.. താനിത്രയുമൊക്കെ എഴുതുമായിരുന്നോ?
ഉറക്കം വരാത്ത രാത്രികളിൽ നോട്ട് ബുക്കിൽ കുത്തിക്കുറിച്ച വരികളാണ്…
” കുറെ വർഷങ്ങൾ കഴിയുമ്പോൾ തനിക്കിതൊരു ആത്മകഥയായി പുറത്തിറക്കാം “
ഗൗതം പുഞ്ചിരിയോടെ പറഞ്ഞു…
” മാഡം.. ഷോട്ട് റെഡി “
ദാ ഇപ്പൊ കേട്ടതാണ് ശരിക്കും ഇപ്പൊ ഉള്ള അർച്ചന….
അങ്ങനെ ഈയുള്ളവളും ആയി ഒരു സിനിമാനടി
എങ്ങനെ എന്നല്ലേ
അന്നത്തെ ഫോട്ടോ കണ്ട ഡയറക്ടർ വിമൽ സാറിന് എന്നെ നന്നായി ഇഷ്ടപ്പെട്ടു..
ആളെ വിട്ടു എന്നെ വിളിപ്പിച്ചു..
സ്ക്രീൻ ടെസ്റ്റു കഴിഞ്ഞപ്പോൾ, ഞാൻ സെലക്ട് ആയെന്നറിഞ്ഞപ്പോ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു…
പതുക്കെ പതുക്കെ ഓരോരോ ആഗ്രഹങ്ങൾ പൂവണിഞ്ഞു…
ആഗ്രഹിച്ചതൊക്കെ നേടിയെടുക്കുമ്പോഴും നാവിൽ ആ മഴയുള്ള രാത്രിയിൽ നുണഞ്ഞിറക്കിയ ഐസ് ക്രീമിന്റെ മധുരം ഉണ്ടായിരുന്നു…. അവസാനമായി അച്ഛനമ്മമാർ തന്നുപോയ മധുരം…..
