പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ഭൂമിയെ തലോടിത്തുടങ്ങിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ പുൽനാമ്പുകളിൽ തങ്ങിനിന്ന മഞ്ഞുതുള്ളികൾ സൂര്യപ്രകാശത്തിൽ മുത്തുമണികൾപോലെ തിളങ്ങി. ഇളംകാറ്റിൽ മരച്ചില്ലകൾ മെല്ലെ തലയാട്ടി. പൂത്തുനിന്ന പൂക്കളിൽനിന്ന് തേൻ നുകരുന്ന ചിത്രശലഭങ്ങളും പൂമ്പാറ്റകളും പുലരിയുടെ സൗന്ദര്യത്തിന് നിറം പകർന്നു. അകലെനിന്ന് കേൾക്കുന്ന പക്ഷികളുടെ കളകളാരവം പ്രകൃതിയുടെ നിശ്ശബ്ദതയ്ക്ക് മധുരമേകി. നാട്ടുവഴിയരികിലെ മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യരശ്മികൾ മണ്ണിൽ സ്വർണനൂലുകൾ നെയ്തിട്ടതുപോലെ തോന്നിച്ചു. ആ മനോഹരമായ പ്രഭാതത്തിന് അന്ന് പതിവിലേറെ ഹൃദ്യതയുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം താൻ ആദ്യാക്ഷരങ്ങൾ പഠിച്ച വിദ്യാലയത്തിലേക്ക് മടങ്ങിയെത്തിയ ശ്രീജിത്തിന്റെ മനസ്സിലും ഓർമ്മകളുടെ വസന്തം പൂക്കുകയായിരുന്നു.

വർഷങ്ങൾക്കുശേഷം, സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി തന്റെ പഴയ വിദ്യാലയത്തിലെ ശതാബ്ദി ആഘോഷത്തിനെത്തിയ ശ്രീജിത്ത് അവന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ എത്തിയതായിരുന്നു. സ്ഥലം എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ടും സ്കൂൾ മാനേജരും പൂർവാധ്യാപകരും അനധ്യാപകരും പൂർവവിദ്യാർത്ഥികളും ഒക്കെ സന്നിഹിതരായിരുന്ന യോഗത്തിൽ സംസാരിക്കാൻ ശ്രീജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചു. അവൻ മൈക്കിനുമുന്നിൽ നിന്നു.
“പ്രിയപ്പെട്ട അധ്യാപകരേ, കൂട്ടുകാരേ,
എന്റെ പേര് ശ്രീജിത്ത്. ഞാനൊരു പൂർവവിദ്യാർത്ഥിയാണ്. ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ സാമാന്യം മികച്ച ഒരു റാങ്ക് നേടുവാൻ എനിക്ക് സാധിച്ചു എന്നുള്ളത് ഒരു വലിയ കാര്യം തന്നെയാണ്. പക്ഷേ അതിന് എന്നെ പ്രാപ്തനാക്കിയത്‌ ആരാണെന്നുകൂടി നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ജീവിതത്തിൽ ചില നഷ്ടങ്ങൾ നമ്മളെ തളർത്തും. ചില മുറിവുകൾ നമ്മളെ മറ്റുള്ളവരിൽനിന്ന് അകറ്റും. അങ്ങനെയൊരു കാലത്തിലൂടെയാണ് ഞാനും കടന്നുപോയത്. എന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടപ്പോൾ, എന്റെ ജീവിതത്തിന്റെ പ്രകാശംതന്നെ നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതി.
പക്ഷേ, ഒരു ദിവസം എന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി കടന്നുവന്നു. എന്റെ കുറവുകളെക്കുറിച്ച് സഹതപിക്കുകയല്ല അവൾ ചെയ്തത്. എന്റെ കഴിവുകളെക്കുറിച്ച് എന്നെ ഓർമിപ്പിക്കുകയായിരുന്നു.

അവൾ എനിക്ക് കുറിപ്പുകൾ തന്നു. പാഠഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു. പഠിക്കാൻ പ്രേരിപ്പിച്ചു. സങ്കടപ്പെട്ടപ്പോ ൾ കൂടെയിരുന്നു. അതിലുപരി, ഞാൻ എന്നെത്തന്നെ വിശ്വസിക്കാൻ മറന്നപ്പോൾ അവൾ എന്നിൽ വിശ്വസിച്ചു. പക്ഷേ അവൾ…അവൾക്ക് എന്നോടൊപ്പം ആ വിജയം ആഘോഷിക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ടെന്ന് നിങ്ങൾക്ക് പിന്നീട് മനസ്സിലാകും…”
ശ്രീജിത്ത് സാവധാനം പൂർവ്വകാലത്തിന്റെ ഇടനാഴിയിലൂടെ നടന്നു. പഴയ കാലം അയവിറക്കി.
സ്കൂളിലേക്ക് കുട്ടികൾ പല ദിക്കുകളിൽ നിന്നും വന്നുകൊണ്ടിരുന്നു. ചിലർ ബസ്സുകളിൽ ചിലർ ഓട്ടോറിക്ഷകളിൽ മറ്റു ചിലർ സ്വന്തം വാഹനങ്ങളിൽ ഇനിയും ചിലർ ഇരു ചക്ര വാഹനങ്ങളിൽ.
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു അന്ന്. സ്കൂൾ പതുക്കെ സജീവമായിത്തുടങ്ങുകയായിരുന്നു. അവധിക്കാലം കളിക്കാലമായിരുന്നു. അത് തീർന്നതിന്റെ വൈഷമ്യത്തിൽ ആയിരുന്നു എല്ലാവരും. അവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു
ശ്രീജിത്ത്. അവൻ ആ വർഷം പത്താം ക്ലാസിലേക്ക് ജയിച്ചു കയറി. അതിന്റേതായ പിരിമുറുക്കം അവന്റെ മനസ്സിനുണ്ടായിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു കഴിഞ്ഞവർഷം അവന് ഉണ്ടായത്.അവനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അവന്റെ അമ്മ കാൻസർ പിടിപെട്ട് മരിച്ചുപോയി. അവൻ അവരുടെ ഏക മകനായിരുന്നു.അമ്മയുടെ ഉത്തരവാദിത്വം കൂടി അച്ഛൻ ഏറ്റെടുക്കേണ്ടി വന്നു.അച്ഛൻ പരിമിതികൾക്കുള്ളിൽ കിടന്ന് ഞെളിപിരികൊള്ളുന്നത് അവൻ കണ്ടുകൊണ്ടിരുന്നു.
അമ്മ മരിക്കുന്നതിന് രണ്ടുവർഷം മുൻപ് അന്നൊരു ദിവസം അവൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിന്ന അവന്റെ മുഖത്ത് പന്ത് വന്ന്‌ അടിച്ചത്.അതിന്റെ ആഘാതത്തിൽ അവന്റെ ഇടതു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പാതി അടഞ്ഞ അവന്റെ ഇടതു കണ്ണ് അവന് ഒരു കുറവ് പോലെ അനുഭവപ്പെട്ടു. അതിനുശേഷം പഠനത്തിൽ പുറകോട്ടായി.

ചികിത്സകൾ പലതും നടത്തിയെങ്കിലും പഴയപോലെ കാണാൻ കഴിഞ്ഞില്ല, പഠിക്കാനും… അതിലുപരി ആ സംഭവം അവനെ മാനസികമായി വളരെയധികം തളർത്തി.
പക്ഷേ, അവൻ അവന്റെ മനസ്സിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
മറ്റുള്ളവരുടെ സഹതാപം ഇഷ്ടപ്പെടാതിരുന്ന അവൻ തന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി ആരും കാണരുതെന്നു കരുതിയിരുന്നു.
അന്ന് സ്‌കൂൾ അസംബ്ലി കഴിഞ്ഞപ്പോൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രവേശനോത്സവം നടത്താൻ കുട്ടികളെല്ലാവരും വരിവരിയായി അങ്ങോട്ടേക്ക് പോയി . അവന്റെ ക്ലാസിലെ ആൺകുട്ടികളുടെ വലതുവശത്തുകൂടി പെൺകുട്ടികളുടെ നിര മുൻപോട്ട് നീങ്ങുന്നത് അവൻ കണ്ടു. ആ നിരയിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി അവനെ ഇടയ്ക്കിടയ്ക്ക് കണ്ണ് വെട്ടിച്ചു നോക്കുന്നത് അവൻ ശ്രദ്ധിച്ചു. അവന്റെ കണ്ണിന്റെ വൈകല്യംകൊണ്ട് അവളെ നേരിടാൻ അവന് ധൈര്യം ഉണ്ടായിരുന്നില്ല.

“നീയെന്താ എന്നെ തുറിച്ചു നോക്കുന്നത്? “
എന്ന് ചോദിക്കണമെന്ന് അവനു തോന്നി.എങ്കിലും അവൻ ഒന്നും മിണ്ടിയില്ല.
അന്ന് ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് എല്ലാവരും ഊണ് കഴിക്കാനായി പോയപ്പോൾ ശ്രീജിത്ത് മാത്രം പിൻ ബെഞ്ചിൽ ഒതുങ്ങിയിരുന്നു.
“നീയെന്താ ഒന്നും കഴിക്കുന്നില്ലേ”?
പെട്ടെന്നുള്ള ആ ചോദ്യം കേട്ട് അവൻ അത്ഭുതത്തോടെയും ഭയത്തോടെയും തിരിഞ്ഞുനോക്കി. അത് അവൾ ആയിരുന്നു. രാവിലെ അസംബ്ലിയിൽ വച്ച് അവനെ രൂക്ഷമായി നോക്കിയ ആ പെൺകുട്ടി.
“ഞാനിന്ന് ചോറു കൊണ്ടുവന്നില്ല.!”
“അതെന്താ വീട്ടിൽ ചോറ് വെച്ചില്ലേ? “
അവൾ വീണ്ടും ചോദിച്ചു.

പെട്ടെന്ന് എന്തു മറുപടി പറയണമെന്ന് അവന് അറിയില്ലായിരുന്നു. ജീവിതത്തിലാദ്യമായി കണ്ടുമുട്ടുന്ന ഈ പെൺകുട്ടിയോട് വീട്ടിലെ അമ്മയുടെ മരണവും ബുദ്ധിമുട്ടുകളും ഒക്കെ പറയുന്നത് ഒരു കുറവായി അവൻ കരുതിയിരുന്നു. അതുകൊണ്ട് അവൻ മൗനമായിരുന്നു. പകരം അവൻ ഒരു ചോദ്യം ചോദിച്ചു :
“ഈ സ്കൂളിൽ ആദ്യം വന്നതാ…? ഇതിനു മുൻപ് എവിടെയോ പഠിച്ചിരുന്നത്? “
“ഞാൻ ദുബായിലാണ് പഠിച്ചത്. എന്റെ അച്ഛനും അമ്മയ്ക്കും അവിടെയായിരുന്നു ജോലി. അവർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോന്നു. എന്റെ പഠനം അവിടെ ശരിയാകില്ലെന്നാണ് അവരുടെ വിചാരം”.
അതു പറഞ്ഞിട്ട് അവൾ ഒന്നും പുഞ്ചിരിച്ചു.ആ പുഞ്ചിരിയിൽ എന്തോ ദുരൂഹത അടങ്ങിയിരിക്കുന്ന പോലെ അവനു തോന്നി. പക്ഷെ,അവളുടെ വാചാലത കണ്ടു അവൻ അമ്പരന്നു. കുറച്ചുകഴിഞ്ഞപ്പോൾ അവൻ ചോദിച്ചു:
“ഇവിടെ എവിടെയാ വീട്? “
“ഒരു നാല് കിലോമീറ്റർ അപ്പുറത്ത്. ഇതെന്തുപറ്റി കണ്ണിന്”?
അവൾ ചോദിച്ചു.
“ക്രിക്കറ്റ്ബോൾ വന്നു തട്ടിയതാ”
അതു പറയുമ്പോൾ അവളുടെ മുഖത്ത് ഭാവവ്യത്യാസ ഉണ്ടാകുന്നുണ്ടോ എന്ന് അവൻ ശ്രദ്ധിച്ചു. കാരണം സഹതാപം അവൻ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അവൾ മുഖത്ത് യാതൊരു വ്യത്യാസവും കാണിച്ചില്ല.
“ എന്താ പേര്? “
“ മായ”.
“ വലിയ പഠിപ്പിസ്റ്റായിരിക്കും! അല്ലേ “?
അവൾ വീണ്ടും നേരിയ ഒരു പുഞ്ചിരി മറുപടിയായ് നൽകി.
“ ഞാനും ക്ലാസിലെ ടോപ്പർ ആയിരുന്നു. ഈ കണ്ണ് പോയതോടെ…”
അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. അപ്പോഴും അവൾ യാതൊരുവിധ സഹതാപവും മുഖത്ത് പ്രകടിപ്പിച്ചില്ല.

“ശ്രീജിത്തേ, ഒരാളുടെ കുറവുകൾ അയാളുടെ കഴിവുകളെക്കാൾ വലുതാണെന്ന് കരുതുന്നതാണ് യഥാർഥ കുറവ്. നിനക്ക് ഒരു കണ്ണിന് കാഴ്ചയില്ലായിരിക്കാം. പക്ഷേ, മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത പലതും നിനക്ക് കാണാൻ കഴിയുമല്ലോ!”
അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ എവിടെയോ തൊട്ടു.
“എന്താ നീ ഉദ്ദേശിച്ചത്?”
“ശ്രീജിത്തേ, കാഴ്ചയല്ല പ്രധാനം, ഉൾക്കാഴ്ചയാണ്.അതൊക്കെ വഴിയേ മനസ്സിലാകും. പിന്നെ, നീ ഇന്ന് ചോറ് കൊണ്ടുവന്നില്ലെന്ന് പറഞ്ഞില്ലേ? നമുക്ക് ഒരുമിച്ച് കഴിക്കാം.”
മായ തന്റെ ഭക്ഷണപ്പൊതി തുറന്നു. അതിൽനിന്ന് പകുതി ചോറ് അവന്റെ മുന്നിലേക്ക് നീക്കിവച്ചു.
“വേണ്ട, എനിക്ക് വിശപ്പില്ല.”
“നീ കൂടുതൽ ന്യായം പറയാതെ കഴിക്ക്.”
അവൾ ചിരിച്ചു. ഏറെക്കാലത്തിനുശേഷം ശ്രീജിത്തിന്റെ ചുണ്ടിലും ഒരു ചെറുപുഞ്ചിരി വിടർന്നു.
പിന്നെ രണ്ട് ദിവസം മായ സ്കൂളിൽ വന്നില്ല. അവൻ അവളെക്കുറിച്ച് അവളുടെ കൂട്ടുകാരികളോടൊക്കെ ചോദിച്ചു. പക്ഷേ അവർക്കൊന്നും അവളെക്കുറിച്ച് അറിയില്ലായിരുന്നു.
“പിന്നെ മായ സ്കൂളിൽ വന്നപ്പോൾ അവൻ ചോദിച്ചു:
നീ എവിടെ പോയിരുന്നു? രണ്ടുദിവസം കണ്ടില്ലല്ലോ?”
അവൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
അന്നുമുതൽ മായ അവന്റെ സഹപാഠി മാത്രമായിരുന്നില്ല. അവന്റെ ഏകാന്തതയിലേക്ക് കടന്നുവന്ന ഒരു നല്ല കൂട്ടുകാരിയായിരുന്നു. പക്ഷേ ഇടയ്ക്കിടയ്ക്ക് അവൾ അപ്രത്യക്ഷയാകുമായിരുന്നു ഒരു മായയെ പോലെ….
ദിവസങ്ങൾ കടന്നുപോയി.

ക്ലാസിൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ മായ ശ്രദ്ധയോടെ കുറിപ്പുകളെടുക്കും. പാഠങ്ങൾ അവൾ അവന് ഉറക്കെ വായിച്ചു കൊടുത്തിരുന്നു. സംശയമുള്ള ഭാഗങ്ങൾ വീണ്ടും വിശദീകരിച്ചുകൊടുക്കും. എന്നാൽ ഒരിക്കലും അവനെ സഹതാപത്തോടെ നോക്കിയിരുന്നില്ല. അവൻ തെറ്റു വരുത്തിയാൽ തിരുത്തും. പഠിക്കാതിരുന്നാൽ വഴക്കുപറയും. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ കളിയാക്കും.
എന്നെക്കാൾ നന്നായി പഠിക്കാൻ നിനക്കു കഴിയും. പക്ഷേ, നീ തോൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്,” എന്നായിരുന്നു അവളുടെ പതിവു പരാതി.
ആ വാക്കുകൾ ശ്രീജിത്തിനെ ചിന്തിപ്പിച്ചു.
അവൻ പതുക്കെ പഠനത്തിലേക്ക് മടങ്ങിവന്നു. പത്താം ക്ലാസിലെ പൊതുപരീക്ഷ അടുത്തെത്തിയപ്പോൾ അവന്റെ മനസ്സിൽ വീണ്ടും പഴയ ആത്മവിശ്വാസം മുളപൊട്ടി.
എങ്കിലും ചില ദിവസങ്ങളിൽ അമ്മയുടെ ഓർമകൾ അവനെ വല്ലാതെ തളർത്തിയിരുന്നു. അങ്ങനെയൊരു ദിവസം ക്ലാസ് കഴിഞ്ഞ് സ്കൂൾ വരാന്തയിൽ തനിച്ചിരിക്കുകയായിരുന്നു അവൻ.
“എന്താ, ഇന്നും പഠിക്കാൻ മടിയാണോ?” മായ അടുത്തുവന്നു ചോദിച്ചു.
“അല്ല. അമ്മയെ ഓർത്തുപോയി.”
അവന്റെ കണ്ണുകൾ നിറഞ്ഞു.

“ഞാൻ നന്നായി പഠിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. ഞാൻ നല്ല മാർക്ക് വാങ്ങുമ്പോൾ അമ്മയുടെ മുഖത്തുണ്ടായിരുന്ന സന്തോഷം… ഇനി അതൊന്നും കാണാൻ കഴിയില്ലല്ലോ!”
മായ ഒന്നും പറഞ്ഞില്ല. അവന്റെ അരികിലിരുന്നു.
കുറച്ചുനേരത്തിനുശേഷം അവൾ പതുക്കെ പറഞ്ഞു:
“ശ്രീജിത്തേ, അമ്മയുടെ മുഖം നിനക്ക് ഓർമയില്ലാതാകുമോ?”
“ഇല്ല.”
“അമ്മയുടെ സ്നേഹം നിന്റെ മനസ്സിൽനിന്നും മാഞ്ഞുപോകുമോ?”
“ഒരിക്കലുമില്ല.”
“അപ്പോൾ നീ നന്നായി പഠിച്ച് വിജയിക്കുമ്പോൾ അമ്മയ്ക്ക് സന്തോഷിക്കാനാവില്ലെന്ന് എന്തിനാണ് കരുതുന്നത്? നിന്റെ കണ്ണുകൾക്ക് അമ്മയെ കാണാൻ കഴിയില്ലായിരിക്കാം. പക്ഷേ, അമ്മയെ നിന്റെ ഹൃദയത്തിൽനിന്ന് ആർക്കും എടുത്തുമാറ്റാൻ കഴിയില്ലല്ലോ!”
ആ വാക്കുകൾ കേട്ടപ്പോൾ ശ്രീജിത്ത് മുഖമുയർത്തി മായയെ നോക്കി. അവന്റെ മനസ്സിൽ കെട്ടിക്കിടന്ന സങ്കടങ്ങൾ പതുക്കെ കണ്ണുനീരായി ഒഴുകി. മായ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. അവന്റെ കണ്ണുനീർ ഒഴുകിത്തീരുന്നതുവരെ അവൾ അവനോടൊപ്പം ഇരുന്നു.
അന്നുമുതൽ ശ്രീജിത്ത് ഒരു പുതിയ തീരുമാനമെടുത്തു. തന്റെ പരിമിതികളെ ഓർത്ത് കരയുന്നതിനു പകരം, തനിക്കുള്ള കഴിവുകളെ വളർത്തിയെടുക്കണം.

പൊതുപരീക്ഷ കഴിഞ്ഞു. ഫലപ്രഖ്യാപനത്തിന്റെ ദിവസം വന്നെത്തി.
സ്കൂളിൽ എല്ലാവരും ആകാംക്ഷയോടെ ഫലം കാത്തുനിൽക്കുകയായിരുന്നു.ശ്രീജിത്തിന്റെ ഹൃദയം പടപടാ മിടിച്ചു. കഴിഞ്ഞ വർഷങ്ങളിൽ താൻ നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചുപിടിക്കാനാകുമോ എന്ന ആശങ്ക അവനുണ്ടായിരുന്നു.
ഫലം വന്നപ്പോൾ ക്ലാസിലെ കുട്ടികൾ ആഹ്ലാദത്തോടെ പരസ്പരം അഭിനന്ദിച്ചു.
ശ്രീജിത്ത് തന്റെ മാർക്ക് നോക്കി. അവന് വിശ്വസിക്കാനായില്ല. അവൻ മികച്ച വിജയം നേടിയിരിക്കുന്നു!
അവന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ, ഇത്തവണ അത് സങ്കടത്തിന്റെ കണ്ണുനീരായിരുന്നില്ല.
“മായേ… ഞാൻ ജയിച്ചു!”
അവൻ വിളിച്ചുപറഞ്ഞു.
പക്ഷേ മായ…
മായ എവിടെ? അവളെ കണ്ടോ?”
അവൻ കൂട്ടുകാരോടു ചോദിച്ചു.
ആർക്കും വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഒടുവിൽ ക്ലാസ് ടീച്ചർ അവനെ അരികിലേക്ക് വിളിച്ചു
‘എന്താ, ടീച്ചർ? അവൾക്ക് എന്തുപറ്റി?”
അവന്റെ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞു.

ടീച്ചർ കുറച്ചുനേരം മൗനമായി നിന്നു. ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു. പിന്നെ പതുക്കെ പറഞ്ഞു:
“മായ നമ്മളെ വിട്ടുപോയി, മോനേ…”
ഒരു നിമിഷം ശ്രീജിത്തിന് ചുറ്റുമുള്ളതെല്ലാം നിശ്ചലമായതുപോലെ തോന്നി.
“എന്താ ടീച്ചർ ഈ പറയുന്നത്? മായ… അവൾ എവിടേക്കും പോകില്ലെന്ന് എന്നോട് പറഞ്ഞതല്ലേ? എനിക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടുമ്പോൾ ആദ്യം അഭിനന്ദിക്കുമെന്ന് പറഞ്ഞതല്ലേ?”
അവൾക്ക് രക്താർബുദമായിരുന്നു, മോനേ. കുറച്ചുനാളായി ആ രോഗത്തോട് പോരാടുകയായിരുന്നു. ചികിത്സയ്ക്കായി പല സ്ഥലങ്ങളിലും കൊണ്ടുപോയി. പക്ഷേ, അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾക്കായില്ല…”
ടീച്ചറുടെ വാക്കുകൾ ഇടറിപ്പോയി. കണ്ണുനീർ തുടയ്ക്കാൻപോലും മറന്ന് ശ്രീജിത്ത് അവരെ നോക്കിനിന്നു.
അവൾക്ക് രക്താർബുദമായിരുന്നു, മോനേ. കുറച്ചുനാളായി ആ രോഗത്തോട് പോരാടുകയായിരുന്നു. ചികിത്സയ്ക്കായി പല സ്ഥലങ്ങളിലും കൊണ്ടുപോയി. പക്ഷേ, അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾക്കായില്ല…”
തന്റെ കണ്ണിന്റെ വൈകല്യത്തെക്കുറിച്ച് ആരും ചോദിക്കരുതെന്ന് ആഗ്രഹിച്ചിരുന്ന കാലത്ത്, തന്റെ കുറവുകളെ കുറവുകളായി കാണാതെ ചേർത്തുപിടിച്ച ആ കൂട്ടുകാരി… താൻ തളർന്നപ്പോഴെല്ലാം ആത്മവിശ്വാസം പകർന്ന ആ സ്നേഹനിധി… ഇനി ഒരിക്കലും തന്നെ വിളിക്കില്ലെന്ന സത്യം അവന് ഉൾക്കൊള്ളാനായില്ല.

“ടീച്ചർ, അവൾ എന്നോട് ഇതൊന്നും പറഞ്ഞില്ലല്ലോ! അവൾക്ക് ഇത്ര വലിയ അസുഖമുണ്ടായിരുന്നെങ്കിൽ… എനിക്കൊന്നു കാണാമായിരുന്നല്ലോ!”
അവൻ പൊട്ടിക്കരഞ്ഞു. മായ അവൾ ശരിക്കും ഒരു മായ പോലെ… അപ്രത്യക്ഷയായി….തന്റെ ജീവിതത്തിൽ നിന്നും…. ഈ ഭൂമിയിൽ നിന്നും…
സ്റ്റേജിൽ നിന്നും വിതുമ്പിക്കൊണ്ട് താഴേക്ക് ഇറങ്ങിയ ശ്രീജിത്ത് അവന്റെ കണ്ണുകൾ തുടച്ചു. സ്റ്റേജിൽ താഴെ ഇരുന്നവർ അവന്റ ഭാവഭേദങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രസംഗത്തിന്റെ ആദ്യഭാഗത്ത് കൈയ്യടിച്ചവർ പിന്നീട് എന്ത് ചെയ്യണം എന്നറിയാതെ അവനെ നോക്കി കണ്ണുനീർ തുടച്ചു.
എവിടെനിന്നോ വന്നൊരു ഇളംകാറ്റ് സ്കൂൾ വരാന്തയിലൂടെ ഒഴുകിയെത്തി ശ്രീജിത്തിനെ തഴുകി കടന്നുപോയി. അവന്റെ മായയെ പോലെ….ഒരു നിമിഷം അവൻ കണ്ണുകളടച്ചു.മായ അരികിലിരുന്ന് തന്നെ ആശ്വസിപ്പിക്കുന്നതുപോലെ അവനു തോന്നി.

തോമസ് കാവാലം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *