കഠിനമാം പാറക്കെട്ടുകൾ ജീവിത-
മേകുന്നതാം ഭാരക്കെട്ടുകൾ പോലയാ-
ക്കടലിൻ നടുവിലായകപ്പെടുന്നോർക്കാർദ്ര-
യഴൽക്കടൽ താണ്ടുവാനുണരും പ്രകാശമേ,
പ്രയാസമാണെങ്കിലുമാശ്വാസ തീരമാ-
യറിയും കരളിനേകുന്നഭയ നിർഭയം.
പ്രകാശഗോപുരങ്ങൾപോലെ ചില മനം
പ്രഭാതപൂരിതമാക്കുന്നു ഹൃത്തടം
കദനാഴിയൊന്നു താണ്ടീടുവാനാകാതെ
കരൾത്തിളക്കംതേടിടുന്ന വർക്കാശ്രയം.
വേദാന്തമില്ലവർക്കെങ്കിലും കരുണാർദ്ര-
കരളിൻപുലരിയാലുണരുന്നു ദർശനം
കരതലംനീട്ടുന്ന കാലമേ,യാ വരം
കരുതൽച്ചിറകു താഴ്ത്തുന്നില്ലെ പലവിധം?
നിത്യാർദ്ധ പകലുപോൽ നിൽക്കുന്നവർക്കില്ല-
യിരുളിൽത്തെളിച്ചമായ്ത്തുടരുവാനൊരു മനം
പുഞ്ചിരിക്കുന്നവർക്കുള്ളിലുണ്ടാവില്ല-
യഭയമായുണരുന്നയാരമ്യയുൾത്തടം.
കരളിനാലറിയുന്നവർ സദാ ജീവിതം
മഹനീയമായിത്തെളിക്കുന്നു സാദരം
കാതരഹൃദയങ്ങൾക്കൻപാർന്നയാ,മനം
കാരുണ്യകിരണമായുണരും പ്രഭാമയം.
കൺതുറക്കാതിരിക്കുന്നില്ലയീശ്വരൻ
കമനീയ ദീപപ്രഭയേകിടുന്നവൻ
സ്ഥാപിച്ചിടുന്നൂർജ്ജ ഹൃദ്ഗോപുരങ്ങളിൽ
സ്ഥലകാലഭേദമറ്റാർദ്രപ്രദീപകം.
അഴലിൻ നിഴലിനാലിരുളുന്നയാഴിയിൽ
അഴിയാതെ കാക്കുന്നഴകാർന്ന ജീവിതം
നടുക്കടൽത്തിരകളാലമ്മാനമാടിലും
താഴാതെ,തകരാതെ കാക്കുന്നു തൃക്കരം.
നിന്നകംതന്നെയാണാ, ദീപസ്തംഭവും,
നിത്യം തുണയ്ക്കുന്ന യൂർജ്ജപ്രദീപവും
വിളക്കുമാടങ്ങൾപോലുണരുന്ന മർത്യകം
മണ്ണിൽപ്പിറന്ന നി,ന്നാർദ്ര പ്രതീകവും….

By ivayana

Leave a Reply

Your email address will not be published. Required fields are marked *