ചൊവ്വുള്ളയരുമയാമരുണവർണ്ണിനി
ചെണ്ടുമലർപ്പോലെ ചേതനയിലായി
ചേവടിയിലഴകാർന്നനൂപുരമണിയാൽ
ചേലൊത്തുച്ചാഞ്ചാട്ടമാടീടുവാനായി.
ചന്ദ്രാകാരമണിഫാലത്തിലഴകാർന്നു
ചാരുഗ്രാത്രത്തിലലങ്കാരാടയാഭരണം
ചങ്ങാത്തമോടുള്ളകിങ്ങിണിസ്മേരം
ചലാചലമെല്ലാമാകർഷമായലിയുന്നു.
ചന്ദ്രഘണ്ടാകാന്തിയിന്ദുഗോപമായി
ചാരെമഴയോടുപെയ്തിറങ്ങുമ്പോൾ
ചിലമ്പൊലിതൂകുന്നനേർത്തനാദം
ചന്നം ഛിന്നമായി തൂകിയടരുവാൻ .
ചണ്ഡവേഗിനിയചഞ്ചലമാർന്നങ്ങു
ചേതനയിലായൂർജ്ജപ്പൂർണ്ണമാകേ
ചലനജലോച്ഛ്വാസവാണിയാലാനന്ദം
ചാരത്തണഞ്ഞങ്ങുദദ്രതയാർന്നു.
ചാരിതാർത്ഥ്യമോടേകുന്നനുഗ്രഹം
ചെയ് വിനയെല്ലാമുത്തമമാക്കാൻ
ചേഷ്‌ടകളിലേപാംശുവൊഴിച്ചാഹാ
ചുമതലാബോധത്തിലേകാഗ്രമാക്കും.
ചന്ദ്രഗ്രഹണംപോലജ്ഞതയാലെ
ചിതലരിച്ചൊടുക്കുന്ന വാരകകൾ
ചാരുനയനാഗ് നിയാലുരുക്കുവാനും
ചേരേണ്ടതനുചിതംചേർക്കാനായും.
ചോരിവർണ്ണാകാരക്കാന്തിയാലെ
ചാലെയലിയുന്നഷ്ടൈശ്വര്യസിദ്ധി
ചാരുദീപ്തിയായിയുരിത്തിരിഞ്ഞ്
ചാലായിത്തീരുന്നഭാസിലായാകാരം.
ചട്ടമാഗമതത്ത്വവിതാനനിദർശനം
ഛിദ്രമൊഴിക്കാനുള്ള ഹേതുവാകെ
ചേതനയേയെല്ലാമുത്തമമാക്കാൻ
ചൂഡയിലറിവായവിജ്ഞാനകമലം.
ചീത്തയായുള്ളവൃത്താന്തമെല്ലാമമ്മ
ചിത്തശുദ്ധിയാൽ നിവർത്തിയാക്കേ
ചതുരതയോടേകുന്നുപദേശമോടെ
ചിഹ്നമാക്കുന്നാധാരസ്വസ്‌തിച്ചക്രം.
ചിന്താവിഷയമാത്മാനാത്മവിവേകം
ചഞ്ചലച്ചിത്തത്തിൽവേർതിരിക്കേ
ചിത്രമാകുന്നോരാത്മബോധോദയം
ചീട്ടുപോലുള്ളിലെഴുതീടുവാനായമ്മ.
ചികുരകാന്തിയിലാകാശമണ്ഡലം
ചുട്ടിയിലായിതാപ്രകാശഗോളങ്ങൾ
ചോലപ്പോലാനന്ദകടാക്ഷപ്പുഞ്ചിരി
ചുവടിലതിമഞ്ജുളനർത്തനമുദ്രയും.
ചിതാനന്ദനിലാദരവോടലിയുമ്പോൾ
ചാരത്തിരുന്നൊത്തു സല്ലപിക്കാനും
ചക്രവർത്തിനീശ്രീവിലാസത്താലേ
ചിലയിടങ്ങളിൽ സംഹാരരുദ്രയായി.
ചന്ദനത്തൈലസുഗന്ധംപൂശുമ്പോൾ
ചാരുഗാത്രാംഗശൃംഗാരചേഷ്ടയാൽ
ചേതസ്സാമാകർഷണമാതംഗിയായി
ചന്ദത്തിലാരെയുംവശ്യമാക്കാനായും.
ചരാചരങ്ങൾക്കാശ്രയനിദാനമായി
ചാരിതാർത്ഥ്യമേറിയരുളുമ്പോളോ
ചാരിത്രശീലമാരക്കേളിയേൽക്കാതെ
ചാരേച്ചിരിക്കുന്നദുർഗ്ഗാകന്യയായും.
ചാരുശാഖയിലേപ്പൂങ്കുയിൽനാദമായി
ചിലമ്പൊലിയാൽവിശ്രുതദീപ്തിയിൽ
ചൂഢാമണിയായചന്ദ്രഘണ്ടയായമ്മ
ചിന്മയരൂപമായാരിലുമലിഞ്ഞീടുന്നു.
ചണ്ഡാഗുണനുപ്രഹരമേകുന്നുചിതം
ചരണദാസർക്കാനന്ദലബ്ധിയാലെ
ചിതാമോദലോകത്തിലെത്തിയാൽ
ചിന്മയരൂപത്തിലലിഞ്ഞുച്ചേരാനും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *