പഴകി ദ്രവിച്ച അരണിക്കോൽ
വീണ്ടും കടയുന്നു തമ്പുരാന്മാർ
ഉപചാപത്തിന്റെ പൂണൂകളിന്നും
ഉപനയനത്തിന്റെ കണ്ണുകൾ
തുറക്കാതെ പിടിക്കുന്നു.
വംശ വൃദ്ധിയുടെ ആട്ടകലാശത്തിൽ
ആറ്റുപോയ പെരുവിരലിന്ന് ദക്ഷിണ
ഗുരുവിനെ തേടിയിന്നും നടക്കുന്നു
മോഹന ചന്ദ്രികയിൽ തൂങ്ങിയാടിയ
കിളിക്കുഞ്ഞ് ലക്ഷ്യം കാണാതെ
വനത്തിനുള്ളിൽ ഇരുട്ടിൽ തപ്പുന്നു.
അധികാരത്തിമിർപ്പിൽ ക്ഷത്രിയന്മാർ
മാറ് ചൂഴ്ന്ന മാങ്കിടാവ് ജാതി തേടിയലയുന്നു,
യുദ്ധ ഭൂമിയിൽ വീര
രഥയാത്രയുടെ കുളമ്പടികൾ
മണ്ണ് ഭേധിച്ച മർക്കട മുഷ്ടികൾ
മാത്രമായ് ഓടിക്കിതച്ചു ചക്രമഴിയുന്നു.
പൊരിന്റെ പരിണിത ഫലങ്ങൾ
മനുഷ്യനെ വേർതിരിക്കുമ്പോൾ
മൂക സാക്ഷിയായ് ശക്തമായ
അഭിനയ മുഹൂർത്തങ്ങൾ പൂർണ്ണമായ
തിരക്കഥയിൽ ദൈവങ്ങളെ
ചില്ലറകാശിനു വരച്ചു വിൽക്കുന്ന
തെരുവോരങ്ങളിൽ ശാന്തിയടയുന്നു.
ഇന്നലകളിലെ ആകാശം വെളിച്ചമാണ്
ഇന്നിന്റെ ആകാശം പുകപടലങ്ങളിലും
വെടിക്കൊപ്പുകളിലും യുദ്ധം ചെയ്തു
മരണ സമയം കുറിക്കുന്ന സൂചിക
കാലഘട്ടത്തിലെ അടിമത്വങ്ങൾ
എഴുതി തീർച്ചപ്പെടുത്തുവാൻ
ചുവന്ന മഷിചുരത്തും തൂലിക.
വർഗ്ഗപരമായ ഐക്യത്തിൽ നിന്നും
വർഗീയ പരമായ ചേര് തിരിവിലേയ്ക്ക്
അടിസ്ഥാന വർഗ്ഗവും അണിചേർന്നതിനെ
പറ്റി എഴുതി വെയ്ക്കണം
കടന്നു പോയ ഇടപെടലുകൾ
സുവർണ മുദ്രകളാക്കി പട്ടും
വളകളും വാങ്ങികൂട്ടിയ ജന്മികൾ.
പൊതുമുതൽ വാങ്ങികൂട്ടി
പുരകത്തിച്ചു തീ കായുന്ന
പത്തായപ്പുരയുടെ അവകാശികൾ
നിലയവിധ്വാന്മാർ വിധിക്കുന്ന
വിവരക്കേടിന്റെ ചുറ്റികകൾ
ആഞ്ഞടിക്കുന്നത് അടിയാന്റെ
കൂരയ്ക്ക് മുകളിൽ മാത്രം.
അധഃപധനങ്ങളുടെ ഉപചാപസംഘ_
വൃത്തത്തിൽ നിന്നും വേർപെടുത്തി
കടുത്തനന്മയുടെ എഴുത്താണികൾ
ഒരിക്കലും ചിതലെടുക്കാത്ത നാരായം
കോറിയിട്ട പനയോലകളിൽ എഴുതി.
ഒളിവിലെ ഓർമ്മകൾ ഇന്നും എന്നും
ദ്രാവിഡ വൃത്തത്തിൽ അലിഞ്ഞു ചേരുന്നു
മനുഷ്യ വൃത്തത്തിനുള്ളിൽ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *