രചന : മധുശങ്കർ മീനാക്ഷി ✍️
❤️
എത്ര നടന്നാലും
എത്താത്ത
നീണ്ട വരാന്തയായിരുന്നു..
ഇടയ്ക്ക് നിറയെ തൂണുകൾ,
ഇറയത്തേയ്ക്ക് വേര് പായിച്ച
കഴുക്കോലും
ഇരട്ടപ്പാത്തിയോടും.!
പച്ചത്തുള്ളനും
വേനൽത്തുമ്പിയും
പറന്നുനടന്ന
നടുമുറ്റമായിരുന്നു..
മുറ്റത്തിന്റെ നടുവിൽ തുളസിത്തറ,
അതിരിലെ
അരമതിലിനെപ്പൊതിഞ്ഞ്
മതിൽപ്പച്ച.!
പടിക്കലേയ്ക്ക് തെറുത്തുവെച്ച
നീണ്ട നടവഴിയുടെ
ഇരുവശത്തും
കാറ്റിലൂയലാടുന്ന ചെമ്പകം..
ഒരുപാട് ഒച്ചകൾ
ഒളിച്ചുപാർത്ത വീട്..
എല്ലാ ഒച്ചകൾക്കും കൂടി
ഒരു മേൽവിലാസം.!
“കത്തുണ്ടോ, കമ്പിയുണ്ടോ.?”
ആരും ചോദിച്ചില്ല..
ഓരോ കത്തും കമ്പിയും
അതാത് ഒച്ചകളെത്തേടി
തെക്കിനിയിലും
ഉരക്കുണ്ടിലും
കൊക്കരണിയിലും
കാലവർഷക്കാറ്റുപോലെ
ഒഴുകിപ്പരന്നു.!
കുളിമുറിയിൽ നിന്ന്
പറ്റുകുപ്പായമിടാതെ ഈറനോടെ
പുറത്തേയ്ക്കു വന്ന
കുഞ്ഞനിയത്തിക്ക്
പോസ്റ്റുമാനെക്കണ്ടിട്ട്
ഒരങ്കലാപ്പുമില്ല..
അങ്കലാപ്പ് മുഴുവൻ
ഓന്റെ മുഖത്തായിരുന്നു.!
ഉമ്മറപ്പടി കയറുമ്പോൾ
പോസ്റ്റുമാനെ നോക്കി
കുഞ്ഞനിയത്തി ചിരിച്ചു.!
നീണ്ട വരാന്തയിലെ
ഒഴിഞ്ഞ ചാരുകസേരയ്ക്കുചുറ്റും
അവളുടെ കണ്ണുകൾ
വട്ടംചുറ്റിപ്പറന്നു.!
അച്ഛൻ മരിച്ചു കഴിഞ്ഞും
തുടരുന്ന പകപ്പ്.!
“കുഞ്ഞിലക്ഷ്മിക്കൊരു കത്തുണ്ട്..”
പതിവുപോലെ
പോസ്റ്റുമാൻ അന്നും പറഞ്ഞു..
ഒച്ചയില്ലാത്തൊരു ചിരി
പട്ടുകുപ്പായമിടാതെ
തുളസിക്കതിർ ചൂടി
അകത്തേക്ക് നടന്നുപോയി.!
വിജനമായ വീട്ടില്‍
ആ തുളസിത്തറ മാത്രമുണ്ട്
കിണർ വറ്റിയിട്ടും,
കൊക്കരണി നികന്നുപോയിട്ടും
ഇന്നും മഴ നനഞ്ഞ്,
പറ്റുകുപ്പായമിടാതെ,
ഒച്ചയറ്റ ചിരി മാത്രമായി.!
