രചന : സന്തോഷ് മലയാറ്റിൽ ✍️
ഭൂതകാലങ്ങളിലാണ്
നമ്മൾ വസന്തത്തിന്
പ്രണയമെന്ന് പേരിട്ട്
കൃഷ്ണമണികൾ
ചലിപ്പിക്കാതെ
അന്യോന്യം കാവലിരുന്നത്.
ഭൂതകാലങ്ങളിലാണ്
ഒരു മാത്രയിൽ
മിഴിയടരുമ്പോൾ
വേവലാതികളുടെ
കുത്തൊഴുക്കിൽ
നമുക്ക് ശ്വാസംമുട്ടിയിരുന്നത്.
ഭൂതകാലങ്ങളിൽ മാത്രമാണ്
രാത്രിമഴയിൽ
ജാലകങ്ങളിൽ പറ്റിയിരുന്ന
മഴത്തുള്ളികളോട്
പുലരിസൂര്യനെ
കിനാവിൽ നിറച്ച
കഥ പറഞ്ഞിരുന്നത്.
ഭൂതകാലങ്ങളിലാണ്
കൊയ്തൊഴിഞ്ഞ
നെൽപാടവരമ്പിലൂടെ
നിന്റെ കൈചേർത്തുപിടിച്ച്
കാവിലെ തെയ്യകോലങ്ങളുടെ
തീവെട്ടിയിൽ നമ്മൾ
നിഴലുകളായത്.
നമ്മൾ പരസ്പരം
കൈമാറിയ
കവിതകളിൽപോലും
ഭൂതകാലത്തെ
കുളിരണിയിച്ച
ഒരു കാറ്റിന്റെ
ഈരടികളുണ്ടായിരുന്നു,
“അവിടെയാണല്ലോ
നമ്മുടെ
പ്രണയത്തിന്റെ
അനശ്വരതയുടെ
അപൂർവ്വമായ അടയാളങ്ങൾ..

