ഞങ്ങൾ പരസ്പരം
അകന്നുപോയിരിക്കുന്നു.
ഇനിയൊരു കൂടിച്ചേരലിന്
അവസരമില്ലാത്ത വിധം
ദൂരങ്ങൾ അളന്നെടുത്തിരിക്കുന്നു.
അവസാന നിമിഷങ്ങളിൽപ്പോലും
അടുത്തിരിക്കാനായി
ഞാൻ യാചിച്ചിരുന്നു.
പരിഗണനയോ കരുതലോ വേണ്ട,
ഒരു വാക്കുകൊണ്ടെങ്കിലും
ചേർത്തുപിടിച്ചാൽ മതിയെന്ന്
മിഴിനിറച്ച്
ഉറക്കെ ഉറക്കെ പറഞ്ഞിരുന്നു.
പരിഭവങ്ങളും സങ്കടങ്ങളും
സ്നേഹവുമെല്ലാം
ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
കനിവുതേടി
കാലിൽ തൊട്ടപ്പോഴൊക്കെയും
“നീ എവിടെയെങ്കിലും പോകൂ”
എന്നായിരുന്നു മറുപടി.
ഒന്നും കേൾക്കാതെ,
ഒന്നും കാണാതെ,
തിരക്കുകളുടെയും സാഹചര്യങ്ങളുടെയും
പിന്നിൽ മനസ്സൊളിപ്പിച്ച്,
അവഗണനയുടെ കൂർത്ത മുള്ളുകൾ
നെഞ്ചിലാഴ്ത്തി
കടന്നുപോകുന്നതായിരുന്നു
അവിടങ്ങളിലെ പതിവ്.
എന്റെ മൗനം പോലും
അവിടെ സന്തോഷം പകരുന്നതായി
ഇന്നെനിക്ക് തിരിച്ചറിയാനാകുന്നു.
എന്നിലേക്കെത്താതെ പോയ
നിന്റെ മിഴികളും ചിന്തകളും,
എന്റെ കണ്ണീരിന് വളമായ
നിന്റെ പരിഹാസവും,
എന്റെ ഹൃദയത്തെ ശാന്തമാക്കിയ
നിന്റെ ശബ്ദവും,
എന്റെ സമാധാനത്തിന്റെ
ഒരേയൊരു കാരണമായിരുന്ന
ആ സ്നേഹവുമെല്ലാം
എനിക്ക് നഷ്ടമായെന്ന്
ഇന്നെനിക്ക് വ്യക്തമാണ്.
ഒരിക്കൽ എല്ലാമായിരുന്ന ഇടങ്ങൾ
ഇന്ന് ഒന്നുമല്ലാതാകുന്നു.
ഒരുറക്കത്തിനപ്പുറം
നേരിന്റെ വെളിച്ചം
ശൂന്യതയുടെ ആകാശം
എനിക്കു മുന്നിൽ വരച്ചിടുന്നു.
ഞാനെന്റെ ആത്മാവിനെ
അവിടങ്ങളിൽ ഉപേക്ഷിച്ച്
തിരിഞ്ഞുനടക്കാൻ പഠിച്ചിരിക്കുന്നു.
ഇനി എത്ര ശ്രമിച്ചാലും
അതെന്നിലേക്ക്
തിരികെ വരില്ലെന്നും
തിരിച്ചറിഞ്ഞിരിക്കുന്നു.
ഈ ലോകം
ആത്മാവ് നഷ്ടമായവളെന്ന്
എന്നെ നോക്കി
ആർത്തുവിളിച്ചേക്കാം.
എങ്കിലും,
ഞാനിപ്പോൾ
തമോഗർത്തങ്ങളുടെ ഇരുളിന്റെ
തോഴിയായിരിക്കുന്നു.
എന്റെ സ്നേഹം
ഒരു നിഴൽപോലെ
എന്നെ പിന്തുടരുന്നു…
ഒരിക്കലും മുക്തിയില്ലെന്നറിഞ്ഞിട്ടും,
അതില്ലാതെ വയ്യെന്നപോൽ
ഞാനതിനെ
നെഞ്ചോടു ചേർത്തുപിടിക്കുന്നു.
എങ്കിലും,
ഒരിക്കൽ ആത്മാവിനെ ഉപേക്ഷിച്ച
ആ ഇടങ്ങളിലേക്ക്
ഇനിയൊരിക്കലും
തിരിച്ചുനടക്കില്ലെന്ന്
ഞാനെന്നോടുതന്നെ
പറഞ്ഞുവെക്കുന്നു.
നഷ്ടമായതെല്ലാം
തിരികെ കിട്ടിയില്ലെങ്കിലും,
എന്നെ ഞാൻ
ഇനിയെങ്കിലും
നഷ്ടപ്പെടുത്താതിരിക്കട്ടെ…

By ivayana

Leave a Reply

Your email address will not be published. Required fields are marked *