രചന : വാസുകി വർദ്ധ ✍️
വാസുകിയിൽ പ്രണയമില്ല
പ്രണയം പോലും പടിവാതിൽക്കൽ
പാദമുദ്രയില്ലാതെ മടങ്ങിയതാണ്
അവളുടെ നിശ്ശബ്ദതയുടെ
അടിത്തട്ടിൽ ഇനിയും
വെളിച്ചം കണ്ടിട്ടില്ലാത്ത
ഒരു കറുത്ത കാവ്യമുണ്ട്
അവിടെ ചില ഓർമ്മകൾക്ക്
പേരില്ല, പിറവിയില്ല
ചില മുറിവുകൾക്ക്
രക്തമില്ല, സാക്ഷികളുമില്ല
മിഴികൾക്കപ്പുറം___
മറവിയുടെ ഏഴു പാളികൾക്കുള്ളിൽ
അവൾ തന്നെ അടക്കം ചെയ്ത
ചില അക്ഷരങ്ങളുണ്ട്✍🏻
ആരും വായിച്ചെടുക്കരുതെന്ന്
സ്വന്തം ആത്മാവിൽ കൊത്തിവെച്ച
വാസുകിയുടെ ഇരുളിൽ
പൂർത്തിയായൊരു അപൂർണ്ണകാവ്യം
അവളുടെ മൗനത്തിൽ മുദ്രിതമായവ
തുറന്നാൽ—
അവളെന്ന പേരിൽ ശേഷിക്കുന്നതെല്ലാം
വെറും ശൂന്യതയായിപ്പോകുന്ന
ഒരു ജന്മത്തിന്റെ ഗൂഢലിപി
