രചന : അഫ്സൽ വെള്ളിപ്പറമ്പ് ✍️
·
“നാനാ പടേക്കർ “
അഭിനയിച്ച നടനല്ല, കഥാപാത്രത്തിന്റെ ആത്മാവായി മാറിയ മനുഷ്യൻ.
അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വാക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല;
ആ ശബ്ദത്തിന് അലങ്കാരത്തിന്റെയും.
ഒരു നോട്ടത്തിൽ കോപം,
ഒരു നിശ്ശബ്ദതയിൽ വേദന,
ഒരു വാക്കിൽ ഒരു മനുഷ്യന്റെ പൊള്ളുന്ന ജീവിതം.
നായകനെയും വില്ലനെയും മറികടന്ന്
തിരശ്ശീലയിൽ അദ്ദേഹം നിർത്തിയത്
മനുഷ്യന്റെ നഗ്നസത്യത്തെയായിരുന്നു.
സിനിമയിൽ പലരും വന്നുപോയി.
ചിലർ നടന്മാരായി ഓർമ്മിക്കപ്പെട്ടു,
ചിലർ കഥാപാത്രങ്ങളായി.
നാനാ പടേക്കർ വന്നത് മനുഷ്യനായിട്ടായിരുന്നു.
ആ കണ്ണുകൾക്ക് വലിയ മേക്കപ്പൊന്നും വേണ്ടായിരുന്നു.
ഒന്ന് നോക്കിയാൽ മതി—
കോപവും സങ്കടവും ജീവിതവും
അവിടെ ഇരിപ്പുണ്ടാകും.
ആ ശബ്ദം കേൾക്കുമ്പോൾ
അത് ഒരു സംഭാഷണമായി തോന്നിയില്ല;
അടുത്ത വീട്ടിലെ ഒരു മനുഷ്യൻ
സ്വന്തം ജീവിതത്തോട് വഴക്കിടുന്നതുപോലെ തോന്നും.
മൂന്ന് ദേശീയ പുരസ്കാരങ്ങളും
പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തി.
പക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ പുരസ്കാരം
പ്രേക്ഷകരുടെ മനസ്സിൽ ലഭിച്ച ആ സീറ്റായിരുന്നു.
ആ സീറ്റ് ഇനി ഒഴിഞ്ഞുകിടക്കും.
പകരം ഇരിക്കാൻ ആരെങ്കിലും വന്നാലും,
അവിടെനിന്ന് ‘നാനാ പടേക്കറുടെ ശബ്ദം’
എളുപ്പത്തിൽ എഴുന്നേറ്റുപോകില്ല.
പ്രിയ നടന് ഹൃദയപൂർവം ആദരാഞ്ജലികൾ.
