പ്രസവിച്ചു കിടക്കുന്ന ശലോമിയോട് ആന്റപ്പൻ പറഞ്ഞു,
“എനിക്ക് നിന്നെ തീരെ വിശ്വാസമില്ല”
“കെട്ട് കഴിഞ്ഞ് കുഞ്ഞും ജനിച്ചു കഴിഞ്ഞപ്പഴാന്നോ ഇച്ചായന് സംശയം?”- ശലോമി ചോദിച്ചു.
“നിന്നെ കെട്ടിക്കോണ്ട് വന്നപ്പഴേ ഒള്ളതാ..ഇപ്പഴത് കൂടുതൽ ബോധ്യപ്പെട്ടു”
“എന്തോന്ന് ബോധ്യപ്പെട്ടന്നാ ഇച്ചായൻ പറയുന്നേ?”
” ഈ കെടക്കുന്ന കുഞ്ഞിന്റെ മോന്തേലേക്ക് നീയൊന്നു നല്ലോണം നോക്ക്യേ ..”
“പെറ്റിട്ടപ്പോതൊട്ട് ഞാൻ നോക്കിയ്ക്കോണ്ടാ കെടക്കുന്നേ…എന്തോന്നാ കൊഴപ്പം?”
“കൊഴപ്പമൊണ്ടടീ ശലോമീ..ആന്റപ്പൻ അത്രയ്ക്ക് മണ്ടനൊന്നുമല്ല”
“നിങ്ങള് കാര്യമെന്താന്ന് പറ ഇച്ചായാ” ശലോമി പറഞ്ഞു.
” ചപ്പിയ മൂക്ക്, പരന്ന മുഖം, കാട്ടുമുയലിന്റെ മാതിരിയുള്ള ചെവി,അതിലെല്ലാമുപരി മൊലപ്പാല് കുടിക്കുമ്പോഴൊള്ള..കണ്ണടച്ചുള്ള ചിരീം, ചിരിയ്ക്കുമ്പോഴൊള്ള നൊണക്കുഴീം..ആരടേതാന്നറിയാൻ കിട്ടക്കണിയാനെ കാണണ്ട കാര്യമൊന്നുമില്ല. “
“എന്റെ തുയ്യം മാതാവേ.. നിങ്ങളെന്നതാ ഇച്ചായാ പറഞ്ഞോണ്ടു വരുന്നത്?”- ശലോമി തെല്ലുറക്കെ ചോദിച്ചു.
“അതേടീ ശലോമീ.. നീ കള്ളിയാ..എന്നെ ചതിച്ചു, ഈ കെടക്കുന്ന കൊച്ചിനെ കണ്ടാൽ ഏതു പൊട്ടക്കണ്ണനും പറയും ആന്റപ്പന്റേതല്ല,..അപ്പറത്തു വീട്ടിലെ തോമാച്ചന്റേതാണന്ന്”
“അയ്യോ…എന്റെ മാതാവേ എന്നാ..വൃത്തികേടാ ഈ മനുഷ്യേൻ പറയുന്നത്”- ശലോമി നെഞ്ചത്തടിച്ചു കരഞ്ഞു.
“എന്താടാ..ആന്റപ്പാ.. ഇവിടൊരു ഒച്ചേം കരച്ചിലും ?”- ആന്റപ്പന്റമ്മച്ചി അവിടേക്കെത്തി.
ശലോമി നെഞ്ചത്തടി നിർത്തിയിട്ട് കാര്യം പറഞ്ഞു,
“അത്രേയൊള്ളോ?..അത് സാരമില്ല.. മോളെ..”- ആന്റപ്പന്റമ്മച്ചി ശലോമിയെ ആശ്വസിപ്പിച്ചു,എന്നിട്ടു വീണ്ടും പറഞ്ഞു,
“ഇത്..പാരമ്പര്യമാ..ഇവന്റെ ചത്തു കല്ലറേൽ കെടക്കുന്ന അപ്പനും, ഇവനെ പെറ്റ് കെടന്നപ്പം ഇതു തന്നാ പറഞ്ഞത്.. തോമേടെ അപ്പൻ തൊമ്മീടെ കുഞ്ഞാ..ആന്റപ്പനെന്ന്”
” ഓ..ഹോ.. ഇപ്പഴാ എനിയ്ക്ക് കാര്യം മനസ്സിലായത് !!”
“എന്നതാടാ..ആന്റപ്പാ..”- അമ്മച്ചി ചോദിച്ചു ?
“എന്നെ കണ്ടാല് തോമാച്ചന്റപ്പൻ തൊമ്മിക്കുഞ്ഞിനേ പോലാന്ന് ഇപ്പഴും ആൾക്കാരടക്കം പറയുന്നുണ്ട് “
അതിന് മറുപടി പറയാതെ ആന്റപ്പന്റമ്മച്ചിയുടെ മുഖം താഴുന്നത് കണ്ട്,
ശലോമിയുടെ മുഖവും താഴുന്നത് ആന്റപ്പൻ നോക്കി നിന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *