രചന : പിപ്പി അബു ✍️
”ദുബായ് എയർപോർട്ടിലെ ടെർമിനൽ 3-ൽ ഇറങ്ങുമ്പോൾ സമീറിന്റെ ഉള്ളിലുണ്ടായിരുന്ന ഒരേയൊരു ചിന്ത, അനിയത്തിയുടെ അവസാന വർഷ എം.ബി.ബി.എസ് ഫീസായിരുന്നു. അഞ്ചു ലക്ഷം രൂപ..! അടുത്ത മാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ അവളുടെ പഠനം നിലയ്ക്കും. പ്രവാസ ലോകത്ത് (13) പതിമൂന്ന് കൊല്ലം എല്ലുമുറിയെ പണിയെടുത്തിട്ടും കൈയിൽ സമ്പാദ്യമൊന്നുമില്ല. കമ്പനിയിൽ നിന്ന് ശമ്പളം കൃത്യമായി കിട്ടാതായിട്ട് മാസങ്ങളായി. കമ്പനി വിസ നിറുത്തി നാട്ടിൽ നിൽക്കുമ്പോൾ വേറെ വഴിയൊന്നുമില്ലാതെ തല പുകഞ്ഞിരിക്കുമ്പോയാണ് കുട്ടിക്കാലം തൊട്ടേ കൂടെയുള്ള ജാസിർ അവനെ കാണാൻ വന്നത്…
“മച്ചാനേ, എനിക്ക് ദുബായിൽ വലിയൊരു ബിസിനസ് ഡീൽ ഉണ്ട്. അതിന്റെ ഒറിജിനൽ ഡോക്യുമെന്റ്സും കുറച്ച് സാമ്പിൾ അറേബ്യൻ പെർഫ്യൂമുകളും അടങ്ങിയ ചെറിയൊരു എമർജൻസി പാർസൽ ദുബായിൽ എത്തിക്കണം. എന്റെ ഡെലിവറി ബോയ്സ് ആരും ഇപ്പോൾ അവയിലബിൾ അല്ല. നീ ഇതൊന്ന് അവിടെ എത്തിച്ചു കൊടുത്താൽ നിന്റെ അനിയത്തിയുടെ ഫീസ് മുഴുവൻ ഞാൻ അടച്ചോളാം. അഡ്വാൻസ് രണ്ടു ലക്ഷം ബാങ്കിലിട്ടു തരാം…”
സ്വന്തം ചങ്ക് ബ്രോയാണ്. പണം അക്കൗണ്ടിൽ വന്നതോടെ സമീറിന്റെ കണ്ണുകൾ അടഞ്ഞുപോയി. ഉള്ളിൽ ചെറിയൊരു സംശയം തോന്യാലും, ‘ചങ്ക് കൂട്ടുകാരനല്ലേ, ചതിക്കില്ല’ എന്ന് അവൻ സ്വയം വിശ്വസിച്ചു.
എയർപോർട്ടിന് പുറത്തിറങ്ങി, ജാസിർ തന്ന ലൊക്കേഷനിലേക്ക് ടാക്സിയിൽ പോകുമ്പോഴും അവന്റെ ഹൃദയം വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു. ആഡംബര വില്ലകൾ നിറഞ്ഞ ഒരു നിശബ്ദമായ തെരുവിലാണ് ടാക്സി നിന്നത്. വില്ലയുടെ മുന്നിൽ കറുത്ത സൺഗ്ലാസ് വെച്ച ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു.
സമീർ അടുത്തുചെന്ന് പതുക്കെ പറഞ്ഞു:
“ജാസിർ അയച്ചതാണ്…”
അയാൾ പെട്ടി വാങ്ങാൻ കൈ നീട്ടിയതും, നാലുഭാഗത്തു നിന്നും സൈറൺ മുഴക്കിക്കൊണ്ട് ദുബായ് പൊലീസിന്റെ പട്രോൾ വാഹനങ്ങൾ പാഞ്ഞടുത്ത് ആ തെരുവ് വളഞ്ഞു…!
“Hands in the air! Don’t move!”
തോക്കുകളുമായി വന്ന പോലീസുകാർ ഞൊടിയിടയിൽ രണ്ടുപേരെയും നിലത്തു തളച്ചു. സമീറിന്റെ സർവ്വനിയന്ത്രണവും നഷ്ടപ്പെട്ടു.
“യാ അല്ലാഹ്… സർ… എനിക്കൊന്നും അറിയില്ല.
എന്റെ കൂട്ടുകാരൻ തന്നുവിട്ടതാണ്…
“അവൻ വിങ്ങിപ്പൊട്ടി. പക്ഷേ: മരുഭൂമിയിലെ ആ കൈപ്പത്തികൾക്കിടയിൽ അവന്റെ കരച്ചിൽ അലിഞ്ഞുപോയി…
സി.ഐ.ഡി ഉദ്യോഗസ്ഥൻ ആ പെട്ടി വാങ്ങി അത്യാധുനിക സ്കാനർ വെച്ച് പരിശോധിച്ചു. പെട്ടിയുടെ രഹസ്യ അറയിൽ നിന്ന് പുറത്തുവന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പാക്കറ്റുകളായിരുന്നു…!!
സമീറിന്റെ ലോകം അടിയോടെ ആടിഞ്ഞുലഞ്ഞു. ആയുഷ്കാലം മുഴുവൻ ദുബായിലെ തടവറയിൽ കിടക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ അവന്റെ ശ്വാസം നിലച്ചു. പാവം ഉമ്മയുടെ മുഖം, അനിയത്തിയുടെ ഭാവി… എല്ലാം അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു…
“പെട്ടെന്ന്, ആ അസിസ്റ്റന്റ് കമ്മീഷണർ സമീറിന് നേരെ തിരിഞ്ഞു. അയാളുടെ കയ്യിലെ ടാബ്‌ലെറ്റിൽ ഒരു ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിംഗ് പ്ലേ ആയി…!
അത് ജാസിറിന്റെ ശബ്ദമായിരുന്നു…!
“ഹലോ ഷെയ്ഖ്, സാധനം വിട്ടിട്ടുണ്ട്. സമീർ എന്നൊരു സാധുവിനെക്കൊണ്ടാണ് കൊടുത്തയച്ചിരിക്കുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ ഇവനെയൊരു ‘കവർ’ ആയി ഉപയോഗിക്കാം. ഇവൻ കുടുങ്ങിയാൽ പൊലീസിന്റെ ശ്രദ്ധ മാറും, ആ സമയം കൊണ്ട് നമ്മുടെ മെയിൻ ലോഡ് വേറെ വഴിക്ക് കടത്താം…!”
ആ വാക്കുകൾ സമീറിന്റെ കാതുകളിൽ ഇടിയത്തീയായി പതിച്ചു..! താൻ ജീവനുതുല്യം വിശ്വസിച്ച കൂട്ടുകാരൻ, സ്വന്തം സുരക്ഷിതത്വത്തിന് വേണ്ടി തന്നെ കൊലമരത്തിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു…
പക്ഷേ: ഉദ്യോഗസ്ഥൻ തുടർന്നു പറഞ്ഞു:
“സമീർ, നീ ഭാഗ്യവാനാണ്. ഈ മാഫിയയെക്കുറിച്ച് കേരള പൊലീസിനും ദുബായ് പൊലീസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ജാസിർ നിന്നെ ചതിക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കിയപ്പോൾ തന്നെ നാട്ടിലെ പൊലീസ് ജാസിറിനെ കൊച്ചിയിൽ വെച്ച് പൊക്കി. അതുകൊണ്ടാണ് നീ ഇപ്പോൾ അറസ്റ്റിലാകാതെ രക്ഷപ്പെടുന്നത്.” ഭയം കൊണ്ടും വഞ്ചനയുടെ ആഘാതം കൊണ്ടും സമീർ നിലത്തേക്ക് തളർന്നിരുന്നു. നിയമത്തിന് മുന്നിൽ അവൻ കുറ്റവിമുക്തനായേക്കാം, പക്ഷേ: അവൻ നടന്നുപോയത് മരണത്തിന്റെ തൊട്ടുമുന്നിലൂടെയായിരുന്നു…
ഓർക്കുക, പ്രവാസികളേ…
ലഹരി മാഫിയകൾക്ക് നമ്മൾ സഹോദരന്മാരോ, സുഹൃത്തുക്കളോ അല്ല. അവർക്ക് സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി വിദേശത്തെ തടവറകളിലേക്കോ കൊലമരത്തിലേക്കോ എറിഞ്ഞുകൊടുക്കാൻ പാകത്തിലുള്ള വെറുമൊരു “ഇരകൾ” മാത്രമാണ്…
“എന്റെ കൂട്ടുകാരൻ തന്നതാണ്” “ഉള്ളിൽ എന്താണെന്ന് എനിക്കറിയില്ലായിരുന്നു” എന്ന വിലപിക്കലുകൾക്ക് വിദേശ രാജ്യങ്ങളിലെ കർശനമായ നിയമങ്ങൾക്ക് മുന്നിൽ ഒരു വിലയുമില്ല. ആരോടും പറയാതെ, പരിശോധിക്കാത്ത ഒരു സാധനവും ആർക്കും വേണ്ടി കൊണ്ടുപോകരുത്. ഒരു നിമിഷത്തെ അത്യാഗ്രഹമോ, അന്ധമായ വിശ്വാസമോ കൊണ്ട് നിങ്ങളുടെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷകളും ഇല്ലാതാക്കരുത്….

