രചന : സുമോദ് പരുമല ✍️
ഇനിയും ,
ഇനിയും നീയോർക്കാതെ പോവുക .
നനവാർന്ന ചില്ലകൾ
കാണാതെ പോവുക .
പ്രാണൻ്റെ കവിതകൾ
കേൾക്കാതെ പോവുക .
ഒരിയ്ക്കൽക്കൂടി ,
ഭൂതകാലത്തിൻ്റെയിരുണ്ട
ചതുപ്പിൽ നിന്ന്
ഓരോരുത്തരായി
മുന്നിലെത്തുന്നു .
അന്നെന്നോ
മാഞ്ഞുപോയവയൊക്കെ
വലിച്ചുവാരി പുറത്തിടുന്നു
. എന്നോ…
ചോദിയ്ക്കാൻ ബാക്കിവച്ചചോദ്യങ്ങളിലേക്ക്
നമ്മൾ ,
ഉത്തരം മുട്ടിപ്പിടയുമ്പോൾ
അതിക്രൂരമായ
തമാശയോടെ
നോക്കിച്ചിരിയ്ക്കുന്നു .
കാലദേശങ്ങൾ
മാറിമറിഞ്ഞിട്ടും
സ്നേഹത്തിൻ്റെ
ചില്ലകളിൽ
പകയുടെ പക്ഷികൾ കൂടുകൂട്ടിയതെപ്പോഴാണ് ?
അറിയാതെനാമുഴറുന്നു .
” നീയിവിടെത്തന്നെയുണ്ടല്ലേ … ?”
ചിലർ കണ്ടുവെന്നുവരുത്തി
മിണ്ടിയെന്ന് വരുത്തി
നനഞ്ഞ ചില്ലയിലേക്ക്
തിരിഞ്ഞൊന്നുനോക്കാതെ കടന്നുപോകുന്നു .
കനലൊടുങ്ങാത്ത കണ്ണുകളേ …
ഇടുങ്ങിയ സൂചിക്കുഴലിലൂടെ
ജീവൻ്റെ
രാസനീരിറ്റിയിറ്റുവീഴുമ്പോൾ
പഴയസ്നേഹപ്രവാഹങ്ങൾ
നിങ്ങളോർക്കാതെ പോവുക .
പകമാത്രം,
പകമാത്രം തുറന്നുവയ്ക്കുക .
ഒന്നുമൊന്നും
നിങ്ങളറിയാതെപോവുക .
അലക്ഷ്യമായി കടന്നെത്തുന്ന
ഒരോർമ്മത്തള്ളിച്ചയിൽ
കണ്ണുകൾ കലങ്ങാതെ
നടന്നുമറയുക .
“കാണാമറയത്തെ
പ്രാണനക്ഷത്രമേ….
എന്നിലേക്കിനി നീ ..
ഉതിർന്നുവീഴരുതേ … “

