രചന : സുമേഷ് കെ മനകുളം ✍
ജപ്പാന്റെ വടക്കേ അറ്റത്ത്, കുറൂമോറി മലയുടെ താഴ്‌വാരത്തിലെ പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് മിസുകോവ.
ഗ്രാമത്തെ പകുത്തൊഴുകുന്ന അകാഗാവ പുഴയുടെ ഇക്കരയിലാണ് ‘കരാട്ടെ തറവാട്’ എന്ന പേരുകേട്ട തകഹാഷി തറവാട്.
തകഹാഷി തറവാട്ടിലെ എല്ലാവരും പേരുകേട്ട കരാട്ടെക്കാരായിരുന്നു. അവർക്ക് സ്വന്തമായി ഒരു കരാട്ടെ ദോജോയുമുണ്ട്. തറവാട്ടിലെ മൂത്ത കാരണവരാണ് ദോജോയുടെ നടത്തിപ്പുകാരനും മാസ്റ്ററും.
ഇപ്പോൾ തറവാട്ടിലെ കാരണവരാണ് തകഹാഷി കെൻജി. അദ്ദേഹത്തിന് രണ്ട് മക്കൾ—മൂത്തവൻ റ്യൂജി, ഇളയവൾ യൂകി.
രണ്ടുപേരും പഠിപ്പു തികഞ്ഞ കരാട്ടെക്കാരാണ്.
ഇവർക്കൊപ്പം തറവാട്ടിൽ ഒരാൾ കൂടിയുണ്ട്—കെൻജിയുടെ മരിച്ചുപോയ പെങ്ങളുടെ മകൻ അകിര ഫുജിമോട്ടോ.
അനാഥനായ അവനെ കെൻജി സ്വന്തം മകനെപ്പോലെ വളർത്തി. സ്വന്തം മകൻ റ്യൂജിക്കൊപ്പം കരാട്ടെ പഠിപ്പിച്ച് അവനെയും മികച്ചൊരു കരാട്ടെക്കാരനാക്കി.
ഒരു ദിവസം പരിശീലനത്തിനിടെ റ്യൂജി ഒരു കാര്യം മനസ്സിലാക്കി.
അകിരയുടെയും യൂകിയുടെയും ചുവടുകൾ കരാട്ടെയുടേതായിരുന്നില്ല.
അവയ്ക്കിടയിൽ ഒളിഞ്ഞിരുന്നത് നിഹോൻ ബുയോയുടെ നൃത്തച്ചുവടുകളായിരുന്നു.
അവരുടെ ചലനങ്ങളിൽ പരിശീലനത്തേക്കാൾ പ്രണയത്തിന്റെ താളമാണ് കൂടുതലെന്ന് റ്യൂജിക്ക് മനസ്സിലാക്കാൻ അധികം സമയമെടുത്തില്ല.
അതിലും വലിയ ആഘാതമായിരുന്നു അടുത്ത തിരിച്ചറിവ്.
അച്ഛൻ കെൻജിയും അവരുടെ പ്രണയത്തിന് മൗനാനുവാദം നൽകിയിരിക്കുന്നുവെന്ന്.
റ്യൂജിയുടെ മനസ്സ് മൗണ്ട് അസാമ അഗ്നിപർവതം പോലെ പുകഞ്ഞു.
അനാഥനും പണമില്ലാത്തവനുമായ ഒരുത്തന് തന്റെ പെങ്ങളെ കെട്ടിച്ചുകൊടുക്കാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല.
അവൻ വീട്ടിൽ വഴക്കുണ്ടാക്കി.
എല്ലാവരെയും എതിർത്തുകൊണ്ട്, അകാഗാവ പുഴയുടെ അങ്ങേക്കരയിലെ സമ്പന്ന തറവാട്ടിലെ നാക്കോട്ടി കൈമുറയുമായി യൂകിയുടെ വിവാഹം നടത്തി.
ഈ വിഷമം സഹിക്കാനാവാതെ അകിര വീട് വിട്ടുപോയി. കെൻജിയുടെ മുഖ്യ എതിരാളിയും ഒരു ദോജോ മാസ്റ്ററുമായ മിസ്സോട്ടോയുടെ ശിഷ്യത്വം സ്വീകരിച്ച് അവിടെത്തന്നെ കൂടി.
കുറച്ചുകാലങ്ങൾക്ക് ശേഷം റ്യൂജിയുടെ കല്യാണത്തിന് അകിരയും യൂകിയും വീണ്ടും കണ്ടുമുട്ടി.
കൈമുറയുമായുള്ള ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ യൂകി അകിരയോട് പങ്കുവെച്ചു.
“നീ വിഷമിക്കണ്ട. ഒരു ദിവസം ഞാൻ അങ്ങോട്ട് വരാം. അവനുമായി സംസാരിക്കാം.”
അകിര യൂകിയെ സമാധാനിപ്പിച്ചു.
കല്യാണം കഴിഞ്ഞതിന്റെ മൂന്നാം ദിവസം, നിറഞ്ഞുകവിഞ്ഞ അകാഗാവ പുഴ നീന്തിക്കടന്ന് അർധരാത്രിയിൽ അകിര യൂകിയുടെ ബെഡ്‌റൂമിന്റെ വാതിലിൽ മുട്ടി.
വാതിൽ തുറന്ന ഉടനെ അകിര അകത്തുകയറി വാതിൽ അടച്ച് കുറ്റിയിട്ടു.
“എന്താ ഈ നേരത്ത്?” യൂകി ചോദിച്ചു
“അവനോട് സംസാരിക്കേണ്ടേ?”
“ഈ പാതിരാക്കൊ?”
“രാവിലെ ബിസി ഷെഡ്യൂൾ ആണ്, യൂകി.”
“ഐന് മൂപ്പര് ഇവിടില്ല.”
“അത് സാരല്ല്യാ. നീ ഇങ്ങട് വാ മുത്തേ… നിന്നോടും എനിക്ക് സംസാരിക്കാനുണ്ട്.”
അപ്പോഴാണ് എങ്ങോട്ടോ പോയി തിരിച്ചെത്തിയ കൈമുറ വാതിലിൽ മുട്ടിയത്.
മേശപ്പുറത്തിരുന്ന തൻത്സുബോ എടുത്തെറിഞ്ഞിട്ട് യൂകി ആക്രോശിച്ചു:
“കടക്ക് പുറത്ത്, നാരാധമാ! കൈമുറയേട്ടനാണെന്ന് കരുതി വാതിൽ തുറന്നപ്പോൾ നീയോ!”
അവിടുന്ന് ഇറങ്ങിയ അകിര ഇരുട്ടിലൂടെ ഓടിമറഞ്ഞു.
അക്കാലത്ത് ജപ്പാനിൽ ആരെങ്കിലും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ, രണ്ടു കരാട്ടെക്കാരെ കൊട്ടേഷൻ കൊടുക്കും.
അവർ ഗ്രാമത്തിലെ കരാട്ടെ തട്ടിൽ വെച്ച് പരസ്പരം മത്സരിക്കും. ഒരാൾ ചാകുന്നതുവരെ മത്സരം തുടരും.
ജയിക്കുന്ന ആൾക്ക് കൊട്ടേഷൻ കൊടുത്തവനാണ് വിജയി.
ഒരിക്കൽ രണ്ടു പേർ തമ്മിൽ അതിർത്തിത്തർക്കമുണ്ടായി.
ഒരാൾ മിസ്സോട്ടോയ്ക്ക് കൊട്ടേഷൻ കൊടുത്തു.
മറ്റെയാൾ റ്യൂജിക്കും
മെയിൻ കരാട്ടെക്കാരന് ആവനോളം പഠിപ്പ് തികഞ്ഞ ഒരാൾ തുണ പോകും. എതിരാളി വെക്കാൻ പോകുന്ന സ്റ്റെപ്പുകൾ മുൻകൂട്ടി കാണാൻ കഴിവ് വേണം തുണക്കാരന്. മുൻപ് മൂന്നാല് പ്രശ്നം തീർപ്പാക്കൽ കൊട്ടേഷന് കെൻജി പോയപ്പോ തുണ പോയത് അകിരി ആയിരുന്നു.
അത് കൊണ്ട് റ്യൂജിക്ക് തുണ പോകാൻ അമ്മാവനും ഗുരുവുമായ കെൻജി അകിരയോട് പറഞ്ഞു. യുക്കിയെ കെട്ടിച്ച് തരാത്തതിന് റ്യൂജിയോട് പകയുണ്ടായിരുന്ന അകിരിതുണ പോകാൻ സമ്മതിച്ചു.
“യാഷി നോ കിയുടെ ഇളം കൂമ്പ് വാട്ടി, ഇരുമ്പാണി വെച്ച്, പൊൻകാരം കൊണ്ട് നൻചാക്കു വിളക്കണം.”
എന്നൊക്കെ പറഞ്ഞ് കെൻജി അകിരയെ പറഞ്ഞയച്ചു.
പക്ഷേ കൊല്ലന് പതിനാറ് യെൻ കൊടുത്ത് അകിര മുളയാണി വെച്ച് നൻചാക്കു വിളക്കി.
കരാട്ടെ തട്ടിൽ വെച്ച് റ്യൂജിയുടെ നൻചാക്കു മുറിഞ്ഞു.
കിട്ടിയ താപ്പിൽ മിസ്സോട്ടോ നൻചാക്കു വെച്ച് അടിച്ചുകയറി.
റ്യൂജി മാറ്റം നൻചാക്കു ചോദിച്ചപ്പോൾ,
“എടുക്കാൻ മറന്നു.”
എന്ന് അകിര നുണ പറഞ്ഞു.
അവസാനം മുറി നൻചാക്കു വെച്ച് റ്യൂജി ഒരു ചാടിക്കുത്ത് മിസ്സോട്ടോയുടെ മർമ്മത്ത് കൊടുത്തു.
സതോഇമോ തണ്ട് ഒടിഞ്ഞതുപോലെ മിസ്സോട്ടോ ചത്ത് മലച്ചു.
കരാട്ടെ കഴിഞ്ഞ ക്ഷീണത്തിൽ റ്യൂജി അകിരയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു.
അപ്പോൾ അകിര ഒരു കത്തിയെടുത്തു.
റ്യൂജിയെ കുത്തി.
പിന്നെ പുറത്തെ ഇരുട്ടിലേക്ക് അകിര പായുമ്പോൾ അവൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
“ഫുകുഷൂ സുറു തമേദാ”
വാൽകഷ്ണം : സത്യായിട്ടും ഇത് ഒരു ജപ്പാൻ നാടോടിപ്പാട്ട് കഥയാണ്. ഇത് വടക്കൻ പാട്ട് അല്ലേ എന്ന് ചോദിച്ചാൽ, അതേ വടക്കൻ പാട്ട് തന്നെ, ജപ്പാനീസ് വടക്കൻ പാട്ട്. വേറെ ഏതെങ്കിലും കഥയോ സിനിമയോ ആയി ബന്ധമുള്ളതായി തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്.
ഫുകുഷൂ സുറു തമേദാ എന്ന് പറഞ്ഞാൽ പക വീട്ടാനുള്ളതാണ് എന്നാണ്.

