ഗേറ്റിൻ പടിമേൽ
തിളങ്ങും മിഴിയാൽ
നോക്കിയിരുന്നു
ആ വൃദ്ധൻ,
ഓരോരോ വണ്ടികൾ
വരുമ്പോഴുമെൻ
മകനെന്ന് വെറുതെ കൊതിച്ചുവോ?
പകലന്തിയോളം
വെയിലത്തുരുകിയും
രാത്രിയിൽ ലോറിയുടെ
ചക്രങ്ങൾ ഉരുട്ടിയും,
തൻ്റെ വിശപ്പുകൾ
നീക്കിവെച്ചാണവൻ
മകൻ്റെ നാളുകൾ ചായം പൂശിയത്.
വളർന്നു വലുതായി,
കൊട്ടാരം പണിതു,
ആഡംബരത്തിൽ
അവൻ വാഴുമ്പോൾ,
സ്വന്തം തണൽമരം
നട്ട ആ അച്ഛന്
ആ വീട്ടിൽ ഇടമില്ലാതായിപ്പോയി.
“അടുത്ത ആഴ്ച ഞാൻ വരാം”
എന്നൊന്നു ചൊല്ലി
വൃദ്ധസദനത്തിൻ്റെ
പടിയിറങ്ങി,
ആ ആഴ്ച മാഞ്ഞു,
വർഷങ്ങൾ പോയി,
എന്നിട്ടും മകനായി ആ അച്ഛൻ കാത്തുനിന്നു.
പനി വിറപ്പിച്ച
ആ അവസാന നാളിലും
“അവൻ തിരക്കിലാവും”
എന്ന് ഓർത്തു വേദനിച്ചു;
കുറ്റപ്പെടുത്തലില്ലാത്ത ആ മനസ്സ്
മകൻ്റെ സന്തോഷം മാത്രം പ്രാർത്ഥിച്ചു.
നെഞ്ചോടു ചേർത്ത
ആ പഴയ ചിത്രത്തിൽ
തോളിൽ ചിരിക്കുന്ന
കുഞ്ഞു മകനുണ്ട്;
ഒരിക്കലും ഉണരാത്ത
ആ ഉറക്കത്തിലും ആ ചുണ്ടിൽ
ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.
ചേതനയറ്റ
ആ അച്ഛൻ്റെ മുന്നിൽ
വൈകി വന്ന തിരിച്ചറിവുകളോടെ
മകൻ നൽകുമ്പോഴേക്കും,
ആ നിസ്വാർത്ഥ സ്നേഹം മണ്ണോടലിഞ്ഞിരുന്നു.

അഡ്വ ബഷീർ ഐക്യപാടത്തു

By ivayana

Leave a Reply

Your email address will not be published. Required fields are marked *