രചന : എം പി ശ്രീകുമാർ.✍️
Al യ്ക്ക്
കരുത്തു പകരുന്നതു കാണുമ്പോൾ,
ശക്തിയും സിദ്ധിയും നൽകി
കരുത്തരാക്കിയ
മൂന്നുപേരെ ഓർമ്മവരുന്നു .
മഹേശ്വരനിൽ നിന്ന്,
ആരേയും ഭസ്മമാക്കുവാനുളള
സിദ്ധി നേടിയ ശേഷം ,
അതു പരീക്ഷിയ്ക്കുവാൻ
മഹേശ്വരനു പിന്നാലെ പാഞ്ഞ
ഭസ്മാസുരൻ.
ഭാഗ്യവശാൽ അയാൾ
സ്വയം ഭസ്മമാക്കപെട്ടു.
അല്ലായിരുവെങ്കിൽ അയാൾ
സർവ്വവുംഭസ്മമാക്കുമായിരുന്നു !
തനിയ്ക്കു നേർക്കു വരുന്ന
എതിരാളിയുടെ
പകുതി ശക്തി കൂടി
തനിക്കു ലഭിയ്ക്കുമെന്ന
വരത്തിനാൽ,
കരുത്തുകൂടിക്കൊണ്ടിരുന്ന ബാലി,
അധാർമികത പിൻതുടരവെ
അപ്രതീക്ഷിതമായ്
ശ്രീരാമചന്ദ്രനാൽ
വധിക്കപ്പെട്ടു.
തന്റെ സമസ്ത ശക്തിയുടെയും
സിദ്ധിയുടെയും ഉറവിടം
തന്റെ സ്വാമി, ഭഗവാൻ ശ്രീരാമചന്ദ്രനാണെന്നറിഞ്ഞ്
സർവ്വ കർമങ്ങളും
ഭഗവത്സേവയായ് ചെയ്യുന്ന
ചിരഞ്ജീവിയായ
ആഞ്ജനേയസ്വാമി.
Al ക്ക് സിദ്ധി പകരുമ്പോൾ,
അത് ആഞ്ജനേയസ്വാമിയെ
പ്പോലെയായിരിയ്ക്കാനിടവരട്ടെ.
ഭസ്മാസുരനും ബാലിയും
സങ്കല്പങ്ങളുടെ
കാണാമറയത്തു പോലും
ഇല്ലാതിരിക്കട്ടെ.

