രചന : കമല കുഞ്ഞിപ്പെണ്ണ് ✍️
കിഴക്കേ പറമ്പിലെ
പാലപ്പൂവിന്റെ ഗന്ധം
കാറ്റിനറിയാമായിരുന്നു.
പക്ഷേ
അന്ന് ആദ്യമായി
ഒരു മനുഷ്യന്റെ ഗന്ധം
കാറ്റിനെ പിന്തുടർന്നു.
സമതലങ്ങളിൽ മാത്രം
വീശിപ്പോയിരുന്ന ഞാൻ
ഒരു രാത്രിയിൽ
ഒരു ജനാലയ്ക്കരികിൽ
നിന്നുപോയി.
അവൾ വിളിച്ചില്ല—
അവളുടെ നിശ്ശബ്ദതയായിരുന്നു
എന്നെ വിളിച്ചത്.
മരങ്ങളില്ലാത്ത മുറി,
പൂക്കളില്ലാത്ത മുറ്റം,
ചിരികളില്ലാത്ത വീട്…
അവിടെ
മരണത്തിന്റെ മണംപോലും
അവളുടെ ശ്വാസത്തെ
മറികടക്കാൻ കഴിഞ്ഞില്ല.
അവളുടെ കണ്ണുകളിൽ
ആഴകടൽ ഉണ്ടായിരുന്നു
കഴുത്തിൽ
പഴയ ബന്ധനങ്ങളുടെ
നിഴലും.
ഞാൻ കാറ്റായിരുന്നു—
അവളുടെ ചുറ്റുമൊന്ന്
തഴുകിപ്പോകാൻ മാത്രം
അറിയുന്ന കാറ്റ്.
പക്ഷേ ആ രാത്രി
അവളെ ഒറ്റയ്ക്ക് വിടാൻ
എനിക്ക് കഴിഞ്ഞില്ല.
അവളെയും കൂട്ടി
ചുരം കയറി,
മേഘങ്ങൾക്കിടയിലൂടെ
കൊടുമുടിയിലേക്കു പോയി.
അവളുടെ കഴുത്തിലെ
കറുത്തമുത്തുമാലയിൽ
പിടിച്ചുനിന്ന
അവളുടെ ഗന്ധം—
അത്
എന്റെ യാത്രയുടെ
ഏറ്റവും ആഴമുള്ള
ഓർമ്മയായി.
കൊടുമുടിയിൽ
എത്തിയപ്പോൾ
അവൾ ആദ്യമായി
നിശ്ശബ്ദമായി ചിരിച്ചു.
ആ ചിരിയിൽ
എന്റെ ശക്തി
ചോർന്നു പോയി
പിന്നെ
ഞങ്ങൾ വീണ്ടും ഇറങ്ങി.
കുന്നിൻചരിവിൽ
തണുത്തൊരു കാറ്റ്
ഞങ്ങളെ കടന്നുപോയി.
അത് ചോദിച്ചില്ല
ഞങ്ങൾ ആരെന്ന്.
പുലരുമ്പോൾ
അവൾ വാടിതളർന്നു
വീണു കിടന്നു
ഞാൻ മാത്രം
ജനാലയുടെ വിടവിലൂടെ
പുറത്തേക്ക് പോയി.
കാരണം—
ചില രാത്രികളിൽ
കാറ്റ് ഒരാളെ
താങ്ങിക്കൊണ്ടുപോകും.
പുലരുമ്പോൾ
അവളെ അവളുടെ
ലോകത്തേക്ക് തിരിച്ചേൽപ്പിച്ച്
സ്വയം മാത്രം
വീണ്ടും അലഞ്ഞുതുടങ്ങും.
അവൾക്ക്
അത് ഒരു രാത്രി.
എനിക്ക്—
ഇന്നും തീരാത്ത
ഒരു കാറ്റ്. ❤️💚❤️
