കൊതിച്ചൊരാ ഉയരങ്ങളിൽ തൻമകൻ
എത്തിയില്ലെന്നൊരു വിങ്ങലോടെ
ആവോളം തണലേകി മാറ്റുവാൻ
മകനായില്ലെന്നുള്ളൊരു സങ്കടത്താൽ..

​സ്വപ്നങ്ങൾ തകർന്നൊരീ വീടിനുള്ളിൽ
വിങ്ങിപ്പൊടിയുന്നൊരമ്മതൻ കൺകൾ
കണ്ണീരും പരിഭവവും കണ്ടുനിൽക്കെ
ചുറ്റുപാടുകൾ ഉള്ളിൽ ചിരിച്ചിടുന്നു.

പരിവേദനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടിന്നും
പല മുഖം ഓർമ്മയിൽ ചികഞ്ഞിടുന്നു
പല രാത്രി ഉറക്കമില്ലാതെ ഉണർന്നിരുന്നും
ജപമാല ഓരോ മണി ഉരുക്കഴിക്കുന്നു.

​തോൽവിക്കു മുന്നിൽ മുട്ടുമടക്കുവാൻ
തീരെ മനസ്സില്ലാത്തൊരമ്മമാർ ഭൂമിയിൽ
വേദനതൻ കനൽവഴികളിലൂടെയിതാ
വീണ്ടും ധീരമായി നടന്നുനീങ്ങുന്നു.

​ആയിരം നിന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്
മൗനമായി അമ്മ സഹിച്ചുനിൽക്കെ,
ഉള്ളിലുറങ്ങുന്ന മാതൃത്വം വീണ്ടും
ക്ഷമയുടെ അതിരുകൾ മായ്ച്ചിടുന്നു.

​മണ്ണിൻ മക്കളെ സഹിച്ചു തളർന്നുനിൽക്കും
ഭൂമിമാതാവിനെപ്പോലെ വീണ്ടും,
വിധിതൻ കണ്ണീർ താഴ്‌‌വര കടന്നെത്തി
അമ്മ ഒടുവിൽ വിജയിക്കുന്നു ഭൂവിൽ.

​ഇനിയുള്ള നാളുകളിൽ അമ്മയിവിടെ
രാജ്ഞിയെപ്പോലെ വാണിടുന്നു,
നാശം കൊതിച്ചവർ തൻ മുന്നിൽ
തലകുനിച്ചു നിൽക്കുമൊരു കാലമായി.

കുര്യൻ വൈദ്യൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *