രചന : പ്രഭാകരൻ പയ്യാടക്കൻ ✍
ചിപ്പിക്കുള്ളിൽ കൊഞ്ചും മൂത്ത് ചോദിച്ചു,
“എന്നിനി ഞാൻ പുറത്തു വരും?”
ചിപ്പി ചിരിച്ചു പറഞ്ഞിരുന്നു:
“കുഞ്ഞേ, ആയില്ല, സമയമായില്ല!”
“എന്നിനിയാവും സമയമെന്നായി”
കുഞ്ഞു മുത്തിന്റെ ആവലാതി.
ചിപ്പിക്കുള്ളിൽ കൊഞ്ചും മൂത്ത് ചോദിച്ചു,
“എന്നിനി ഞാൻ പുറത്തു വരും?”
കുഞ്ഞു മൺതരിയായി തുടങ്ങി നീ,
ചിപ്പി തന്നുള്ളിൽ ആഴം പകർന്നു.
കാറ്റും തിരയും താരാട്ടു പാടി,
മൗനത്തിൻ തൊട്ടിലിൽ നീ വളർന്നു.
അമൃതുരുകി അകം തിളങ്ങി, നീ
സൗന്ദര്യത്താൽ പൂത്തു തുടങ്ങി.
മാറുന്ന കാലത്തിൻ നോവറിഞ്ഞു,
കണ്ണീർത്തുള്ളിപോൽ നിർമലമായി.
പൂർണ വളർച്ചയിലെത്തിയൊരുനാൾ
ചിപ്പി തുറക്കപ്പെടും നാൾ വരും!
പുറത്തേക്കുള്ള വെളിച്ചം നീ കാണും,
പുത്തൻ ലോകത്തിൻ കാന്തിയായി മാറും.
സുവർണ്ണ തീരങ്ങൾ താണ്ടി മുന്നേറും,
രത്നക്കൂട്ടിലെ രാജകുമാരിയായ് വാഴും!
