പുറത്തു പെയ്യുന്ന മഴയെ ജാലകവാതിലിലൂടെ നോക്കിയിരിക്കാൻ എത്ര രസമാണെന്നോ.
ആകാശം ഭൂമിയിലേക്ക് വിതറുന്ന നീർകണങ്ങൾക്ക് എന്തൊരു പ്രണയഭാവം
കഴിഞ്ഞ മാസങ്ങളിൽ എന്തായിരുന്നു വെയിൽ. ഉരുകിയൊലിക്കുന്ന ഉഷ്ണത്തിൽ വെന്തു പോകാതിരിക്കാൻ രാവിലെയും വൈകിട്ടും എന്ത് മാത്രം വെള്ളമൊഴിച്ചതാണ്
ഈ ചെടികൾക്കെല്ലാം.

എന്റെ വിയർപ്പ്പ്പോലും വീണിട്ടും എന്നെ നോക്കിയൊന്നു ചിരിക്കാത്ത ചെടികൾക്കു
മാനത്തു നിന്നു വീഴുന്ന മഴത്തുള്ളികളോടാണിഷ്ടം.
മഴയത്ത് നിന്നാടുകയാണ് അവ.
പൂക്കൾ വിരിച്ചു ഇലകളാട്ടി മഴയോട് കിന്നാരം പറയുകയാണ്.
നന്ദി കെട്ട ചെടികൾ.
കള്ള മഴ.
അഞ്ചാറു മാസം കുറേ പ്രേമം കോരിചൊരിയും. ആ പ്രേമത്തിൽ മയങ്ങി പുല്ലുകളും ചെടികളുമങ്ങു സുഖിച്ചു നിൽക്കും.

പിന്നെ നട്ടുപിടിപ്പിച്ച എന്നെ വേണ്ട. നവംബർ മാസംമുതൽ പിന്നെ ഈ കാമുകമഴ സസ്യങ്ങളേ കബളിപ്പിച്ചു എവിടേക്കെങ്കിലും മുങ്ങും.
അപ്പോൾ ഞാൻ വേണം കിണറ്റിൽ നിന്നും വെള്ളം കോരിയൊഴിക്കാൻ.
അല്ലേലും അങ്ങനെയാണല്ലോ സത്യസന്ധമായി പ്രേമിച്ചാൽ ആർക്കും മനസിലാവില്ല.
വാക്കുകൾ കൊണ്ട് കോരിചൊരിയുന്നവരോടാ എല്ലാർക്കും പ്രേമം.
എനിക്ക് നിങ്ങളുടെ ഈ നന്ദി കേട് കാണാൻ വയ്യ. അതു കൊണ്ട് ഞാനെന്റെ ജാലകവാതിൽ അടച്ചിടുവാൻ പോകുന്നു.
ചെടികളോട് പറഞ്ഞിട്ട് ജനൽപാളികളടയ്ക്കുവാൻ കൈകൾ നീട്ടി.
അയ്യോ വാതിലടയ്ക്കല്ലേ
കോരിചൊരിയുന്ന മഴയത്ത്.. ഒരു കിളി നാദം.
ഞാൻ കൈകൾ പുറകോട്ടു വലിച്ചു.

ജനൽ പാളികൾക്കരികിൽ ഒരു പെൺകുട്ടി.
നനഞ്ഞൊട്ടിയ വസ്ത്രം.
മുടിയിഴകളിൽ കൂടി മഴവെള്ളം താഴേയ്ക്ക് ഒഴുകുന്നു.
എന്താ.. ഈ പെരുമഴയത്ത്.
ആൺകുട്ടികളെപ്പോലെ നനഞ്ഞു നടക്കുന്നത്. ഞാൻ ചോദിച്ചു.
വീടിന്റെ മുകളിൽ നിന്നും ശക്തിയായി താഴേയ്ക്ക് പതിക്കുന്ന ജലകണങ്ങളെ മുകളിലേയ്ക്ക് തെറിപ്പിച്ചു കൊണ്ടവൾ എന്നെ രൂക്ഷമായി നോക്കി.
എന്താ പെൺകുട്ടികൾ മഴ നനഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുമോ? അവൾ എന്നോട് ചോദിച്ചു.
ഞങ്ങളുടെയൊക്കെ നാട്ടിൽ ആൺകുട്ടികളാണ് മഴയത്ത് കളിച്ചു നടക്കുന്നത്. പെൺകുട്ടികൾ വീട്ടിനുള്ളിൽ ഇരിക്കുകയുള്ളൂ..
എന്റെ മറുപടി കേട്ടിട്ട്
മഴപെയ്യുമ്പോലെ.. അവൾ ചോദിച്ചു.

അതെന്താ പ്രകൃതി ആണിന് മാത്രമുള്ളതാണോ.
പെണ്ണ് പ്രകൃതിയുടെ സുഖങ്ങളും സന്തോഷങ്ങളുമനുഭവിക്കാൻ പാടില്ലേ.
മഴ ആണിന് വേണ്ടി മാത്രം പെയ്യുന്നതാണോ?
അവളുടെ ചോദ്യം കേട്ടിട്ട് മഴ എന്നെ നോക്കി ചിരിച്ചു എന്നിട്ട് കണ്ണടച്ചു കാട്ടി.
പെണ്ണ് ഈശ്വരസൃഷ്ടിയല്ലേ.
അതോ മനുഷ്യസൃഷ്ടിയാണോ?
മനുഷ്യസൃഷ്ടിയാണെങ്കിൽ മനുഷ്യൻ സൃഷ്ടിക്കുന്ന വീടിനുള്ളിൽ അവൾ ഇരുന്നേ പറ്റു.
ഈശ്വര സൃഷ്ടിയാണെങ്കിൽ.. ഈ പ്രകൃതി അവൾക്കും കൂടിയുള്ളതാ.
മഴയത്ത് ഓടി കളിക്കാം.
മരത്തിൽ കയറാം
പുഴയിൽ നീന്താം
മലകളിൽ കയറാം
ഈ പെണ്ണ് കൊള്ളാലോ.
തുലാവർഷംപ്പോലെ നിന്ന് പെയ്യുകയാണല്ലോ.

വിരോധമില്ലെങ്കിൽ അകത്തേയ്ക്ക് വരാം. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
പെണ്ണ് നനഞ്ഞാൽ എന്ത് സംഭവിക്കുമെന്നറിയണം.
അതുകൊണ്ട് ഈ മഴ എന്നെ നനച്ചോട്ടെ..
അവൾ മഴ വെള്ളത്തിൽ തുള്ളി ചാടി.
പ്രകൃതിയുടെ പ്രണയമാസ്വാദിക്കുവാനിറങ്ങിയ പെണ്ണെന്തിനാ എന്റെ ജാലക വാതിലിൽ വന്നതു?
ഞാൻ ചിരിക്കാതെ ചോദിച്ചു
മഴയത്ത് തുറന്നിടുന്ന വാതിലുകളിൽ കൂടി മനസ്സിന്റെ അകത്തു കടക്കുവാൻ.
എന്നിട്ട് കടന്നോ?

അറിയില്ല …
എന്റെ ശബ്ദം കേട്ടാൽ കരഞ്ഞു കൊണ്ടോടി വരുന്ന ഒരാൾ നനഞ്ഞു കൊണ്ട് ഇങ്ങോട്ട് ഓടി വരുന്നത് കണ്ടു..
അതിനു പുറകെ വന്നതാണ്.
ആഹാ അതാരാ..
ഞാൻ ഇവിടെയുണ്ടന്നറിയിക്കുവാൻ
നനവ് കുടയുന്ന ഒരു കുഞ്ഞു പൂച്ച
മ്യാവൂ എന്ന് കരഞ്ഞു.

ബിനോ പ്രകാശ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *