രചന : സുമേഷ് കെ മാങ്കുളം ✍️
മ്മടെ പുരാണങ്ങളിലും, മഹാഭാരത്തിലും ഇല്ലാത്തതായി ഒന്നും ഇന്നും ഈ ലോകത്തിൽ ഇല്ല്യാ. ടെസ്റ്റ് ട്യൂബ് ശിശു, വിമാനം, ഫേസ് റെക്കഗ്നിഷൻ മിസൈൽ ഒക്കെ ഞാൻ ഇതിന് മുൻപ് പറഞ്ഞു തന്നീട്ടുള്ളതാണല്ലോ.
ആ സീരീസിൽ അടുത്തതാണ് ഇന്ന് പറയാൻ പോകുന്ന നിർബന്ധിത സൈനിക സേവനം.
സംഗതി മ്മടെ പുരാണത്തിൽ ഉള്ളതാണ് എങ്കിലും ഈ പരിപാടി മ്മടെ നാട്ടിൽ അല്ല, തുർക്കി, റഷ്യ, ബ്രസീൽ, ഈജിപ്ത്, ഇറാൻ, തായ്ലൻഡ്, സ്വിറ്റ്സർലൻഡ് മുതലായ രാജ്യങ്ങളിലൊക്കെ ഈ സമ്പ്രദായം ഉണ്ട്.
മ്മടെ അർജ്ജുനന്റെയും സുഭദ്രയുടെയും ചെക്കൻ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരിൽ കൗരവർ കേൾക്കാത്ത പഴിയില്ല്യല്ലോ.
അവര് മാത്രാ?
സ്വന്തം മരുമോനേ രക്ഷിക്കാൻ പറ്റാത്ത താനൊക്കെ എന്തുട്ട് അമ്മാവനാടോ എന്നുവരെ കൃഷ്ണനോട് ആൾക്കാര് ചോയ്ച്ചില്ല്യേ?
പക്ഷെ അതിന്റെ പിന്നിലെ യഥാർത്ഥ കാരണം ഈ നിർബന്ധിത സൈനിക സേവനമാണ്.
ഞെട്ടിയില്ല്യേ?
ഒന്ന് പൊയ്യേരാ നൊണപറയാണ്ട് എന്നല്ലേ ഇപ്പൊ നിങ്ങള് പറഞ്ഞേ?
എന്നാ കേട്ടോ .
പണ്ടൊക്കെ ദേവലോകത്ത് ദേവന്മാർ അവതാര പിറവിയെടുത്ത് ഭൂമിയിലേക്ക് പോകണം. ന്നട്ട് ഇവിടെ അലമ്പ്ണ്ടാക്കാണ രാക്ഷസന്മാരെയൊക്കെ ഇല്ലായ്മ ചെയ്ത് ധർമ്മം സംരക്ഷിക്ക്യാന്ന്ള്ള ഒരു പതിവ്ണ്ടാർന്നു, അത് നിർബന്ധമാണ്.
അങ്ങിനെ ഒരിക്കൽ നൈറ്റ് ഷിഫ്റ്റും കഴിഞ്ഞ് വീട്ട്യേ വന്ന് ചന്ദ്രൻ കിടന്നുറങ്ങണ നേരത്ത് പോസ്റ്റ്മാൻ ഒരു എഴുത്ത് കൊണ്ടുവന്നു. എഴുത്ത് കിട്ടിയ ഉടൻ ചന്ദ്രന്റെ കെട്ട്യോള് രോഹിണി എടുത്ത് നോക്കി
വർചസ്സിന്ള്ളതായിരുന്നു ആ എഴുത്ത്.
ആരാപ്പോ അവന് എഴുത്തയക്കാൻ? ഇനിപ്പോ അവന് ആരേലും ലവ് ലെറ്റർ അയച്ചതാണോ?
കത്ത് പൊട്ടിച്ച് വായിച്ച രോഹിണി ആകെ ടെൻഷൻ ആയി. ഇതിലും ഭേദം ലവ് ലെറ്റർ ആയിരുന്നു എന്ന് മനസ്സിലോർത്ത് ആയമ്മ വേഗം കെട്ട്യോനെ വിളിച്ചുണർത്തി.
“എന്തുട്ടാ നിനക്ക് വേണ്ടേന്റെ രോഹീ? രാത്രി മുഴുവൻ ഒരു പോള കണ്ണടച്ചട്ടില്ല്യാ ഞാൻ “
“നിങ്ങളിതൊന്ന് നോക്കെന്റെ ചന്ദ്രേട്ടാ? ” രോഹിണി കത്ത് ചന്ദ്രന്റെ നേരെ നീട്ടി.
“ലോണെടുത്താ കാശ്ണ്ടാവുമ്പോ അടക്കും. അതിനിങ്ങനെ ജപ്തി നോട്ടീസയച്ചാ ഇല്ല്യാത്ത കാശ് ഇണ്ടാവോ?? നീ പോവാൻ നോക്ക്യേ “
ദേവലോകം സഹകരണ ബാങ്കിന്ന്ള്ള ജപ്തി നോട്ടിസ് ആണെന്ന് കരുതി ഇത്രയും പറഞ്ഞ് ചന്ദ്രൻ വീണ്ടും കണ്ണടച്ചു.
“ഇതതല്ല, വർചസ്സിന്ള്ള നിർബന്ധിത അവതാരത്തിനുള്ള നോട്ടീസാ….”
“നോ…. സമ്മയ്ക്കില്ല്യ ഞാൻ, എന്റെ മോനേ ഞാൻ ഭൂമീല്ക്ക് വിടില്ല്യാ, ആര് പറഞ്ഞാലും വിടില്ല്യാ”
കട്ടിൽമന്ന് ചാടി എണീറ്റ് ചന്ദ്രൻ ഉറഞ്ഞ് തുള്ളി.
“നിങ്ങള് ഇവിടെ കെടന്ന് തുള്ളാണ്ട് ചെന്ന് ഇത് ക്യാൻസലാക്കാൻ നോക്ക് മനുഷ്യാ.”
“ഞാൻ പൂവൂടി ഞാൻ പൂവും, എന്റെ മോന് വേണ്ടി ഈ ചന്ദ്രൻ ഏതാറ്റം വരെയും പൂവും “
വേഗം അയയിൽ കെടക്ക്ണ്ടാർന്ന ബനിയനും എടുത്തിട്ട് ചന്ദ്രൻ നേരെ ഇന്ദ്രന്റെ വീട്ടിലേക്ക് പാഞ്ഞു.
ഇന്ദ്രൻ ഐരാവതത്തിന് പഴം കൊടുത്തോണ്ട് നിക്കാണ നേരത്താണ് ചന്ദ്രൻ അവിടെ എത്തീത്.
“ഇന്ദ്രാ, ഇത് നടക്കില്ല്യാ, ഞാൻ സമ്മയ്ക്കില്ല്യാ”.
“എന്തുട്ട് സമ്മയിക്കില്ല്യാന്നാ നീയീ പറയണേ?”
“ന്റെ പോന്നുങ്കട്ടയെ ഭൂമീല്ക്ക് പറഞ്ഞയക്കാൻ എന്റെ കൊക്കിന് ജീവണ്ടങ്ങെ ഞാൻ സമ്മയ്ക്കില്ല്യാ”
“ടാ ചന്ദ്രാ, ഇവിടെ എല്ലാരും പോണതല്ലേ? പിന്നെന്താ അവന് പോയാല്?”
“ആര് പോയാലും വേണ്ടില്ല്യാ, എന്റെ ചെക്കനെ പറഞ്ഞയക്കാൻ പറ്റില്ല്യ.”
“അങ്ങനെ പറഞ്ഞാൽ എങ്ങനാ? ഒരു നിയമാകുമ്പോ എല്ലാർക്കും ഒരേപോലെ അല്ലേ, അവൻ ഭൂമീല്ക്ക് ഒരു ട്രിപ്പ് പോയി വരട്ട്രാ”
“ന്നാ നിനക്കാ പൊക്കൂഡ്രാ?”
“ഞാൻ പോയിണ്ടല്ലോ”
“അത് അഹല്യയെ വളക്കാനല്ലേ, ആ വിശേഷമമൊന്നും എന്നെകൊണ്ട് പറയിക്കണ്ടാട്ടാ നീയ്യ്”
ആ നേരത്താണ് ബഹളം കേട്ട് വിഷ്ണു അങ്ങട് കേറി ചെന്നത്.
“എന്താണ്ടാ ചന്ദ്രാ? എന്തുട്ടിനാ നീ ഇവിടെ കെടന്ന് ഓളിടണേ?”
ചന്ദ്രൻ വിഷ്ണുനോട് കാര്യം പറഞ്ഞു.
“അത്രേള്ളോ, സാരല്ല്യടാ അവൻ പോയി വരട്ടെ.”
“ന്നാ നിങ്ങക്കാ പൊക്കൂടെ?”
“ഞാനിപ്പോ അവടീണ്ടല്ലോ “
ങ്ങെ?
“സത്യായിട്ടും, എന്റെ അവതാര ടേമാപ്പോ”
“ഏതവതാരം?”
“ശ്രീകൃഷ്ണാവതാരം”
“ന്നാലും എന്റെ മോൻ അവിടെ ഒറ്റക്ക്. എങ്ങനാ ഞാനും രോഹിണിയും അവനെ പിരിഞ്ഞിരിക്ക്യാ ” ചന്ദ്രൻ തേങ്ങിക്കൊണ്ട് പറഞ്ഞു.
“ഞാല്ല്യടാ അവിടെ, ഞാൻ നോക്കി കൊള്ളാം അവനെ.”
“ന്നാ എനിക്ക് കൊറച്ച് ഡിമാൻഡ്സ്ണ്ട്, അത് ഓക്കേ ആണേൽ വർചസ്സിനെ വിടാം.”
എന്തുട്ടാ നിന്റെ ഡിമാൻഡ്സ്?
“പതിനാറ് കൊല്ലമേ അവൻ ഭൂമിയിൽ ഇണ്ടാവുള്ളോ “
“അതിപ്പോഎങ്ങന്യാ ശരിയാവാ?” ഇന്ദ്രൻ ചോദിച്ചു
“ശരിയാവില്ല്യങ്ങെ വേണ്ടാ, ഞാൻ ചെക്കനെ വിടില്ല്യാ”.
“ചന്ദ്രാ, പിന്നീം നീ തൊള്ളോണ്ട് വർത്താനം പറഞ്ഞാ എങ്ങനാ ശര്യാവാ? “
വീടിന്റെ ചവിട്ടുപടിയിൽ ഇരിക്ക്ണ്ടാർന്ന ഇന്ദ്രൻ ചോദിച്ചു.
തൊള്ളോണ്ടല്ലാണ്ട് പിന്നെ ഞാൻ ….
ചന്ദ്രൻ അടുത്ത വാക്ക് പറയുമ്പോളേക്കും വിഷ്ണു ഇടപെട്ടു.
“ചന്ദ്രാ ഓക്കേ, പതിനാറ് കൊല്ലം, അത്ര മതി “
“ഇവനെ എനിക്ക് വിശ്വാസല്ല്യാ. പക്ഷേ വിഷ്ണുവേട്ടനെ എനിക്ക് വിശ്വാസാ “
“അത് ഞാൻ ഏറ്റു.”
“ഒരു കാര്യം കൂടീണ്ട് “
” ഇനി എന്തുട്ടാ? “
” അവിടെ വിഷ്ണുവേട്ടന്റെ ആളാവണം അവൻ.”
“ആക്കാം, അവനെ എന്റെ പെങ്ങളുടെ മോനാക്കാം പോരേ.”
“പോരാ”
“ഇനിയെന്തുട്ടാ?” ഇന്ദ്രന് ദേഷ്യം വന്നു
“അവന്റെ ചെക്കൻ ഭാരതവംശത്തിലെ രാജാവാകണം.”
“ഹാവ…. എന്തുട്ടാ ഇതിനൊക്കെ പറയാ, ചില്ലറയല്ലല്ലോ നിന്റെ അത്യാഗ്രഹം ചന്ദ്രാ”. ഇന്ദ്രൻ ഒരു ആക്കിയ ചിരി ചിരിച്ച് പറഞ്ഞു.
പറ്റില്യങ്ങെ ഇപ്പൊ പറഞ്ഞോ, ബാക്കി കാര്യം ഞാൻ നോക്കികൊള്ളാം “
“ചന്ദ്രാ നീ പറഞ്ഞതൊക്കെ സമ്മതിച്ചു, നീ ചെക്കനെ പറഞ്ഞയക്കാൻ നോക്ക് “
വിഷ്ണു പറഞ്ഞു
മതി, അത് മതി…..
സമാധാനത്തോടെ ചന്ദ്രൻ തിരിച്ച് പോയി.
കുരുക്ഷേത്രയുദ്ധത്തിന്റെ പതിമൂന്നാം ദിവസം ചക്രവ്യൂഹത്തിന്റെ ഉള്ളിൽ കേറിയ അന്നായിരുന്നു അഭിമന്യുവിന്റെ സിക്സ്റ്റീൻത്ത് ഹാപ്പി ബർത്ത്ഡേ.
അന്ന് വൈന്നേരം ഇവിടെ മോൻ നഷ്ടപ്പെട്ട സങ്കടം സഹിക്കാതെ അർജ്ജുനനും സുഭദ്രയും കരയുമ്പോൾ അവിടെ മോനേ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ചന്ദ്രനും രോഹിണിയും ചിരിക്കുകയായിരുന്നു
ഇപ്പൊ മനസ്സിലായാ എന്ത് കൊണ്ടാണ് അഭിമന്യുവിനെ കൗരവരുടെ ഇടയിലേക്ക് ഇട്ട് കൊടുത്തീട്ട് കൃഷ്ണൻ മൈൻഡ് ചെയ്യാതെ നിന്നതെന്ന്.
അല്ലേലും, നിർബന്ധിത സേവനം കഴിഞ്ഞാൽ തിരിച്ചുപോവൂലോ …
വാൽക്കഷ്ണം : പുരാണവും വർത്തമാനവും കൂട്ടിക്കലർത്തിയുള്ള വെറും നർമ്മസങ്കൽപ്പം മാത്രം. ചരിത്രമോ പുരാണവ്യാഖ്യാനമോ ആയി കാണരുത്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല.

