യേശുവിനോടുള്ള എന്റെ 84-ാമത്തെ ചോദ്യം
നന്മയും സമ്പത്തും മാത്രം വാഗ്ദാനം ചെയ്യുന്ന സമൃദ്ധിയുടെ സുവിശേഷത്തെക്കുറിച്ചായിരുന്നു…
ഗുരുവേ,
സമ്പത്തിനുവേണ്ടി…
രോഗസൗഖ്യത്തിനുവേണ്ടി…
ജീവിതത്തിലെ വിജയങ്ങൾക്കുവേണ്ടി…
ദൈവത്തിൽ വിശ്വസിക്കുന്ന ചിലർ..!
അതിനെ അങ്ങനെ തന്നെ
ഉറപ്പിക്കും വിധം
വിശ്വാസമുണ്ടെങ്കിൽ സമ്പത്തുണ്ടാകുമെന്നും…,
അവരോടൊപ്പം ചേർന്നാൽ
ജീവിതത്തിൽ വിജയം മാത്രമേ
ഉണ്ടാകു എന്നും..,
അങ്ങയെ വിശ്വസിക്കുന്നവന്
കഷ്ടതകൾ ഉണ്ടാകില്ലെന്നും പഠിപ്പിക്കുന്ന അനേകർ… !!
ഞാൻ ആകെ സംശയത്തിലാണ്
യഥാർത്ഥത്തിൽ അങ്ങയുടെ അനുഗ്രഹത്തിന്റെ അടയാളം എന്താണ് ?
അവൻ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ശാന്തമായി ചോദിച്ചു:
നീ എന്നെ അനുഗമിച്ചാൽ നിന്റെ ജീവിതത്തിൽ ഒരിക്കലും കഷ്ടതകൾ ഉണ്ടാകില്ലെന്ന് ഞാൻ എവിടെയാണ് പറഞ്ഞത്?
ഞാൻ പറഞ്ഞത് ലോകത്തിൽ നിങ്ങൾക്ക് കഷ്ടതകൾ ഉണ്ടാകുമെന്നാണ്.
എന്നാൽ ധൈര്യപ്പെടുവിൻ,
ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.”
(യോഹന്നാൻ 16:33)
എന്നെ അനുഗമിച്ചവരുടെ ജീവിതത്തിലേക്ക് നോക്ക്…
എന്റെ ശിഷ്യന്മാർ സുവിശേഷം അറിയിച്ചതിന്റെ പേരിൽ
പീഡനങ്ങൾ നേരിട്ടു.
പൗലോസ് അടിയേറ്റു…
തടവിലായി…
പട്ടിണിയും കഷ്ടതകളും അനുഭവിച്ചു.
അവരുടെ വിശ്വാസം കുറഞ്ഞതുകൊണ്ടാണോ
ഇതെല്ലാം സംഭവിച്ചത്?
അല്ല…

കഷ്ടതകളില്ലാത്ത ജീവിതമല്ല
വിശ്വാസത്തിന്റെ തെളിവ്.
കഷ്ടതകളുടെ നടുവിലും പ്രത്യാശ
കൈവിടാതിരിക്കുന്നതാണ്
വിശ്വാസത്തിന്റെ ശക്തി.
അവൻ ഒരു നിമിഷം നിർത്തിയിട്ട് വീണ്ടും തുടര്‍ന്നു…
സമ്പത്തുണ്ടാകുന്നത് കുറ്റമല്ല.
ദാരിദ്ര്യത്തിൽ കഴിയുന്നവൻ എനിക്ക് കൂടുതൽ പ്രിയപ്പെട്ടവനാകുന്നുമില്ല.
എന്റെ ശരീരം സംസ്കരിക്കാൻ മുന്നോട്ടുവന്ന
അരിമഥ്യക്കാരൻ യോസേഫ് , സമ്പന്നനായിരുന്നു…
അതുപോലെ
സമ്പത്തുള്ളവരും എന്നെ അനുഗമിച്ചിട്ടുണ്ട്.
പക്ഷേ, സമ്പന്നനായവൻ
ദൈവത്താൽ കൂടുതൽ അനുഗ്രഹിക്കപ്പെട്ടവനാണെന്നും…
ദരിദ്രനായവന് ദൈവകൃപ കുറവാണെന്നും വിധിക്കാൻ നിനക്കെന്ത് അധികാരമാണുള്ളത്…?
സമ്പത്ത് നിന്റെ കൈയിലുണ്ടാകുന്നതല്ല പ്രശ്നം…!
സമ്പത്ത് നിന്റെ ഹൃദയത്തെ ഭരിക്കാൻ തുടങ്ങുന്നതാണ് പ്രശ്നം…!!
അതുകൊണ്ടാണ് ഞാൻ പറഞ്ഞത്:
‘നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിപ്പാൻ കഴികയില്ല.’
(മത്തായി 6:24)

ഇവിടെ ഞാൻ പറഞ്ഞത് പണം
നിന്റെ കൈയിൽ ഉണ്ടാകരുത് എന്നല്ല.
പണം നിന്റെ ഹൃദയത്തിന്റെ
സിംഹാസനത്തിൽ ഇരിക്കരുത് എന്നാണ്.
ധനം നിനക്കൊരു ഉപാധിയായിരിക്കണം.
എന്നാൽ നീ ധനത്തിന്റെ അടിമയാകരുത്.
ഇന്ന് നിങ്ങൾ ദൈവത്തെപ്പോലും ഒരു കച്ചവടത്തിന്റെ ഭാഗമാക്കുന്നു.
നിങ്ങൾ പണം കൊടുക്കുന്നു…
അതിനു പകരം അനുഗ്രഹം പ്രതീക്ഷിക്കുന്നു.
പ്രാർത്ഥിക്കുന്നു…
അതിനു പകരം സമ്പത്തും വിജയവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.
പക്ഷേ, ദൈവകൃപ നിങ്ങൾ പണം കൊടുത്തു വാങ്ങുന്ന ഒരു വസ്തുവല്ല.
ശിമോൻ എന്നൊരാൾ ദൈവത്തിന്റെ ആത്മാവിന്റെ ദാനം പണംകൊണ്ട് നേടാമെന്ന് കരുതി.
പക്ഷേ പത്രോസ് അവനെ ശക്തമായി തിരുത്തി.
(അപ്പൊസ്തലപ്രവൃത്തികൾ 8:18–20)

ദൈവത്തിന്റെ ദാനത്തെ
പണംകൊണ്ട് വാങ്ങാൻ കഴിയുമെങ്കിൽ,
പണമുള്ളവന് ദൈവത്തെയും വാങ്ങാമെന്നല്ലേ അർഥം?
അപ്പോൾ ദൈവകൃപയും
മനുഷ്യൻ വിൽക്കുന്ന
ഒരു ഉൽപ്പന്നവും തമ്മിൽ
എന്താണ് വ്യത്യാസം?
ദൈവത്തെ പണംകൊണ്ട്
നേടാൻ കഴിയില്ല…
ദൈവത്തിന്റെ സ്നേഹം സമ്പന്നർക്കുള്ള പ്രത്യേക അവകാശവുമല്ല…
അതുകൊണ്ട്,
എന്റെ നാമം പറഞ്ഞ് നിങ്ങളുടെ ഭയത്തെ മുതലെടുക്കുന്നവരെ സൂക്ഷിക്കുക…
നിങ്ങളുടെ വിശ്വാസത്തെ ഉപയോഗിച്ച് നിങ്ങളിൽനിന്ന് ലാഭം നേടുന്നവരെയും സൂക്ഷിക്കുക.
ദൈവഭക്തിയെ ലാഭത്തിനുള്ള മാർഗമായി കാണരുതെന്ന് പൗലോസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ധനാഗ്രഹം മനുഷ്യനെ പല തിന്മകളിലേക്കും നയിക്കുമെന്നും അവൻ ഓർമിപ്പിച്ചിട്ടുണ്ട്.
(1 തിമൊഥെയൊസ് 6:5–10)

ഞാൻ നിന്നോട് ചോദിക്കട്ടെ…..
ഒരു മനുഷ്യൻ ദരിദ്രനായിരിക്കുമ്പോൾ അവനെ സഹായിക്കാതെ,
കൂടുതൽ വിശ്വാസമുണ്ടായാൽ
സമ്പന്നനാകുമെന്ന് മാത്രം പറയുന്നതിൽ
എന്ത് സ്നേഹമാണുള്ളത്?
ഒരു രോഗിയുടെ വേദന കേൾക്കാതെ
അവന്റെ വിശ്വാസത്തെ കുറ്റപ്പെടുത്തുന്നതിൽ
എന്ത് കരുണയാണുള്ളത്?
വിശക്കുന്നവനോട്
പ്രാർത്ഥിക്കാൻ പറയുകയും
അവന് ഭക്ഷണം
നൽകാതിരിക്കുകയും ചെയ്താൽ,
നിങ്ങളുടെ വിശ്വാസംകൊണ്ട്
അവന്റെ വിശപ്പ് മാറുമോ?
വിശ്വാസം മനുഷ്യനെ ഉയർത്തുന്നതാകണം…
അവന്റെ വേദനയ്ക്കു മുകളിൽ കുറ്റബോധത്തിന്റെ മറ്റൊരു ഭാരം കൂടി നിറക്കുന്നതാകരുത്…!
സമ്പാദിക്കുക…
നിന്റെ കുടുംബത്തെ സംരക്ഷിക്കുക…
നിന്റെ കഴിവുകൾ വളർത്തുക…
നിനക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക…

ഇതൊന്നും തെറ്റല്ല.
പക്ഷേ, ഇതെല്ലാം ചെയ്യുമ്പോൾ
നീ ആരായി മാറുന്നു എന്നതാണ് പ്രധാനം.
നിന്റെ സമ്പത്ത് വർധിക്കുമ്പോൾ കരുണയും വർധിക്കുന്നുണ്ടോ…?
നിന്റെ അധികാരം വർധിക്കുമ്പോൾ വിനയം നിലനിൽക്കുന്നുണ്ടോ…?
നിനക്ക് കൂടുതൽ ലഭിക്കുമ്പോൾ മറ്റൊരുവന്റെ ആവശ്യങ്ങൾക്കായി നിന്റെ കൈ തുറക്കുന്നുണ്ടോ…?
ഇതാണ് നീ നിന്നോടുതന്നെ ചോദിക്കേണ്ടത്.
അവൻ എന്റെ അരികിലേക്ക് വന്നിട്ട്‌ തുടർന്നു:
എന്നെ അനുഗമിക്കുന്നത് സമ്പന്നനാകാനുള്ള ഒരു വഴിയായി മാത്രം നീ കാണരുത്.
സമ്പത്ത് നഷ്ടപ്പെട്ടാലും നിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കട്ടെ.
പ്രാർഥിച്ചിട്ടും ആഗ്രഹിച്ച ഫലം ലഭിക്കാത്തപ്പോൾ നിന്റെ പ്രത്യാശ മരിച്ചുപോകാതിരിക്കട്ടെ.
നിനക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ നന്ദിയുള്ളവനായിരിക്കുക.
ലഭിക്കാത്തവയുടെ പേരിൽ മറ്റൊരുവന്റെ വിശ്വാസത്തെ വിധിക്കാതിരിക്കുക.
കാരണം, ദൈവകൃപയുടെ അളവുകോൽ നിന്റെ ബാങ്ക് ബാലൻസല്ല.

  • സമ്പത്ത് നിന്നെ ഭരിക്കാതിരിക്കട്ടെ…!
  • വിശ്വാസം നിന്നെ കച്ചവടക്കാരനാക്കാതിരിക്കട്ടെ…!
  • ദൈവത്തിന്റെ നാമം പറഞ്ഞ് ആരും നിന്നെ ചൂഷണം ചെയ്യാതിരിക്കട്ടെ…!
  • നിന്റെ ദാരിദ്ര്യത്തിനോ രോഗങ്ങൾക്കോ കാരണം നിന്റെ വിശ്വാസക്കുറവാണന്ന് ആരും നിന്നെ വിശ്വസിപ്പിക്കാതിരിക്കട്ടെ…!
  • നിന്റെ കണ്ണീരിനെപ്പോലും മറ്റൊരാളുടെ വരുമാനമാർഗമാക്കാൻ ആരെയും നീ അനുവദിക്കാതിരിക്കട്ടെ…!
  • ദൈവത്തിന്റെ നാമം നിന്റെ ലാഭത്തിനുള്ള ഉപാധിയാകാതിരിക്കട്ടെ…!
  • നിന്റെ ജീവിതം മറ്റൊരുവന് അനുഗ്രഹമായിത്തീരട്ടെ..!
    അവൻ ഇത്രയും പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഞാൻ മെല്ലെ തിരിച്ചറിയുകയായിരുന്നു…
    ദൈവത്തെ സ്നേഹിക്കുന്നതും,
    ദൈവത്തിൽനിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതും ഒരേ കാര്യമല്ല.
    അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ ദൈവത്തിന് നന്ദി പറയുന്നത് വിശ്വാസമാണ്….
    പക്ഷെ, അനുഗ്രഹങ്ങൾ ലഭിക്കാത്തപ്പോഴും ദൈവത്തെ ഒരു കച്ചവടക്കാരനായി കാണാതിരിക്കുന്നത് വിശ്വാസത്തിന്റെ പക്വതയാണ്.
    ഒരുപക്ഷേ,
    നമ്മൾ ദൈവത്തോട് ചോദിക്കേണ്ട ഏറ്റവും വലിയ ചോദ്യം…
    “കർത്താവേ,
    എനിക്ക് എന്ത് ലഭിക്കും?” എന്നതല്ല…
    “കർത്താവേ,
    എനിക്ക് ലഭിച്ചവകൊണ്ട്
    ഞാൻ ആർക്കൊക്കെ അനുഗ്രഹമാകണം?”
    എന്നതാണ്..

By ivayana

Leave a Reply

Your email address will not be published. Required fields are marked *