രചന : പ്രീത സരോജിനി ✍️
ചില സമയങ്ങളിൽ മറക്കാൻ ശ്രമിക്കുന്ന ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും. തനിച്ചാണെന്ന് തോന്നുന്ന നിമിഷങ്ങളിലൊക്കെ ആ ഓർമ്മകൾ ഇങ്ങനെ തികട്ടിവരും…
+2 റിസൾട്ട് കാത്തിരിക്കുന്ന സമയമാണ്…
ഒരു ദിവസം അച്ഛന് പനി തുടങ്ങി. അതിന് മുന്നേ തന്നെ രണ്ട് അറ്റാക്ക് കഴിഞ്ഞ്, സ്ട്രോക്ക് വന്ന് ഒരു ഭാഗം തളർന്ന അവസ്ഥയായിരുന്നു. എങ്കിലും പതിയെ നടക്കുമായിരുന്നു. ബാക്കി കാര്യങ്ങളൊക്കെ ഞാനും എന്റെ മൂത്ത ചേച്ചിയുമാണ് നോക്കിയിരുന്നത്.
അച്ഛനും അമ്മയ്ക്കും ഞങ്ങൾ പത്ത് മക്കളാണ്. കേൾക്കുമ്പോൾ പലരും മൂക്കത്ത് വിരൽ വയ്ക്കും.
“ശെടാ… ഈ കാലത്തും പത്ത് പിള്ളേരോ?”
“ആവോ… എനിക്കറിയില്ല…”
പലരുടെയും കളിയാക്കലിൽ നിന്നും ക്യൂരിയോസിറ്റിയിൽ നിന്നും രക്ഷപ്പെടാൻ ഞാൻ പറഞ്ഞിരുന്ന സ്ഥിരം മറുപടിയായിരുന്നു അത്. കളിയാക്കുമോ എന്ന പേടിയിൽ പലരോടും ഈ സത്യം മറച്ചുവെച്ചിട്ടുമുണ്ട്.
ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴേക്കും മൂത്ത ആളുകൾ ഓരോരുത്തരായി കല്യാണം കഴിഞ്ഞ് അവരുടെ ജീവിതം നോക്കി തുടങ്ങിയിരുന്നു. അങ്ങനെ പലരും പല ജില്ലകളിലേക്കും രാജ്യങ്ങളിലേക്കും പോയി.
ഒരു ആങ്ങള നാട്ടിലുണ്ടായിരുന്നെങ്കിലും അച്ഛന് പനി വന്ന സമയത്ത് ദൂരെയൊരു വർക്കിന് പോയിരിക്കുകയായിരുന്നു.
രണ്ടാം ദിവസം പനി കൂടി.
അന്നാണെങ്കിൽ ഹർത്താലും.
അമ്മയും ഞങ്ങൾ രണ്ട് പെൺകുട്ടികളും എന്ത് ചെയ്യണമെന്നറിയാതെ അച്ഛന്റെ ദേഹം മുഴുവൻ നനഞ്ഞ തുണികൊണ്ട് തുടച്ചുകൊണ്ടിരുന്നു. ഏകദേശം ഉച്ച കഴിഞ്ഞപ്പോഴേക്കും ഒന്നോ രണ്ടോ ഓട്ടോകൾ ഓടിത്തുടങ്ങി.
ഞാൻ ആ കോരിച്ചൊരിയുന്ന മഴയിൽ റോഡരികിൽ പോയി നിന്നു.
കുറച്ച് സമയത്തിന് ശേഷം ഒരു ഓട്ടോ ചേട്ടൻ വന്നു. കണ്ട് പരിചയമില്ലാത്ത ആളായിരുന്നു. എങ്കിലും കാര്യം പറഞ്ഞപ്പോൾ വീട്ടിലേക്ക് വന്നു.
ഞങ്ങൾ നാലുപേരും ചേർന്ന് അച്ഛനെ എടുത്ത് ഓട്ടോയിൽ ഇരുത്തി. അന്ന് ഇന്നുള്ളതുപോലെ വലിയ ഓട്ടോകളല്ല, ചെറിയ ഓട്ടോയാണ്. എന്നിട്ടും ഞങ്ങൾ നാലുപേർ ഞെങ്ങിഞെരുങ്ങി അതിൽ കയറി.
ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്.
അവിടുത്തെ ഡോക്ടർമാർ പരിശോധിച്ച ശേഷം ഇവിടെ എടുക്കാൻ പറ്റില്ല, ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. പക്ഷേ അമ്മയ്ക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോകണമെന്നായിരുന്നു താൽപര്യം. അച്ഛന്റെ ഇത്രയും നാളത്തെ ചികിത്സ അവിടെയായിരുന്നു.
ഹർത്താലായത് കൊണ്ട് വേറെ വണ്ടികളൊന്നും കിട്ടാനില്ല. ആ ഓട്ടോ ചേട്ടൻ തന്നെ വരാമെന്ന് ഏറ്റു.
ചിലപ്പോൾ അച്ഛൻ നോർമലായി ഇരിക്കുന്നത് കൊണ്ടാവാം അവർ ആംബുലൻസ് തരാതിരുന്നത്. എന്താണെന്ന് ആ പ്രായത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ഞങ്ങൾ ഓട്ടോയിൽ തൃശ്ശൂരിലേക്ക് പുറപ്പെട്ടു.
ആ യാത്രയിലെ ഏറ്റവും വലിയ കടമ്പ, ചെറുതാണെങ്കിലും, കുതിരാൻ മല കയറുക എന്നതായിരുന്നു.
ഇന്നത്തെ പോലെ അന്ന് ഈ തുരങ്കം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയ നിമിഷങ്ങൾ…
അത്രനേരം നേരെ ഇരുന്ന അച്ഛൻ കുതിരാൻ കയറാൻ തുടങ്ങിയപ്പോൾ ഒരു വശത്തേക്ക് ചെരിഞ്ഞു. ഉച്ചത്തിൽ മൂളാൻ തുടങ്ങി. കാലുകൾ നിവർത്തി വയ്ക്കാനുള്ള വെപ്രാളം… അമ്മയുടെ തോളിലേക്ക് ചെരിഞ്ഞ് കണ്ണുകൾ മുകളിലോട്ട് മലർന്ന്…
എനിക്ക് ഒരു നിമിഷം ഉച്ചത്തിൽ അലറണമെന്ന് തോന്നി.
പക്ഷേ…
ആ വണ്ടിയുടെ കമ്പിയിൽ മുറുകെ പിടിച്ച് ഞാൻ കണ്ണുകൾ അടച്ചിരുന്നു.
ചേച്ചിയും അമ്മയും അച്ഛന്റെ നെഞ്ച് ഉഴിഞ്ഞുകൊണ്ട്, “എന്ത് പറ്റി…?” എന്ന് ചോദിച്ചുകൊണ്ടിരുന്നു.
ഓട്ടോ ചേട്ടൻ ഇടയ്ക്കിടെ പുറകിലേക്ക് തിരിഞ്ഞുനോക്കി വേഗത്തിൽ വണ്ടി വിട്ടു.
പക്ഷേ…
കുതിരാനാണ്…
കുറച്ച് കയറിയപ്പോൾ നല്ല ബ്ലോക്ക്. വണ്ടിയുടെ വേഗത കുറഞ്ഞു… കുറഞ്ഞു വരുന്നു…
അച്ഛൻ താഴേക്ക് ഊർന്ന്… ഊർന്ന്…
എത്ര നേരം ആ മല കയറിയെന്നറിയില്ല.
ഓരോ നിമിഷവും മണിക്കൂറുകൾ പോലെ ഇഴഞ്ഞു നീങ്ങി.
നെഞ്ചിടിപ്പ് കൂടി കൂടി ഹൃദയം പൊട്ടിപ്പോകുന്ന അവസ്ഥ.
നേരം നന്നേ ഇരുട്ടി.
ഓട്ടോയുടെ അരണ്ട വെളിച്ചത്തിലും തിമിർത്തു പെയ്യുന്ന മഴയിലും ഞങ്ങൾക്ക് ചുറ്റുമുള്ളത് എല്ലാം അവ്യക്തമായി.
ഇടയ്ക്ക് എതിരെ പാഞ്ഞുവന്ന ഒരു ലോറി അലറിക്കൊണ്ട് തൊട്ടു തൊട്ടില്ലെന്ന അവസ്ഥയിൽ കടന്നുപോയപ്പോൾ, ആ ഓട്ടോയിലിരുന്ന ഞങ്ങൾ അഞ്ചുപേരും കിടുകിടാ വിറച്ചു.
ഓട്ടോ ചേട്ടന്റെ മുഖത്ത് ടെൻഷൻ മുറുകിയിരിക്കുന്നത് കാണാമായിരുന്നു.
ഒരു വിധം ആ മല കയറി ടൗണിലേക്ക് അടുത്തപ്പോഴേക്കും അച്ഛന്റെ ശബ്ദം നേർത്തിരുന്നു. കണ്ണുകൾ പാതി അടഞ്ഞു. കൈകാലുകൾ തണുത്തുറഞ്ഞിരുന്നു.
അമ്മയും ചേച്ചിയും നിശ്ശബ്ദമായി കരഞ്ഞു…
ഞാൻ ആ കമ്പിയിൽ മുറുകെ പിടിച്ച്…
കണ്ണുകൾ അടച്ചിരുന്നു.
