രചന : ശാന്തി സുന്ദർ ✍️
കാത്തിരിപ്പിന് കണ്ണീർ മുഖമാണെന്ന്
നിന്നോട്,
എന്നെ വലംവച്ചു തോറ്റുപോയൊരു കാറ്റ്
കിതച്ചോടിയ്യെത്തി കുശുമ്പ് പറഞ്ഞാൽ
നീ വിശ്വസിക്കരുത്.
നിന്നെ കാത്തിരിക്കുന്ന നേരങ്ങളിലൊന്നും
എന്നുള്ളിലൊരു
വിരഹിണി പിറന്നിട്ടേയില്ല..
നിന്നെ ഞാൻ
കണ്ണ് തുറന്ന് ഓർത്തിരിക്കുമ്പോൾ
ഇരുമിഴികളും
ഞാനും നീയുമാകും.
കാഴ്ചകൾ ഭാഷയാകും.
നിന്നെയോർത്തണിഞ്ഞ നക്ഷത്രമൂക്കുത്തി
നമ്മുടെ കുടിയാകും.
ഞാൻ തൊട്ട കറുത്ത വട്ടപ്പൊട്ട്
രാത്രിയായി മാറും
നീയാരാത്രിയിലേക്ക് നിലാവായി വന്നിറങ്ങും
വിയർത്തു വീർക്കാതെ
തണുത്തുറയാതെ
ഞാനെന്റെ കാത്തിരിപ്പിന്റെ ദിനങ്ങളിൽ
നിന്നുകൊണ്ട്
എന്നോർമ്മയിൽ നിന്നെ ചാരിവയ്ക്കും.
മഞ്ഞെന്നെ തിരുത്താൻ നോക്കി,
മഴയെന്നോട് അപേക്ഷിച്ചു.
വെയിൽ നിരന്തരം ഉച്ചനേരങ്ങളിൽ ശകാരിച്ചു.
തോറ്റുപോയതവരാണ് ,
പ്രണയത്താൽ കാത്തിരിയ്ക്കുന്ന
പെൺ മുഖം
വിരഹിയിണിയുടേതാണെന്ന്
എന്നെകണ്ടമാത്രേ..ചിത്രകാരന്മാർ.
അവരോട് തന്നെ കലഹിക്കാറുണ്ട്.
കാത്തിരിപ്പിന്റെ വിശുദ്ധിയിൽ
നിൽക്കുമ്പോ..
ഞാനൊരു വിരഹിണിയായിരുന്നില്ല.
റെയിൽ പാതയിലെ ആൽമരത്തണലിലേക്ക്
പക്ഷികൾ രഹസ്യമായെത്തിയതും
എന്നിലെ പ്രണയം മണത്താണ്.
ഓരോ തീവണ്ടിയൊച്ചയും അപരിചിതമായി നോക്കിനിൽക്കുകയും,
എനിക്ക് മുന്നിൽ നിന്നും
പടപടാ ഒച്ചയോടെ പാഞ്ഞു പോകുമ്പോഴും,
അവസാനത്തെ ബോഗിയിൽ
നിന്നെ
തൊടാൻ കൊതിച്ചിരുന്ന
എന്റെ ഹൃദയമിടിപ്പിനെ കടത്തി വിടാറുണ്ടായിരുന്നു.
നിന്റെ ജീവശ്വാസം തിരഞ്ഞുതിരഞ്ഞെന്റെ
പ്രണയം നിന്നെ സ്പർശിച്ചിരുന്നു.
നിത്യവും സ്പർശിച്ചിരുന്നു.
ഞാൻ വിരഹിണിയായിരുന്നില്ല.
ഞാനാ റെയിൽ പാതയിൽ വേരുറച്ചുപോയ മരമായില്ല.
തീവണ്ടി ചലനങ്ങൾക്കൊപ്പം
നിന്നെ തേടി പിടഞ്ഞു പോയ പ്രണയസഞ്ചാരിയായിരുന്നു.
