രചന : മംഗളാനന്ദൻ ✍️
ചക്രവാളത്തിനുമപ്പുറമുള്ളൊരു
സ്വർഗ്ഗവാതിൽ തേടിപ്പോയൊരെൻകൂട്ടുകാർ,
ഇത്തീരഭൂമിയിലേക്കു തിരികെ വ-
ന്നെത്തിയിട്ടില്ലതു സത്യമോ മിഥ്യയോ?
സ്വപ്നങ്ങളെത്രയോ പൂത്തുനിൽക്കുന്നൊരു
കല്പകവാടിയാണെന്നു ചൊല്ലി പലർ.
വിണ്ണിലെ നക്ഷത്രകന്യകൾ ഭൂമിയിൽ
വന്നിറങ്ങുമിടമെന്നരുളും ചിലർ.
ചേലയഴിച്ചു കുളക്കടവിൽ വെച്ചു
സായന്തനങ്ങൾ നീരാടുന്നതായ് ചിലർ.
തങ്കക്കിനാക്കൾ വിരുന്നുവരുമത്രേ
കുങ്കുമം വാരിവിതറിയ വീഥിയിൽ.
വേനലിൻ ചൂടിലഭയാർത്ഥി കാണുന്ന
കാനൽജലം മോഹഭംഗമായീടവേ,
മുന്നിലെ സന്ധ്യകൾ ചക്രവാളത്തിന്റെ
പിന്നിലേക്കെന്നും വിളിക്കുന്നു മർത്ത്യനെ.
രാവും പകലും ഭവാബ്ധിയിൽ നീന്തുന്നു
ഭാവുകം തേടും മനുഷ്യനെക്കാലവും.
അക്കരെയെന്ന സുവർണ്ണതീരം നോക്കി –
യെക്കാലവും നമ്മൾ നില്ക്കുന്നു മോഹിതർ.
ചക്രവാളം നമ്മെ മാടിവിളിച്ചിടാം
എത്രയും മോഹം മനസ്സിൽ വിതറിടാം.
ഇക്കരെയുള്ളൊരു മാരന്റെയുള്ളിലെ
ചക്കരയത്രേ മധുരം, മനോഹരം ! !

