രചന : സന്തോഷ് മലയാറ്റിൽ- ✍️
മഴ ഭൂമിയെ
ചുംബിക്കുമ്പോൾ
പൂക്കുന്ന പൂക്കളുടെ
രഹസ്യമറിയാനാണ്
ഞാനൊരു
മണൽത്തരിയായത്.
ഒറ്റചുംബനത്താൽ
മണ്ണിനെ കുളിരണിയിച്ച
മഴയുടെ മാന്ത്രികതയിൽ
ഞാനാ പൂവിന്റെ പേര്
നിന്റെ നെറ്റിയിൽ
ഒരു സിന്ദൂരവർണ്ണത്തിൽ
പകർത്തിയെഴുതട്ടെ..?
നിൻ്റെ
വിടർന്ന മിഴികളിലെ
ആഴത്തിൽ പിടയുന്ന
കൗതുകത്തിന്
സാക്ഷിയായി
മിന്നിമായുന്ന മഴവില്ല്
ഇപ്പോൾ
ആകാശം കുടഞ്ഞിട്ട
ഒരപ്പൂപ്പൻ താടി
എന്നിലേക്ക്
കാർമേഘത്തിന്റെ
കുളിരിനെ പ്രണയമെന്ന്
വിവർത്തനം ചെയ്യുന്നു.
