​സന്ധ്യ മയങ്ങുന്ന വടകര റെയിൽവേ സ്റ്റേഷൻ. തിരക്കുകൾ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമിന്റെ ഒരു കോണിൽ, കാറ്റിൽ പാറിക്കളിക്കുന്ന മുടിയുമായി തളർന്നിരിക്കുകയായിരുന്നു ദേവിക. ബഞ്ചിൽ ഇരുന്ന്മോതിരവിരലുകളിലേക്ക് അവൾ വെറുതെ നോക്കി; ആ വിരലുകളിൽ ഒരു കാലത്ത് തിളങ്ങിനിന്ന മാംഗല്യത്തിന്റെ ചൂട് പോലും എപ്പോഴേ മാഞ്ഞുപോയിരുന്നു.
​വിവാഹം കഴിഞ്ഞിറങ്ങിയ ആ നാളുകളിൽ ആ തറവാട് അവൾക്ക് ഒരു വലിയ ലോകമായിരുന്നു. മാധവേട്ടന്റെ അമ്മയ്ക്ക് അവൾ സ്വന്തം മകളെക്കാൾ പ്രിയപ്പെട്ടവളായിരുന്നു. വിദേശത്തേക്ക് വണ്ടി കയറുന്ന അവസാന നിമിഷം കഴുത്തിലെ താലിച്ചരടിൽ തൊട്ട്, ‘ഞാൻ വേഗം വരും’ എന്ന് പറഞ്ഞ ആ കണ്ണുകളിലെ തിളക്കം ഓർത്തുമാത്രമാണ് അവൾ പിന്നീട് നാളുകൾ തള്ളിനീക്കിയത്.
പക്ഷേ, കാലം എത്ര പെട്ടെന്നാണ് മുഖം മാറ്റിയത്!

ഗൾഫിൽ നിന്ന് മാധവന്റെ കത്തുകളും ഫോൺ വിളികളും നിലച്ചു. അതുവരെ സ്നേഹം നടിച്ചവർ തന്നെ വേട്ടക്കാരായി മാറി. മാധവന്റെ ബന്ധുക്കൾ തന്നെയായിരുന്നു തുടക്കം.
​”അവൻ അവിടെ വേറെ ജീവിതം തേടിയിട്ടുണ്ടാകും, ഇവളുടെ ജാതകദോഷം കൊണ്ടാണ് അവൻ വരാത്തത്…”
​എന്ന് പറഞ്ഞ് അവർ അവളെ ശാരീരികമായും മാനസികമായും നിരന്തരം തളർത്തി. വീടിന്റെ ആ നാലുചുവരുകൾക്കുള്ളിൽ അവൾ പതുക്കെ ഒറ്റപ്പെടുകയായിരുന്നു.
ആ ഒറ്റപ്പെടൽ പിന്നീട് പല രൂപത്തിലുമുള്ള അതിക്രമങ്ങൾക്ക് വഴിയൊരുക്കി. കൂട്ടിനാരും ഇല്ലാത്ത ആ പെണ്ണിനെ കീഴ്പ്പെടുത്താൻ ആ വീട്ടിലെ ചിലരും പിന്നെ നാട്ടിലെ വേറെ ചിലരും പല വഴികൾ നോക്കി. അപവാദങ്ങളുടെയും ഭീഷണികളുടെയും കരിനിഴൽ വീണ ആ വീട്ടിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് അവൾക്ക് അവിടെനിന്നും ഇറങ്ങേണ്ടി വന്നത്. ഒടുവിൽ അഭയം തേടിവന്നത് ഈ തെരുവിലായിരുന്നു.

അതേസമയം, ആ റെയിൽവേ സ്റ്റേഷിലേക്ക് വർഷങ്ങൾക്ക് ശേഷം മാധവൻ വണ്ടിയിറങ്ങിയിരുന്നു. ട്രെയിൻ നിർത്തി ആളുകൾ ഇറങ്ങിപ്പോയ ആ പ്ലാറ്റ്‌ഫോമിൽ എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ, തളർന്ന കാലുകളുമായി അവൻ ലക്ഷ്യമില്ലാതെ നിന്നു. ആ സ്റ്റേഷന്റെ തിരക്കുകൾക്കിടയിലൂടെ നടക്കുമ്പോൾ, ആളൊഴിഞ്ഞ ആ പ്ലാറ്റ്‌ഫോമിന്റെ ഒരു കോണിൽ തളർന്നിരിക്കുന്ന ആ രൂപത്തിലേക്ക് അവന്റെ കണ്ണുകൾ എത്തിച്ചേർന്നു. ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ ആ പെണ്ണിലേക്ക് അവൻ വിറയ്ക്കുന്ന കാലുകളോടെ പതുക്കെ അടുത്തു…
​അവൾ ഇരുന്ന ബെഞ്ചിനടുത്തേക്ക് അവൻ എത്തിയതും, ആ വിളി അവളുടെ കാതുകളിൽ വീണത്.
​”ദേവികാ…”

ആ വിളി കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞുനോക്കി. അനേകം വർഷങ്ങളുടെ ഇരുണ്ട തടവറയിൽ പെട്ടുപോയതുപോലെ, പൊടിപിടിച്ച വേഷവും തളർന്ന ശരീരവുമായി മുന്നിൽ നിൽക്കുന്ന മാധവൻ! തന്റെ കഴുത്തിൽ താലി കെട്ടിയ പ്രിയപ്പെവൻ…..
​മാധവന് പറയാൻ വാക്കുകളുണ്ടായിരുന്നില്ല. ആ അന്യനാട്ടിൽ ഒരു വ്യാജ കേസിൽപ്പെട്ട്, പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, കൂരിരുട്ടിൽ താൻ അനുഭവിച്ച നരകയാതനകൾ അവൻ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. പക്ഷേ, അതിനേക്കാൾ ഭയങ്കരമായിരുന്നു ആ പ്രവാസഭൂമിയിൽ വെച്ച് അവൻ അനുഭവിച്ച മാനസിക വേദനകൾ.
​അവൻ വിറയലോടെ ഓടിയെത്തി അവളുടെ കൈകളിൽ പിടിച്ചു; കണ്ണീരോടെ തന്റെ കുറ്റബോധം ഏറ്റുപറഞ്ഞു.

ദേവിക… നീ എന്നെ വെറുക്കരുത്. മരുഭൂമിയിലെ തടവറയിൽ കിടക്കുമ്പോഴും എന്റെ കാതുകളിൽ വന്നു വീണത് നിന്നെക്കുറിച്ചുള്ള കൊടും നുണകളും അപവാദങ്ങളുമായിരുന്നു! നാട്ടിൽ നിന്ന് എന്റെ സ്വന്തം ആളുകൾ വിളിച്ചുപറഞ്ഞു, നീ വഴിതെറ്റിപ്പോയെന്ന്, നമ്മളെഴുതിയ സ്നേഹത്തിന്റെ മതിലുകൾ തകർന്നുവീണെന്ന്… ഒരു വാക്കു കേട്ട എനിക്കും നിന്നോട് വെറുപ്പു ഏറെ പ്രയാസവും തോന്നി നാട്ടിൽ വരാൻ കഴിയാതെ ഞാൻ അവിടെ കിടന്ന് നീറുകയായിരുന്നു… പക്ഷേ, ഇന്ന് നിന്നെ നേരിൽ കാണുമ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്… ആ നിർഭാഗ്യവാനായ ഭർത്താവിന്റെ അഭാവത്തിൽ നിന്നെ അവർ വേട്ടയാടുകയായിരുന്നു എന്ന്!”
​മാധവൻ പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ കൈകളിൽ മുഖം അമർത്തി.
​”എന്നോട് ക്ഷമിക്കൂ ദേവിക… ഞാൻ കാരണം നീ അനുഭവിച്ച യാതനയ്ക്ക് കണക്കില്ല… നമുക്ക് വീണ്ടും പഴയതുപോലെ ജീവിക്കാം
പക്ഷേ, ദേവിക തന്റെ കൈകൾ അതിവേഗം വലിച്ചൂരി. അവളുടെ മുഖത്ത് ദേഷ്യത്തേക്കാൾ ഭയമാണ് നിഴലിച്ചത്.

“വേണ്ട മാധവേട്ടാ… ഇനി എന്നെ തൊടരുത്!”
അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.
​”നിങ്ങൾ അവിടെ കിടന്ന് കേട്ട അപവാദങ്ങൾ സത്യമാണെന്ന് വിശ്വസിച്ച് എന്നെ തള്ളിപ്പറയാൻ തോന്നിയിട്ടുണ്ടാവുമല്ലേ?
മാധവേട്ടൻ ജയിലിൽ കിടന്ന ആ നാളുകളിൽ… നമ്മുടെ സ്വന്തം ബന്ധുക്കൾ തന്നെയാണ് എന്നെ വേട്ടയാടിയത്. നാട്ടിലെ പലരും എന്നെ കീഴടക്കാൻ നോക്കി. ഒടുവിൽ വിശപ്പടക്കാൻ പോലും വഴിയറിയാതെ, ഈ തെരുവിന്റെ ചവിട്ടുപടിയാകാൻ വിധിക്കപ്പെട്ടവളാണ് ഞാൻ. അന്നെന്നെ പട്ടിണിക്കിട്ട് കൊല്ലാൻ വിടാതെ വിലയ്ക്ക് വാങ്ങിയത് ഈ നഗരത്തിലെ ഒരു വലിയ പണക്കാരനാണ്… ഈ കാണുന്ന ആഡംബര വസ്ത്രങ്ങളും പണവുമെല്ലാം അവന്റെ വകയാണ്.”
മാധവൻ തകർന്നുപോയി. അവന്റെ അധരങ്ങൾ ചലിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
​അപ്പോഴേക്കും ആ റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിലേക്ക് ഒരു കറുത്ത വലിയ കാർ വന്നു നിന്നു. അതിൽ നിന്ന് ആഡംബര വേഷം ധരിച്ച ഒരു മാന്യൻ പുറത്തേക്ക് ഇറങ്ങിവന്നു.
​ദേവികയുടെ ചുണ്ടിൽ ഒരു കയ്പേറിയ പുഞ്ചിരി വിരിഞ്ഞു.

“കണ്ടില്ലേ… അദ്ദേഹം വന്നു. എന്നെ കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹം വന്നു കഴിഞ്ഞു! മാധവേട്ടാ… നിങ്ങൾ വൈകിപ്പോയി, ഒരുപാട് വൈകിപ്പോയി. എന്റെ ശരീരം വിറ്റു കിട്ടിയ ഈ സമ്പത്തുമായി ജീവിക്കാൻ വിധിക്കപ്പെട്ട ഒരു അഴുക്കാണ് ഞാൻ. നമ്മൾ ഇവിടെ വെച്ചു കണ്ടു എന്ന് അദ്ദേഹം അറിഞ്ഞാൽ പോലും എന്റെ ജീവൻ ബാക്കിയുണ്ടാവില്ല…”
ഒരു നിമിഷം പോലും പാഴാക്കാതെ അവൾ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു. മാധവന്റെ വിറയ്ക്കുന്ന മുഖത്തേക്ക് അവസാനമായി ഒരു നോക്ക് നോക്കി അവൾ ആ കാറിന് അടുത്തേക്ക് നടന്നുപോയി. ആ മനുഷ്യൻ തുറന്നുകൊടുത്ത കാറിന്റെ വാതിലിലൂടെ അവൾ അകത്തേക്ക് കയറി.
​മാധവൻ ആ റെയിൽവേ സ്റ്റേഷനിൽ സ്തംഭിച്ചു നിന്നു. അതിനിടയിലൂടെ കൂവിവിളിച്ചുകൊണ്ട് ഒരു തീവണ്ടി ആ പ്ലാറ്റ്‌ഫോം കടന്നുപോയപ്പോൾ, അവനുചുറ്റും ലോകം മുഴുവൻ എന്നെന്നേക്കുമായി ശൂന്യമായിക്കഴിഞ്ഞിരുന്നു!

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *