രചന : സതീശൻ നായർ ✍️
അവൾ വരുന്നു സാവിത്രിയേച്ചീ..
ആര്..?
ശ്യാമ..!
ങേ നേരാണോ..?
മറുപടിയിൽ സന്തോഷത്തിൻറെ അലയടികൾ..
സാവിത്രിയോട് വിളിച്ചു വച്ചയുടനെ ശ്രീജ ബാക്കിയുള്ള ബന്ധുക്കളേയും വിളിച്ചു കാര്യം പറയാനുള്ള തിരക്കിലായതിനാൽ സാവിത്രിയുടെ പ്രതികരണം അധികം വിസ്തരിച്ചു കേൾക്കാൻ നിന്നില്ല..
ശ്യാമ കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഒരു വെക്കേഷനു വേണ്ടി നാട്ടിലെത്തുന്നത്..
വർഷങ്ങൾക്കു ശേഷം ഓണത്തിനു വീട്ടിൽ എല്ലാവരോടൊപ്പവും കൂടുന്നു എന്ന വിശേഷവുമുണ്ട്..
ശ്യാമ രാവിലെ എയർപോർട്ടിൽ നിന്നും ടാക്സിയിൽ കൊച്ചിയിൽ ശ്രീജയുടെ വീട്ടിലേക്കാണ് എത്തിയത്..
വിശദമായ പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾ മേശമേൽ നിരത്തിയിരുന്നു..
ശ്യാമയുടെ കൂടെ വന്ന കുട്ടികൾ കഴിക്കാനിരുന്നപ്പോൾ അവൾ നേരെ അടുക്കളയിലേക്കു കയറി..
ശ്രീജേ പഴംകഞ്ഞിയുണ്ടോടീ..
അതു കഴിക്കാൻ കൊതിയാകുന്നു..
എത്ര വർഷമായി ആ രുചിപോലും മറന്നിട്ട്..?
ഹഹ ദേ ഇന്നലത്തെ ചോറ് വെള്ളമൊഴിച്ച് ഫ്രിഡ്ജിലുണ്ട്..
അതിലൊഴിക്കാൻ തെെരുണ്ട്..
മറ്റു കറികളൊന്നുമില്ല.
മതി നീയതെടുത്തേ..
ശ്യാമ അത് ഒരു പച്ചമുളകും ചേർത്ത് ആർത്തിയോടെ കഴിച്ചു..
ശ്യാമേടത്തി എത്ര ദിവസം നാട്ടിലുണ്ടാകും..?
ആകെ പതിനഞ്ച് ദിവസം മാത്രം.. അതിനുള്ളിൽ വിസ്മൃതിയിൽ ചികഞ്ഞു കണ്ടു മടങ്ങാൻ ഒത്തിരി ഇടങ്ങളുണ്ട്..
ഈ പതിനഞ്ച് ദിവസം കൊണ്ട് എത്ര സ്ഥലത്ത് പോകാനാകും..
അടുത്ത ദിവസം രാവിലെ നാട്ടിലേക്ക് യാത്ര തിരിച്ചു..
ഇടക്ക് കായലുകളും വിതയ്ക്കാത്ത പാടശേഖരങ്ങളും കണ്ണിലൊരു തിളക്കത്തോടെയവൾ നോക്കി കാണുകയായിരുന്നു..
കാഴ്ചകൾ ശ്യാമയെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി എന്നത് അവളുടെ ദീർഘമായ നിശ്വാസത്തിൽ നിന്ന് ഉൾക്കൊളളാനാകുന്നു..
ഉച്ചയോടെ നാട്ടിലെത്തി..
തറവാടിൻറെ മുറ്റത്ത് എന്തോ ആലോചിച്ചു നിന്നു..
പറമ്പിലാകമാനം ഒന്ന് നോക്കി..
ചിന്തകളെ വീണ്ടും കണ്ണിൻ കോണുകളിൽ മിഴിനീരാക്കി നിർത്തി..
ങാ മോളേ യാത്രയൊക്കെ സുഖമായിരുന്നോ..?
അതേ അച്ഛാ..
അച്ഛാ..അമ്മ..?
ങും അവിടെ തെക്കു വശത്ത് ആ മാവു നില്കുന്നതിനടുത്താണ് അവിടെ തറകെട്ടീട്ടുണ്ട്..
കുറച്ചു വർഷങ്ങൾക്കു മുൻപ് അമ്മ മരിക്കുമ്പോഴും വരാനായില്ല..
കുഴിമാടത്തിനരികെ ചെന്നു നിന്നു,. മൗനമായി കുറേ ഏറെ നേരം നിന്നു..
മനസ്സിൽ കുറേ കരഞ്ഞു,.
മാപ്പു പറഞ്ഞു,..
മൗനമായി യാത്ര പറഞ്ഞു..
ഇനി ചിലപ്പോൾ..?
വിഭവ സമൃദ്ധമായ ആഹാരം കഴിച്ചിരിക്കുമ്പോഴും ശ്യാമ ദുഖിതയായിരുന്നു..
വർഷങ്ങൾ കൊണ്ട് ഒരുപാടു നന്മകൾ നഷ്ടമായിരിക്കുന്നു..
പറമ്പിലേയും പരിസരത്തെയും ഓരോ പൊരുളും ഈ നഷ്ടബോധത്തിന് ആക്കം കൂട്ടി..
പിന്നെ യാത്രകളായിരുന്നു..
അച്ഛൻറേയും അമ്മയുടേയും അടുത്തുള്ള ബന്ധുക്കളുടേയും അടുത്തുള്ളവരുടേയും വീടുകളെല്ലാം സന്ദർശിച്ചു..
എല്ലാവരുടേയും പരാതി ഒന്നു തന്നെ..
നിന്നെ കണ്ടിട്ട് എത്ര വർഷമായി മോളേ..
പല വീടുകളിലും നഷ്ടമായ തമ്മിൽ കണ്ടിട്ടുള്ള ജീവനുകളെയോർത്ത് അവരോടൊപ്പം കണ്ണീർ തൂകി..
പ്രായമുളള പലരും കവിളിൽ അമർത്തി ചുംബിക്കുമ്പോൾ അവരോടൊപ്പം അവളും വിതുമ്പി..
എങ്ങനെ വളർത്തിയ മോളാ ഞങ്ങൾക്ക് നീയ്ഇനി നിന്നെ കാണാനൊക്കുമോ ഒരിക്കലെങ്കിലും..?
മനസ്സിൽ പറഞ്ഞു..
ഇല്ല മുത്തശ്ശീ ഇനി ഒരിക്കലും ഒരു കാണലുണ്ടാവില്ല.
ങാ മരിക്കും മുമ്പ് നിന്നെ കാണാൻ പറ്റിയല്ലോ..?
കുട്ടിക്കാലത്ത് തൊഴുതു വലം വച്ച ദേവാലയങ്ങൾ വീണ്ടും അവളുടെ കാലടിയേറ്റു..
മനസ്സു നിറയെ തൊഴുതു നിന്നു.
കുട്ടികൾ നിർബന്ധിച്ചപ്പോൾ പിന്നെ നാടു ചുറ്റി കാണിക്കാതിരിക്കാനായില്ല..
ഓരോ സ്ഥലങ്ങളും അവളെ വേദനയുള്ള സുഖകരമായ ഒരു നോസ്റ്റാൾജിക് ഫീലിലേക്ക് കൊണ്ടു പോയി..
തീരുകയാണ് അവധി ദിനങ്ങൾ..
നാളെ തിരിച്ചു യാത്രയാകണം..
ശ്രീജയോടു മാത്രം പറഞ്ഞു..
ഇത് ശ്യാമയുടെ അവസാന യാത്രയാണെന്ന്..
അവിടത്തെ ജോലി,
കൂട്ടത്തിൽ സ്വന്തമായി തുടങ്ങിയ ബിസിനസ് പിന്നെ കുട്ടികളുടെ ഹയർ സ്റ്റഡീസ് അവരുടെ ഭാവി ..
ഇതൊന്നും നാട്ടിലേക്ക് ഇനി വരാൻ സാഹചര്യമില്ലാത്ത സ്ഥിതി..
അവളും മൗനത്തിലേക്കു വീണു..
കേട്ടത് അവൾക്കും സങ്കടപ്പെടുത്തുന്ന കാര്യമായിരുന്നല്ലോ..?
ഉറക്കം വരാതെ തലയിണയിൽ മുഖമമർത്തിക്കിടക്കുമ്പോൾ വീട്ടിനുള്ളിൽ എവിടെ നിന്നൊക്കെയോ അമ്മയുടെ സ്നേഹം നിറഞ്ഞ ശാസനകൾ മുഴങ്ങുന്നപോലെ തോന്നി..
അവൾ തലയണ രണ്ട് ചെവികളിലുമമർത്തി ആ ശാസനകൾ കേൾക്കാതിരിക്കാൻ…
എന്നിട്ടും..
ആ ശബ്ദം മനസ്സിലേക്ക് ഒരു ഇടി പൊട്ടുന്ന വേവലാതി സൃഷ്ടിച്ചു കൊണ്ടിരുന്നു..!!

