നീയറിയണം,
എന്നിലൂടെ ഒരിക്കൽ
ഒരു പുഴ നിറഞ്ഞൊഴുകിയിരുന്നു.
കണ്ടൽക്കാടുകൾ നമിക്കുന്ന
ഒരു പുഴ.
നീയറിയണം,
എന്നിലൂടെ ഒന്നിലേറെ
തോടുകൾ നിറഞ്ഞൊഴുകിയിരുന്നു.
കൈതക്കാടുകൾ നെക്ലേസുകൾ
ചാർത്തിയ തോടുകൾ.
നീയറിയണം,
എന്നിലൂടെ പാദസരങ്ങൾ
കിലുക്കി ഒന്നിലേറെ
അരുവികൾ ഒഴുകിയിരുന്നു.
സൗമ്യശാന്തമായ തടാകങ്ങൾ
നീലവാനക്കണ്ണാടികളായി
മലർന്ന് കിടന്നിരുന്നു.
നീയറിയണം,
എന്നിൽ ഹരിത നിബിഡതകൾ
അലങ്കാരങ്ങളായിരുന്നു,
ഒരിക്കൽ പച്ചച്ചപാടങ്ങളുടെ
അപാരത സൂര്യനെ
ചുംബിച്ച് കിടന്നിരുന്നു.
നീയറിയണം,
എന്‍റെ മാനത്തൂടെ
ഒരുനൂറ് പക്ഷികൾ
സംഗീതം പൊഴിച്ച്
പാറിപ്പറന്നിരുന്നു.
പാടവക്കുകളിൽ ധ്യാനബുദ്ധന്മാരായി
അസംഖ്യം കൊറ്റികൾ
തപസ്സുചെയ്തിരുന്നു.
ഒളിയിടങ്ങളിലിരുന്ന് ചീവീടുകൾ
ഗാനാലാപനം നടത്തിയിരുന്നു.
നീയറിയണം,
എന്നിൽ ചെങ്കുത്തായ
കുന്നുകൾ മാനത്തെ
ചുംബിച്ച് തലയുയർത്തി
നിന്നിരുന്നു.
എന്‍റെ അടിവാരങ്ങൾ
ഹരിതശോഭയണിഞ്ഞ്
പരന്നു കിടന്നിരുന്നു.
നീയറിയണം
കുന്നുകളുടെ ചെരിവുകളിൽ
വർണ്ണ വൈവിദ്ധൃങ്ങളുടെ
പൂക്കൾ കൺതുറന്ന് നിന്നിരുന്നു.
പഴുത്ത കായ്കനികൾ
മാടി വിളിച്ചിരുന്നു.
നീയറിയണം,
ഞാനന്നൊരു നാട്ടിമ്പുറമായിരുന്നു.
നിന്‍റെ ഒരു കാലത്തെ
നാട്ടിമ്പുറം പോലെ.
നീയറിയണം
ഒരു നാൾ കാതടപ്പിക്കുന്ന
ഒരു ശബ്ദം നിന്നെ
സ്വപ്‌നത്തിൽ നിന്നുണർത്തും.
ദിഗന്തങ്ങൾ മുഴങ്ങുന്ന ശബ്ദം
നിന്നെ ഓർമ്മിപ്പിക്കും,
ഇവിടെ ഒരു ഗ്രാമമായിരുന്നു.
ഇനിയൊരിക്കലും തിരിച്ചുവരാത്ത
മനോഹരമായ ഒരു നാട്ടിമ്പുറം
ഒരു അമ്പലവും,
ഒരു പള്ളിയും,
ഒരു മസ്ജിദും മാത്രം
നിലനിന്നിരുന്ന നാട്ടിമ്പുറം.
അമ്പലമണികളും,
വാങ്ക് വിളികളും,
കുർബ്ബാനകളുമായി ഒരു നാട്ടിമ്പുറം.

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *