രചന : സഫു വയനാട് ✍️
പയ്നെട്ടിന്റെ പാതിക്കൽ
വച്ചാർന്നു പൊട്ടത്തരം
പാടി നടന്ന പാത്തൂ ന്റെ
പെട്ടന്നുള്ള പെണ്ണ് കാണലും കല്യാണമുറപ്പീരും
പഠിപ്പ് നിർത്തി പെരവിട്ടിറങ്ങാത്ത
പാത്തൂനെ വിത്തിനു വച്ചതെന്ന്
കൂട്ടുകാർ കളിപറഞ്ഞു നടന്നിട്ടും
അതൊന്നും പെണ്ണിനെ
തെല്ലും ഉലച്ചില്ലാ
അത്തറു മണമുള്ള
ഖത്തറുകാരൻ പുയ്യാപ്ല
ചെത്തി മിനുങ്ങി മുന്നിൽ
വന്ന് നിന്നപ്പോ ഒറ്റ നോട്ടത്തിൽ
പാത്തുവങ് മതിമറന്ന്
നിന്നുവെന്നതാ നേര്
ഓന്റെ ആദ്യ സമ്മാനായ
ഐഫോണിൽ കൊഞ്ചിയും
കുഴഞ്ഞും മഞ്ഞ കല്ല്യാണോം
ചോപ്പ് കല്ല്യാണോം ഫിക്സ് ചെയ്തും
ഓളങ്ങനെ കാറ്റത്തഴിച്ചിട്ടപട്ടം
പോൽ പാറി നടന്നു
മോന്തിയായാ ഉമ്മാന്റെ
കോന്തലമ്മൽ തൂങ്ങിയാടിയോൾ
തുപ്പ്യേം തൂറിയേം പറഞ്ഞും കേട്ടും
പാതിരയായാലും പേടിയില്ലാതെ
ഓന്റൊപ്പം പാറി നടക്കല് പതിവായി.
കല്യാണത്തിന് മുന്നെയെല്ലാം
പറഞ്ഞു തീർന്നോണ്ട് കല്ല്യാണം
കഴിഞ്ഞന്ന്തൊട്ട്, പുതുമ തീർന്ന
പെണ്ണും ചെക്കനും പറയാൻ
ഒന്നൂല്ല്യാണ്ടെ മുഖം തിരഞ്ഞിരിപ്പായി
പരസ്പരം പറഞ്ഞുവച്ച
പലതും പൊള്ളെന്ന് തിരിഞ്ഞപ്പോ
പകുത്തു മാറ്റാനും പദ്ധതിയായി.
മൂക്കാത്ത മാങ്ങാ
തല്ലിപ്പഴുപ്പിച്ചാ
കാക്കയ്ക്ക് പോലും
മാണ്ടാണ്ടാവൂന്ന
പഴഞ്ചൊല്ലിലും
പതിരില്ലാണ്ടായി •
